ആശങ്ക ഒഴിയുന്നില്ല; രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികള്‍ രണ്ട് ലക്ഷത്തിലേക്ക്, 4,868 ഒമിക്രോണ്‍ കേസുകള്‍

Update: 2022-01-12 05:20 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ആശങ്ക ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരുന്നു. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടുലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,94,720 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ കൊവിഡ് കണക്കുകളേക്കാള്‍ 15.8 ശതമാനം കൂടുതലാണ് ഇന്നത്തേത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.5 ശതമാനമാണ്. രാജ്യത്തെ ശരാശരി മരണസംഖ്യയില്‍ 70 ശതമാനം വര്‍ധനവും രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 442 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 4,84,655 ആയി ഉയര്‍ന്നു. കഴിഞ്ഞ ഏഴുമാസത്തിനിടെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണ് ഇന്ന് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ നിലവില്‍ 9,55,319 ആയി ഉയര്‍ന്നിട്ടുണ്ട്. അര്‍ധസൈനിക വിഭാഗങ്ങളിലെ 4,500 അംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 481 റസിഡന്റ് ഡോക്ടര്‍മാര്‍ക്കും രോഗം ബാധിച്ചു. രാജ്യത്ത് ഇതുവരെ 4,868 ഒമിക്രോണ്‍ കേസുകളും രാജ്യത്ത് റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,281 കേസുകളുമായി മഹാരാഷ്ട്രയും 645 കേസുകളുള്ള രാജസ്ഥാനുമാണ് ഒമിക്രോണ്‍ വ്യാപനത്തില്‍ മുന്നിലുള്ളത്. ഇന്ത്യയില്‍ ഇതുവരെ 153 കോടിയിലധികം വാക്‌സിന്‍ ഡോസുകളാണ് നല്‍കിയിട്ടുള്ളത്.

29 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 120 ജില്ലകളിലെങ്കിലും കൊവിഡിന്റെ മൂന്നാം തരംഗത്തില്‍ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 10 ശതമാനം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. മുന്‍നിര മെഡിക്കല്‍ തൊഴിലാളികള്‍ക്കും 60 വയസ്സിനു മുകളിലുള്ളവര്‍ക്കും മറ്റ് രോഗങ്ങളുള്ളവര്‍ക്കും ഇന്ത്യ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നു. ഇതൊക്കെയാണെങ്കിലും ഒമിക്രോണ്‍ വകഭേദം 'തടയാനാവില്ല', ഒടുവില്‍ എല്ലാവരെയും ഇത് ബാധിക്കുമെന്ന് ഉന്നത സര്‍ക്കാര്‍ വിദഗ്ധന്‍ എന്‍ഡിടിവിയോട് പറഞ്ഞു.

ബൂസ്റ്റര്‍ വാക്‌സിന്‍ ഡോസുകള്‍ വൈറസിന്റെ ദ്രുതഗതിയിലുള്ള വ്യാപനം തടയില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപ്പിഡെമിയോളജി സയന്റിഫിക് അഡൈ്വസറി കമ്മിറ്റി ചെയര്‍പേഴ്‌സനും എപ്പിഡെമിയോളജിസ്റ്റുമായ ഡോ. ജയപ്രകാശ് മുളിയിലും പറഞ്ഞു. ഡല്‍ഹിയിലും മഹാരാഷ്ട്രയിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. ഡല്‍ഹിയില്‍ കഴിഞ്ഞയാഴ്ച വാരാന്ത്യ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. അതിവേഗം പടരുന്ന ഒമിക്രോണ്‍ വകഭേദത്തെ നിയന്ത്രിക്കാനായി സ്വകാര്യ ഓഫിസുകളും റെസ്‌റ്റോറന്റുകളും ബാറുകളും അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.

Tags:    

Similar News