ഹജ്ജിന് ഇന്ത്യയില്‍നിന്ന് തീര്‍ത്ഥാടകരെ അയക്കില്ല; പണം തിരിച്ചു നല്‍കും-കേന്ദ്ര സര്‍ക്കാര്‍
കൊറോണ വ്യാപന ഭീതി നീങ്ങാത്ത സാഹചര്യത്തില്‍ ഈ വര്‍ഷം തീര്‍ത്ഥാടകരെ അയക്കരുതെന്ന് സൗദി ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഹജ്ജിന് ഇന്ത്യയില്‍നിന്ന് തീര്‍ഥാടകരെ അയക്കില്ലെന്നു കേന്ദ്രസര്‍ക്കാര്‍. കൊറോണ വ്യാപന ഭീതി നീങ്ങാത്ത സാഹചര്യത്തില്‍ ഈ വര്‍ഷം തീര്‍ത്ഥാടകരെ അയക്കരുതെന്ന് സൗദി ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. 2.3 ലക്ഷം പേരാണ് ഹജ്ജിന് വേണ്ടി അപേക്ഷിച്ചിരുന്നത്. ഇവര്‍ പണം അടയ്ക്കുകയും ചെയ്തു. എല്ലാവര്‍ക്കും പണം തിരികെ നല്‍കും. യാതൊരു ഫീസും ഈടാക്കാതെ മുഴുവന്‍ തുകയും ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറാനാണ് തീരുമാനമെന്നും കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി വ്യക്തമാക്കി.
പരമാവധി 10,000 തീര്‍ഥാടകരെ മാത്രം അനുവദിച്ചാകും ഈ വര്‍ഷത്തെ ഹജ്ജ് എന്ന് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്. സൗദിക്ക് പുറത്തുള്ളവര്‍ക്ക് അനുമതിയുണ്ടാകില്ല. വളരെ കുറച്ചുപേരെ മാത്രം പങ്കെടുപ്പിച്ച് കര്‍മങ്ങള്‍ നിര്‍വഹിക്കുമെന്നും സൗദി അറേബ്യ അറിയിച്ചു. സാധാരണ 20 ലക്ഷത്തിലധികം പേരാണ് ഓരോ വര്‍ഷവും ഹജ്ജ് കര്‍മത്തിന് സൗദിയില്‍ എത്താറ്. കൂടാതെ സൗദിയിലുള്ളവരും ചേരും. ഇതോടെ മഹാജനസഞ്ചയമാണ് പങ്കെടുക്കാറ്. എന്നാല്‍ കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സൗദി കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഹജ്ജ് പൂര്‍ണമായും ഒഴിവാക്കുമെന്ന സൂചനകള്‍ നേരത്തെയുണ്ടായിരുന്നു. പൂര്‍ണമായും ഒഴിവാക്കില്ലെന്ന് സൗദി പിന്നീട് വ്യക്തമാക്കി. സൗദി അറേബ്യന്‍ ഭരണകൂടത്തിന് ഓരോ വര്‍ഷവും ഹജ്ജ് വഴി 600 കോടി ഡോളറാണ് വരുമാനം ലഭിക്കാറ്. ആധുനിക സൗദി രൂപീകരിച്ച 90 വര്‍ഷത്തിനിടെ ഇതുവരെ ഹജ്ജ് തീര്‍ഥാടനം മുടങ്ങിയിട്ടില്ല. മെര്‍സ്, ഇബോള അടക്കമുള്ള മഹാമാരി വ്യാപിച്ച ഘട്ടത്തിലും കടുത്ത നിയന്ത്രണങ്ങളോടെ സൗദി ഹജ്ജ് തീര്‍ഥാടനം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തവ ആഗോള തലത്തില്‍ ഭീതി സൃഷ്ടിച്ചാണ് കൊറോണ രോഗം പടരുന്നത്. ഉംറ തീര്‍ഥാടനം സൗദി നേരത്തെ നിര്‍ത്തിവച്ചിരുന്നു.