ഇന്‍ഡോറില്‍ പോലിസിലെ അഴിമതി പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍

Update: 2022-05-12 15:40 GMT
ഇന്‍ഡോറില്‍ പോലിസിലെ അഴിമതി പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ മാധ്യമപ്രവര്‍ത്തകന്‍ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 40 വയസ്സുകാരനായ ഗണേശ് തിവാരിയാണ് ബുധനാഴ്ച രാത്രി ലസുദിയ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ വീട്ടില്‍ തൂങ്ങിമരിച്ചത്.

രാത്രി വൈകി തിവാരിയുടെ ഭാര്യ ഫോണില്‍ അദ്ദേഹത്തെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. ഭാര്യ അയല്‍വീട്ടുകാരെ വിളിച്ച് കാര്യം തിരക്കാന്‍ ആവശ്യപ്പെട്ടു. അവരാണ് തിവാരി മരിച്ചുകിടക്കുന്നത് കണ്ടത്.

പോലിസ് എത്തിയാണ് വാതില്‍ തള്ളിത്തുറന്ന് മൃതദേഹം പുറത്തെടുത്തത്. മോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടക്കുന്നുണ്ട്.

തിവാരി തൂങ്ങിമരിച്ചെന്നാണ് പോലിസ് കരുതുന്നത്. എന്നാല്‍ ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടില്ല. പോലിസ് എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് ലോക്കല്‍ പോലിസിലെ സന്തോഷ് ദോധി പറഞ്ഞു.

വിവിധ ചാനലുകളില്‍ റിപോര്‍ട്ടര്‍ ആയി ജോലി ചെയ്ത തിവാരി ലസുദിയ പോലിസുമായി ബന്ധപ്പെട്ട അഴിമതിവാര്‍ത്തകള്‍ കഴിഞ്ഞ ആഴ്ച പുറത്തുകൊണ്ടുവന്നിരുന്നു.

തിവാരിയുടെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

വഴിയോരത്ത് ഭക്ഷണശാല നടത്തുന്ന ഒരാളുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയെത്തുടര്‍ന്ന് തിവാരിക്കെതിരേ പോലിസ് കേസെടുത്തിരുന്നു. വ്യക്തിപരമായ വൈരാഗ്യത്തില്‍ കള്ളക്കേസ് കുടുക്കിയെന്നാണ് തിവാരി പറഞ്ഞത്.  

Tags:    

Similar News