ന്യൂഡല്‍ഹി: ഇന്ത്യയുടെ 14ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍. 528 വോട്ടുകളുടെ വലിയ വിജയമാണ് ധന്‍കര്‍ നേടിയിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 372 വോട്ട് വേണമെങ്കില്‍ വോട്ടെടുപ്പിന് മുന്‍പ് തന്നെ 527 വോട്ട് ധന്‍കര്‍ ഉറപ്പിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ മാര്‍ഗരറ്റ് ആല്‍വയ്ക്ക് 182 വോട്ട് മാത്രമാണ് നേടാനായത്. 15 വോട്ടുകള്‍ അസാധുവായി. 200 വോട്ടുകള്‍ ഉറപ്പിച്ചിരുന്ന പ്രതിപക്ഷത്തിന് എന്നാല്‍ അതുപോലും നേടാനായില്ല.
780 എംപിമാരില്‍ 725 പേരാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായി വോട്ട് ചെയ്തു. അസുഖബാധിതര്‍ ആയതിനാല്‍ രണ്ട് ബിജെപി എംപിമാര്‍ വോട്ട് ചെയ്തില്ല. സണ്ണി ഡിയോള്‍, സഞ്ജയ് ദോത്രെ എന്നിവരാണ് വോട്ട് ചെയ്യാതിരുന്ന ബിജെപി എംപിമാര്‍. 36 എംപിമാരുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ രണ്ട് എംപിമാര്‍മാത്രമാണ് വോട്ട് ചെയ്തത്. 34 എംപിമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. വിമത എംപിമാരായ ശിശിര്‍ അധികാരി, ദിബേന്ദു അധികാരി എന്നിവരാണ് വോട്ട് ചെയ്തത്.
അടുത്ത വ്യാഴാഴ്ചയാണ് ഉപരാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ നടക്കുക. അഭിഭാഷകന്‍, ജനപ്രതിനിധി തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചയാളാണ് ജഗ്ദീപ് ധന്‍കര്‍. രാജസ്ഥാനിലെ കിത്താന സ്വദേശിയാണ് ജഗദീപ് ധന്‍കര്‍. ഫിസിക്‌സില്‍ ബിരുദം നേടിയ ശേഷം ധന്‍കര്‍ രാജസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍ബി പൂര്‍ത്തിയാക്കി. രാജസ്ഥാന്‍ ഹൈക്കോടതിയിലും, സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രവര്‍ത്തിച്ചു. 1987 ല്‍ രാജസ്ഥാന്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.
2019ല്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി ചുമതലയേറ്റു. പിന്നാലെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായുള്ള ഏറ്റുമുട്ടലിന്റെ പേരില്‍ ജഗ്ദീപ് ധന്‍കര്‍ വാര്‍ത്തകളില്‍ ഇടം നേടി. അടുത്തിടെ സര്‍വ്വകലാശാല ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ധന്‍കറെ മാറ്റിക്കൊണ്ട് മമത സര്‍ക്കാര്‍ നിയമം പാസാക്കി.