മുഖ്താര്‍ അബ്ബാസ് നഖ് വിയെ വെട്ടി; ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി
രണ്ടാം മോദി മന്ത്രിസഭയിലെ ഏക മുസ് ലിം മന്ത്രിയായിരുന്ന മുഖ്താര്‍ അബ്ബാസ് നഖ് വി കഴിഞ്ഞ ദിവസം രാജിവച്ചത് അദ്ദേഹത്തെ ഉപരാഷ്ട്രപതിയാക്കാനാണെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, മുഖ്താര്‍ അബ്ബാസ് നഖ് വിയെ ബിജെപി പരിഗണിച്ചില്ല.
ന്യൂഡല്‍ഹി: എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിനെ പ്രഖ്യാപിച്ചു. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. മുതിര്‍ന്ന ബിജെപി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ് വിയെ വെട്ടിയാണ് ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കൊമ്പുകോര്‍ത്ത ജഗ്ദീപ് ധന്‍ഖറിനെ തദ്സ്ഥാനത്തേക്കു നിര്‍ദേശിച്ചത്.
രണ്ടാം മോദി മന്ത്രിസഭയിലെ ഏക മുസ് ലിം മന്ത്രിയായിരുന്ന മുഖ്താര്‍ അബ്ബാസ് നഖ് വി കഴിഞ്ഞ ദിവസം രാജിവച്ചത് അദ്ദേഹത്തെ ഉപരാഷ്ട്രപതിയാക്കാനാണെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, മുഖ്താര്‍ അബ്ബാസ് നഖ് വിയെ ബിജെപി പരിഗണിച്ചില്ല. നേരത്തേ ആദിവാസി വിഭാഗത്തില്‍പെട്ട ബിജെപി നേതാവ് ദ്രൗപദി മുര്‍മുവിനെയാണ് എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിംഗ് എന്നിവരുള്‍പ്പെടെയുള്ളവര്‍ ശനിയാഴ്ച ബിജെപി ആസ്ഥാനത്ത് യോഗം ചേര്‍ന്ന് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ജഗ്ദീപ് ധന്‍ഖറിനെ തീരുമാനിച്ചിരുന്നു. 1989ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജുന്‍ജുനുവില്‍ നിന്നാണ് ജഗ്ദീപ് ധന്‍ഖര്‍ ആദ്യമായി എംപിയായത്. തുടര്‍ന്ന് 1990ല്‍ പാര്‍ലമെന്ററി കാര്യ സഹമന്ത്രിയായി. 1993ല്‍ അജ്മീര്‍ ജില്ലയിലെ കിഷന്‍ഗഡ് മണ്ഡലത്തില്‍ നിന്ന് രാജസ്ഥാന്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2019 ജൂലൈയിലാണ് പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിതനായത്. ഇതിനുശേഷം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമാതാ ബാനര്‍ജിയുമായി കൊമ്പുകോര്‍ത്തത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 19 ആണ്. തിരഞ്ഞെടുപ്പ് ആഗസ്ത് ആറിനാണ്. 2017ല്‍ ബിഹാര്‍ ഗവര്‍ണര്‍ രാം നാഥ് കോവിന്ദിനെ രാഷ്ട്രപതി മത്സരത്തിനായി തിരഞ്ഞെടുത്തതിന് ശേഷം മുന്‍ ബിജെപി മേധാവിയും മുതിര്‍ന്ന പാര്‍ലമെന്റേറിയനുമായ എം വെങ്കയ്യ നായിഡുവിനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിച്ചിരുന്നു. കോവിന്ദും നായിഡുവും സുഗമമായി വിജയിച്ചിരുന്നു. നായിഡുവിന്റെ കാലാവധി ആഗസ്ത് 10ന് അവസാനിക്കും. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയുമാണ്.