ഇന്ത്യയുടെ പേര് മാറ്റുന്നു...?; ഭാരത് എന്നാക്കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ബില്ല് കൊണ്ടുവന്നേക്കും

Update: 2023-09-05 09:09 GMT

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് മാറ്റി ഭാരത് എന്ന് ഔദ്യോഗികമാക്കി പുനര്‍നാമകരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപോര്‍ട്ട്. സപ്തംബര്‍ 18 മുതല്‍ 22 വരെ നടക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ഇതുസംബന്ധിച്ച നിര്‍ദേശം കൊണ്ടുവന്നേക്കുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സമ്മേളനത്തിന്റെ അജണ്ട ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും ഇത്തരം ബില്ലുകള്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. പ്രത്യേക സമ്മേളനത്തില്‍ ഏകസിവില്‍ കോഡ്, 'ഒറ്റ രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്' തുടങ്ങി ബില്ലുകളും കൊണ്ടുവന്നേക്കുമെന്ന് നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് രാജ്യത്തിന്റെ പേര് തന്നെ മാറ്റാന്‍ തയ്യാറെടുക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇതിനുവേണ്ടി ഭരണഘടനയില്‍ ചില ഭേദഗതി കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ നിര്‍ദേശം നല്‍കുമെന്നാണ് സൂചന. നേരത്തേ രാഷ്ട്രപതി ഭവനില്‍ നിന്ന് ജി 20 പ്രതിനിധികള്‍ക്കുള്ള ഔദ്യോഗിക ക്ഷണക്കത്തില്‍ 'ഇന്ത്യന്‍ പ്രസിഡന്റ്' എന്നതിന് പകരം 'ഭാരതത്തിന്റെ പ്രസിഡന്റ്' എന്ന് എഴുതിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. സാധാരണയായി കൊടുക്കാറുള്ള 'പ്രസിഡന്റ് ഓഫ് ഇന്ത്യ' എന്നതിന് പകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്നാണ് സപ്തംബര്‍ 9ന് ജി 20 നേതാക്കള്‍ക്ക് നല്‍കുന്ന അത്താഴത്തിന് രാഷ്ട്രപതി ഭവനിലെ ക്ഷണക്കത്തില്‍ നല്‍കിയിരുന്നത്. പേരുമാറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നു സൂചിപ്പിച്ചാണ് ജയറാം രമേശ് ട്വീറ്റ് ചെയ്തത്. ''മിസ്റ്റര്‍ മോദി, ചരിത്രത്തെ വളച്ചൊടിച്ച് ഇന്ത്യയെ, അതായത് ഭാരതത്തെ, അതായത് സംസ്ഥാനങ്ങളുടെ ഒരു യൂനിയനെ വിഭജിക്കുന്നത് തുടരാം. എന്നാല്‍ ഞങ്ങള്‍ പിന്തിരിയില്ല. എല്ലാറ്റിനുമുപരി, 'ഇന്‍ഡ്യ' പാര്‍ട്ടികളുടെ ലക്ഷ്യം എന്താണ്? ഇത് ഭാരതമാണ്. ഐക്യവും സൗഹാര്‍ദ്ദവും അനുരഞ്ജനവും വിശ്വാസവും നിലനിര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    കാലങ്ങളായി ആര്‍എസ്എസ് ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആവശ്യമാണ് ഇന്ത്യയുടെ പേരുമാറ്റി ഭാരത് എന്നാക്കണമെന്ന്. മാത്രമല്ല, ആര് അംഗീകരിച്ചാലും ഇല്ലെങ്കിലും ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്ന് കഴിഞ്ഞ ദിവസം ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് പറയുകയും ചെയ്തിരുന്നു. പ്രതിപക്ഷ വിശാല സഖ്യത്തിന് ഇന്‍ഡ്യ എന്ന പേര് നല്‍കിയതിനെ വിമര്‍ശിച്ച മോഹന്‍ ഭഗവത്, 'ഇന്ത്യ' എന്നതിന് പകരം 'ഭാരത്' എന്ന പദം ഉപയോഗിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. രാജ്യം നൂറ്റാണ്ടുകളായി ഭാരതെന്നാണ് അറിയപ്പെടുന്നതെന്നായിരുന്നു ഭഗവതിന്റെ അവകാശവാദം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. മാത്രമല്ല, രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ വിദേശ യാത്രകള്‍ക്ക് ഉപയോഗിക്കുന്ന പ്രത്യേക വിമാനത്തില്‍ ഇന്ത്യ എന്ന വാക്കിന് പകരം 'ഭാരത്' എന്ന് ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബിജെപി രാജ്യസഭാ എംപി നരേഷ് ബന്‍സാല്‍ 'ഇന്ത്യ' എന്ന പേര് ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്ത് ഭാരത് എന്നാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനുവേണ്ടി ഭരണഘടന ഭേദഗതി ചെയ്യണമെന്ന് ബിജെപി എംപി ഹര്‍നാഥ് സിങ് യാദവും ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News