2023ഓടെ ലോക ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് ഐക്യരാഷ്ട്രസഭ

ഈ വര്‍ഷം നവംബര്‍ 15ഓടെ ലോക ജനസംഖ്യ 800 കോടിയിലെത്തുമെന്നും ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ റിപോര്‍ട്ടില്‍ പറയുന്നു

Update: 2022-07-11 06:55 GMT

യുഎന്‍:2023ല്‍ ചൈനയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് ഐക്യരാഷ്ട്ര സഭ.ഈ വര്‍ഷം നവംബര്‍ 15ഓടെ ലോക ജനസംഖ്യ 800 കോടിയിലെത്തുമെന്നും ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ റിപോര്‍ട്ടില്‍ പറയുന്നു. ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചാണ് യുഎന്‍ റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

1950ന് ശേഷം ഇങ്ങോട്ട് ജനസംഖ്യാ വര്‍ധന അതിന് മുമ്പത്തെ അപേക്ഷിച്ച് കുറഞ്ഞനിരക്കിലാണ് കാണുന്നതെന്ന് യുഎന്‍ സാമ്പത്തിക സാമൂഹിക ക്ഷേമ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ലോക ജനസംഖ്യ ഇപ്പോള്‍ വര്‍ധിക്കുന്നത് ഒരു ശതമാനത്തിനു താഴെ മാത്രമാണ്. 1950നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2030ല്‍ ലോകത്തെ ആകെ ജനങ്ങളുടെ എണ്ണം 850 കോടിയില്‍ എത്തും. 2050ല്‍ ഇത് 970 കോടി ആവുമെന്നും റിപോര്‍ട്ട് വിലയിരുത്തുന്നു. 2080ല്‍ ജനസംഖ്യ ആയിരം കോടി കടക്കും. 2100 വരെ വലിയ വര്‍ധന പ്രതീക്ഷിക്കുന്നില്ലെന്നും യുഎന്‍ കണക്കുകൂട്ടുന്നു.

അതേസമയം പല വികസ്വര രാജ്യങ്ങളിലും ജനനനിരക്കില്‍ കാര്യമായ കുറവുണ്ട്.അടുത്ത ദശാബ്ദങ്ങളില്‍ ലോക ജനസംഖ്യാ വര്‍ധനവിന്റെ പകുതിയില്‍ കൂടുതലും മുഖ്യമായി എട്ടുരാജ്യങ്ങളിലായിരിക്കുമെന്നാണ് അനുമാനം. കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ എന്നീ രാജ്യങ്ങളിലാണ് വരുംനാളുകളില്‍ ജനസംഖ്യയില്‍ കാര്യമായ വര്‍ധന പ്രതീക്ഷിക്കുന്നത്.

റിപോര്‍ട്ട് അനുസരിച്ച്, 2022 ല്‍ ഇന്ത്യയുടെ ജനസംഖ്യ 1.412 ബില്യണ്‍ (100.41 കോടി). ചൈനയുടേത് 1.426 ബില്ല്യണ്‍ (100.42 കോടി). 2023ഓടെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായി ഇന്ത്യ മാറും. 2050ല്‍ ഇന്ത്യയിലെ ജനസംഖ്യ 1.668 ബില്യണ്‍ ആയി ഉയരുമെന്നും റിപോര്‍ട്ടില്‍ പറയുന്നു. കിഴക്കന്‍ ഏഷ്യയും തെക്കു കിഴക്കന്‍ ഏഷ്യയുമാണ് 2022ല്‍ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള മേഖലകള്‍. ആഗോള ജനസംഖ്യയുടെ 29 ശതമാനവും ഈ മേഖലകളിലാണ്. മധ്യ, തെക്കന്‍ ഏഷ്യയില്‍ ലോക ജനസംഖ്യയുടെ 26 ശതമാനവും കഴിയുന്നു.

മാതൃശിശു മരണനിരക്ക് ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചതായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. അതേസമയം, ഭൂമിയെ പരിപാലിക്കാനുള്ള നമ്മുടെ ഉത്തരവാദിത്തത്തിന്റെ ഓര്‍മ്മപ്പെടുത്തലാണിതെന്നും അദ്ദേഹം പറഞ്ഞു.ആഗോള ആയുര്‍ദൈര്‍ഘ്യം 2019ല്‍ 72.8 വയസ്സിലെത്തി. 1990 മുതല്‍ ഏകദേശം 9 വര്‍ഷത്തെ പുരോഗതിയാണ് ആയുര്‍ദൈര്‍ഘ്യത്തിലുണ്ടായിരിക്കുന്നത്.2050ല്‍ ഏകദേശം 77.2 വര്‍ഷത്തെ ശരാശരി ആഗോള ആയുര്‍ദൈര്‍ഘ്യമുണ്ടാകുമെന്നാണ് പ്രതീക്ഷ. 2021ല്‍ വികസിത രാജ്യങ്ങളുടെ ആയുര്‍ദൈര്‍ഘ്യം ആഗോള ശരാശരിയേക്കാള്‍ 7 വര്‍ഷം പിന്നിലാണെന്നും ഗുട്ടെറസ് പറഞ്ഞു.

Tags:    

Similar News