ഇസ്രായേല്‍: നെതന്യാഹു സര്‍ക്കാര്‍ നിലംപതിച്ചു; രണ്ടു വര്‍ഷത്തിനിടെ രാജ്യം നാലാം തിരഞ്ഞെടുപ്പിലേക്ക്

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ 2020-21ലെ ബജറ്റ് പാസാക്കണമെന്ന് സഖ്യകക്ഷിയായ ഇസ്രായേല്‍ റെസിലിയന്‍സ് പാര്‍ട്ടി നേതാവും പ്രതിരോധ മന്ത്രിയുമായ ബെന്നി ഗാന്റസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബജറ്റ് ഇപ്പോള്‍ വേണ്ടെന്ന നിലപാടാണ് നെതന്യാഹു സ്വീകരിച്ചത്. ഇതാണ് സര്‍ക്കാറിനെ തകര്‍ച്ചയിലേക്ക് നയിച്ചത്.

Update: 2020-12-24 07:50 GMT

തെല്‍അവീവ്: ഇസ്രായേലിലെ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ നിലംപൊത്തി. അഭിപ്രായ ഭിന്നതയെതുടര്‍ന്ന് ബജറ്റ് പാസാക്കുന്നതില്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ നിലംപതിച്ചത്. രണ്ടു വര്‍ഷത്തിനിടെ രാജ്യത്തെ നാലാമത്തെ തിരഞ്ഞെടുപ്പിലേക്ക് തള്ളിവിട്ടുകൊണ്ടുള്ള അഭൂതപൂര്‍വ്വമായ രാഷ്ട്രീയ പ്രതിസന്ധിയാണ് ഇതോടെ രാജ്യത്ത് സംജാതമായിരിക്കുന്നത്.

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ 2020-21ലെ ബജറ്റ് പാസാക്കണമെന്ന് സഖ്യകക്ഷിയായ ഇസ്രായേല്‍ റെസിലിയന്‍സ് പാര്‍ട്ടി നേതാവും പ്രതിരോധ മന്ത്രിയുമായ ബെന്നി ഗാന്റസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബജറ്റ് ഇപ്പോള്‍ വേണ്ടെന്ന നിലപാടാണ് നെതന്യാഹു സ്വീകരിച്ചത്. ഇതാണ് സര്‍ക്കാറിനെ തകര്‍ച്ചയിലേക്ക് നയിച്ചത്.

നെതന്യാഹുവിന്റെയും അദ്ദേഹത്തിന്റെ മുന്‍ തിരഞ്ഞെടുപ്പ് എതിരാളിയായ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്‌സിന്റെയും നേതൃത്വത്തിലുള്ള സഖ്യം പരസ്പര വൈരാഗ്യവും അവിശ്വാസവും മൂലം തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. രണ്ടു വര്‍ഷത്തിനകം നാലാമത്തെ തെരഞ്ഞെടുപ്പിലേക്കാണ് ഭരണപ്രതിസന്ധി രാജ്യത്തെ തള്ളിവിട്ടിരിക്കുന്നത്. അടുത്ത മാര്‍ച്ച് മാസം 23ന് തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന.

നെതന്യാഹുവിന്റെ വലതുപക്ഷ ലികുഡിന്റെയും ഗാന്റ്‌സിന്റെ സെന്‍ട്രിസ്റ്റ് ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിയുടെയും നേതൃത്വത്തിലുള്ള സഖ്യത്തിന് 2020-21 ലെ ബജറ്റ് പാസാക്കാന്‍ കഴിഞ്ഞദിവസം അര്‍ദ്ധരാത്രി വരെ സമയമുണ്ടായിരുന്നു. എന്നാല്‍, ബജറ്റ് പാസാക്കുന്നതിലെ പരാജയം പാര്‍ലമെന്റ് പിരിച്ചുവിടുന്നതിന് നിയമപരമായി പ്രേരിപ്പിക്കുന്നുവെന്ന് നെസെറ്റ് വക്താവ് ഉറി മൈക്കല്‍ എഎഫ്പിയോട് പറഞ്ഞു.

താന്‍ ഒരിക്കലും നെതന്യാഹുവിനെ വിശ്വസിക്കുന്നില്ലെന്നും എന്നാല്‍, കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ നാലാമത്തെ തിരഞ്ഞെടുപ്പിലേക്ക് തള്ളിവിടുന്നത് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഗാന്റ്‌സ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നെതന്യാഹുവും സഖ്യകക്ഷിയായ ബ്ലൂ ആന്റ് വൈറ്റ് നേതാവ് ബെന്നി ഗാന്റ്‌സും പരസ്പരം ആരോപണങ്ങളുന്നയിച്ചതോടെയാണ് ഏഴുമാസം മാത്രം ആയുസ്സുണ്ടായിരുന്ന ഭരണകൂടം താഴെ ഇറങ്ങിയത്.

2019 ഏപ്രില്‍, സെപ്റ്റംബര്‍, 2020 മാര്‍ച്ച് മാസങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് പ്രധാനമന്ത്രി നെതന്യാഹു തന്റെ രാഷ്ട്രീയ എതിരാളി ബെന്നി ഗാന്റ്‌സുമായി ചേര്‍ന്ന് സഖ്യസര്‍ക്കാറിന് രൂപം നല്‍കുകയായിരുന്നു.

ആദ്യത്തെ ഒന്നര വര്‍ഷം നെതന്യാഹുവും തുടര്‍ന്നുള്ള ഒന്നര വര്‍ഷം ബെന്നി ഗാന്റ്‌സും പ്രധാനമന്ത്രി പദം വഹിക്കാനായിരുന്നു കരാര്‍. ഇത് പ്രകാരം 2021 നവംബറില്‍ ബെന്നി ഗാന്റ്‌സ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരാനിരിക്കെയാണ് സഖ്യ സര്‍ക്കാര്‍ തകര്‍ന്നത്. അഴിമതി കേസുകളില്‍ വിചാരണ നേരിടുന്ന പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ രാജ്യത്ത് വന്‍ പ്രക്ഷോഭമാണ് നടന്നുവരുന്നത്.

Tags:    

Similar News