ഗാന്ധിജിക്കു നേരെ തോക്ക് ചൂണ്ടി സ്വാതന്ത്ര്യദിന പോസ്റ്റര്‍; ജനം ടിവിക്കെതിരേ കലാപാഹ്വാനത്തിന് പരാതി നല്‍കി കെഎസ് യു

Update: 2024-08-15 05:55 GMT

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിലെ ആശംസാ പോസ്റ്ററില്‍ സ്വാതന്ത്ര്യസമര സേനാനികളെയും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെയും അപമാനിക്കുന്ന വിധത്തില്‍ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ജനം ടിവിക്കെതിരേ കെ എസ് യു പരാതി നല്‍കി. കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആദേഷ് സുധര്‍മനാണ് സംസ്ഥാന പോലിസ് മേധാവിക്ക് പരാതി നല്‍കിയത്. ഗാന്ധി ചിത്രത്തിന് നേരെ തോക്ക് ചൂണ്ടുന്ന തരത്തിലെ ചിത്രങ്ങള്‍ ഉപയോഗിച്ച് സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമം നടത്തിയെന്നും കലാപാഹ്വാനക്കുറ്റം ഉള്‍പ്പെടെ ചുമത്തി നടപടിയെടുക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്.

    സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്ദേശം പ്രചരിപ്പിക്കുകയാണ് ജനം ടിവി എന്ന ചാനല്‍ ചെയ്തത്. ചാനലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആദ്യം പങ്കുവച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രത്തില്‍ രാഷ്ട്രപിതാവിനെ അപമാനിക്കുന്ന തരത്തില്‍, അദ്ദേഹത്തിന് നേരെ തോക്ക് ചൂണ്ടുന്ന ചിത്രമാണ് പങ്കുവച്ചിരുന്നത്. മഹാത്മാഗാന്ധിജിക്കെതിരേ വെടിയുതിര്‍ക്കുന്ന തരത്തിലുള്ള ചിത്രം പങ്കുവച്ചത് വിവാദമായതോടെ ആ പോസ്റ്റ് പിന്‍വലിക്കുകയും മറ്റൊരു പോസ്റ്റ് ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുകയും ചെയ്തു. രാജ്യത്തിന്റെ രാഷ്ട്രപിതാവിനെ അടക്കം അപമാനിച്ച, മുഴുവന്‍ സ്വാതന്ത്ര്യസമര സേനാനികളുടെയും ധീരസ്മരണകളെ അപമാനിച്ച, പൊതു സമൂഹത്തിനുള്ളില്‍ സ്പര്‍ദ്ദയുണ്ടാക്കി കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ജനം ടിവി ചാനലിന്റെ ശ്രമങ്ങള്‍ക്കെതിരേ അടിയന്തര നടപടി കൈക്കൊള്ളണം. രാജ്യത്തെയും രാജ്യത്തിന്റെ സ്വാതന്ത്ര്യസമരസേനാനികളെയും രാഷ്ട്രപിതാവിനെയും അപമാനിച്ചവര്‍ക്കെതിരേ കലാപാഹ്വാന കുറ്റം അടക്കം ചുമത്തി കേസെടുക്കണമെന്നുമാണ് പരാതിയിലുള്ളത്.

Tags:    

Similar News