ഗുലാം നബി ആസാദിനും രക്ഷയില്ല; ജമ്മുകശ്മീരില്‍ പ്രവേശിപ്പിക്കാതെ വീണ്ടും തിരിച്ചയച്ചു
ജനാധിപത്യത്തിന് ഭൂഷണമായ കാര്യമല്ല ഇതെന്നും മുഖ്യധാര രാഷ്ട്രീയ കക്ഷികളെ സന്ദര്‍ശിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പിന്നെ ആരെയാണ് കടത്തി വിടുകയെന്നും അദ്ദേഹം ചോദിച്ചു. മൂന്നു മുഖ്യമന്ത്രിമാരെ തടങ്കലിലാക്കിയിരിക്കുകയാണ്. ഒരു മുന്‍ മുഖ്യമന്ത്രിയെ സംസ്ഥാനത്തേക്ക് പ്രവേശിക്കാനും അനുവദിക്കുന്നില്ല. ഇത് അസഹിഷ്ണുതയാണെന്നും ഗുലാം നബി ആസാദ് തുറന്നടിച്ചു.
ജമ്മു: ജന്മനാട്ടിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ കോണ്‍ഗ്രസ് രാജ്യസഭാ കക്ഷി നേതാവ് ഗുലാം നബി ആസാദിനെ ജമ്മു വിമാനത്താവളത്തില്‍വച്ച് ഡല്‍ഹിയിലേക്ക് തിരിച്ചയച്ചു. ഈ മാസം എട്ടിനും സമാന തരത്തില്‍ ശ്രീനഗര്‍ വിമാനത്താവളത്തില്‍വച്ച് ഗുലാം നബി ആസാദിനെ അധികൃതര്‍ തിരിച്ചയച്ചിരുന്നു.
ജനാധിപത്യത്തിന് ഭൂഷണമായ കാര്യമല്ല ഇതെന്നും മുഖ്യധാര രാഷ്ട്രീയ കക്ഷികളെ സന്ദര്‍ശിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പിന്നെ ആരെയാണ് കടത്തി വിടുകയെന്നും അദ്ദേഹം ചോദിച്ചു. മൂന്നു മുഖ്യമന്ത്രിമാരെ തടങ്കലിലാക്കിയിരിക്കുകയാണ്. ഒരു മുന്‍ മുഖ്യമന്ത്രിയെ സംസ്ഥാനത്തേക്ക് പ്രവേശിക്കാനും അനുവദിക്കുന്നില്ല. ഇത് അസഹിഷ്ണുതയാണെന്നും ഗുലാം നബി ആസാദ് തുറന്നടിച്ചു.
രണ്ട് മണിക്കൂറോളം വിമാനത്താവളത്തില്‍ തടഞ്ഞുവച്ചതിനു ശേഷമാണ് ഗുലാം നബി ആസാദിനെ തിരിച്ചയച്ചതെന്ന് കശ്മീര്‍ കോണ്‍ഗ്രസ് വക്താവ് രവീന്ദര്‍ ശര്‍മ്മ പറഞ്ഞു. മുതിര്‍ന്ന നേതാക്കളായ മദന്‍ ലാല്‍ ശര്‍മ്മ, താരാ ചന്ദ്, ജുഗല്‍ കിഷോര്‍ എന്നിവര്‍ക്കൊപ്പം ഗുലാം നബി ആസാദിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പോയെങ്കിലും അകത്ത് കയറാന്‍ അനുവദിച്ചില്ലെന്ന് രവീന്ദര്‍ ശര്‍മ്മ പറഞ്ഞു.കശ്മീര്‍ കോണ്‍ഗ്രസ് നേതാക്കളായ ഗുലാം അഹ്മദ് മിറും രമണ്‍ ഭല്ലയും നിലവില്‍ വീട്ടു തടങ്കലിലാണ്.
കൂടാതെ, പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്ത്തി, നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഷാ ഫൈസല്‍ തുടങ്ങി നിരവധി നേതാക്കള്‍ സംസ്ഥാനത്ത് തടങ്കലിലാണ്.