രാജ്യത്ത് ആശങ്ക പടര്‍ത്തി ഗ്രീന്‍ ഫംഗസും; വൈറസ് ബാധ കണ്ടെത്തിയത് കൊവിഡ് മുക്തനായ ഇന്‍ഡോര്‍ സ്വദേശിക്ക്

രണ്ടുമാസങ്ങള്‍ക്ക് മുമ്പാണ് രോഗിയെ കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരുമാസത്തോളം ഇയാള്‍ ഐസിയുവില്‍ ചികില്‍സയിലായിരുന്നു.

Update: 2021-06-16 05:44 GMT

ന്യൂഡല്‍ഹി: കൊവിഡിനും ബ്ലാക്ക് ഫംഗസിനും പിന്നാലെ രാജ്യത്തെ ആശങ്കയിലാക്കി ഗ്രീന്‍ ഫംഗസും. കൊവിഡ് രോഗത്തില്‍നിന്ന് മുക്തനായ ഇന്‍ഡോര്‍ സ്വദേശിക്കാണ് ആദ്യമായി ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചത്. രോഗം ഭേദമായശേഷം നടത്തിയ പരിശോധനയില്‍ ഇയാളില്‍ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചിരുന്നു. മധ്യപ്രദേശില്‍ ചികില്‍സയിലായിരുന്ന 34കാരനായ ഇയാളെ വിദഗ്ധപരിശോധനയ്ക്കായി എയര്‍ ആംബുലന്‍സില്‍ മുംബൈയിലേക്ക് മാറ്റിയതായി മുതിര്‍ന്ന ഡോക്ടര്‍ അറിയിച്ചു.

കൊവിഡ് മുക്തനായതിന് പിന്നാലെ ബ്ലാക്ക് ഫംഗസ് സംശയിച്ച് നടത്തിയ വിശദപരിശോധനയിലാണ് ഗ്രീന്‍ ഫംഗസ് ബാധ കണ്ടെത്തിയതെന്ന് അരബിന്ദോ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ നെഞ്ച് രോഗ വിഭാഗം മേധാവി ഡോ.രവി ദോസി പറഞ്ഞു. രണ്ടുമാസങ്ങള്‍ക്ക് മുമ്പാണ് രോഗിയെ കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരുമാസത്തോളം ഇയാള്‍ ഐസിയുവില്‍ ചികില്‍സയിലായിരുന്നു.

കൊവിഡ് മുക്തനായെങ്കിലും കടുത്ത പനി തുടരുകയും മൂക്കിലൂടെ രക്തം വരികയും ചെയ്തിരുന്നു. കൂടാതെ, ഭാരം കുറഞ്ഞത് മൂലം രോഗി അതീവക്ഷീണതനുമായിരുന്നു. ഇയാളില്‍ രക്തം, ശ്വാസകോശം, സൈനസുകള്‍ എന്നിവയിലാണ് ഗ്രീന്‍ ഫംഗസ് ബാധ കണ്ടെത്തിയത്. കൊവിഡ് മുക്തരായ ആളുകളില്‍ ഗ്രീന്‍ ഫംഗസ് വൈറസിന്റെ സ്വഭാവം മറ്റ് രോഗികളില്‍നിന്ന് വ്യത്യസ്തമാണോ എന്നതിനെക്കുറിച്ച് കൂടുതല്‍ ഗവേഷണം ആവശ്യമാണെന്ന് ഡോ.ദോസി പറഞ്ഞു.

Tags:    

Similar News