ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ സത്യപ്രതിജ്ഞ ചെയ്തു

Update: 2022-08-11 08:28 GMT

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 14ാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉള്‍പ്പടെയുള്ള കേന്ദ്രമന്ത്രിമാരും സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങിന് സാക്ഷികളായി. ഉപരാഷ്ട്രപതി എന്ന നിലയില്‍ രാജ്യസഭയുടെ ചെയര്‍മാന്‍ സ്ഥാനവും ജഗ്ദീപ് ധന്‍കര്‍ വഹിക്കും.

പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണറും ബിജെപി നേതാവുമാണ് രാജസ്ഥാന്‍ സ്വദേശിയായ ധന്‍കര്‍. എന്‍ഡിഎ സ്ഥാനാര്‍ഥിയായി മല്‍സരിച്ച ധന്‍കര്‍ 528 വോട്ട് നേടിയാണ് ഉപരാഷ്ട്രപതി പദവിയിലെത്തിയത്. രാജസ്ഥാനിലെ ജാട്ട് സമുദായത്തില്‍ ജനിച്ച ജഗ്ദീപ് ധന്‍കര്‍ അഭിഭാഷകനായാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. ഇന്ത്യയുടെ മുന്‍ ഉപപ്രധാനമന്ത്രി ചൗധരി ദേവിലാലുമായി അടുത്ത ബന്ധമുണ്ടായിരുന്ന ധന്‍കര്‍, പി വി നരസിംഹറാവു പ്രധാനമന്ത്രിയായപ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എന്നാല്‍, രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ അശോക് ഗെലോട്ട് നേതൃസ്ഥാനത്ത് എത്തിയതോടെ ബിജെപിയിലേക്ക് മാറി. 2019 ജൂലൈയില്‍ ബംഗാള്‍ ഗവര്‍ണറായി.

Tags:    

Similar News