കൂറുമാറില്ല; മണിപ്പൂരിലും സ്ഥാനാര്‍ഥികളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് കോണ്‍ഗ്രസ്
ഗുവാഹത്തി: ഗോവയ്ക്ക് പിന്നാലെ മണിപ്പൂരിലും സ്ഥാനാര്‍ഥികളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പിനുശേഷം കൂറുമാറ്റം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് വിവിധ ആരാധനാലയങ്ങളിലെത്തിച്ച് സ്ഥാനാര്‍ഥികളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ചത്. ഇംഫാലിലെ കംഗ്ല കോട്ടയിലെത്തിയ സ്ഥാനാര്‍ഥികള്‍ തുടര്‍ന്ന് ക്ഷേത്രം, പള്ളി, മുസ്‌ലിം പള്ളി എന്നിവിടങ്ങളിലെത്തി സത്യപ്രതിജ്ഞ ചെയ്തത്.
മണിപ്പൂരിലെ 54 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും വോട്ടെടുപ്പ് ഫലം പുറത്തുവന്നശേഷം പാര്‍ട്ടി വിടില്ലെന്നാണ് സംയുക്തമായി പ്രതിജ്ഞയെടുത്തത്. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഒക്രം ഇബോബി സിങ്, പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ ചുമതലയുള്ള ഭക്ത ചരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കിയത്. ഫെബ്രുവരി 27 നും മാര്‍ച്ച് 3 നും നടക്കാനിരിക്കുന്ന മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യ വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പുതന്നെ കൂറുമാറ്റ ഭയം കോണ്‍ഗ്രസ് പാര്‍ട്ടിയെ വേട്ടയാടുകയാണ്.