വയനാടും ഇടുക്കിയും കീറാമുട്ടി; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വൈകിയേക്കും

വൈകുന്നേരത്തോടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും ഗ്രൂപ്പ് തര്‍ക്കത്തില്‍ ഉടക്കി നില്‍ക്കുകയാണ് പട്ടിക. താല്‍പര്യമുള്ള സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി എ, ഐ ഗ്രൂപ്പുകള്‍ സമ്മര്‍ദ്ദം തുടരുകയാണ്.

Update: 2019-03-16 09:55 GMT

ന്യൂഡല്‍ഹി: വയനാട്, ഇടുക്കി മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ലോക്‌സഭാ സ്ഥാനാര്‍ഥി പട്ടിക. വൈകുന്നേരത്തോടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും ഗ്രൂപ്പ് തര്‍ക്കത്തില്‍ ഉടക്കി നില്‍ക്കുകയാണ് പട്ടിക. താല്‍പര്യമുള്ള സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി എ, ഐ ഗ്രൂപ്പുകള്‍ സമ്മര്‍ദ്ദം തുടരുകയാണ്.

പ്രാഥമിക ചര്‍ച്ചകളില്‍ പങ്കെടുത്ത് കഴിഞ്ഞ ദിവസം തന്നെ ഉമ്മന്‍ചാണ്ടി ആന്ധ്രക്ക് മടങ്ങിരുന്നു. എന്നാല്‍, ഉമ്മന്‍ചാണ്ടി മല്‍സര രംഗത്ത് ഉണ്ടാവണമെന്ന് മുതിര്‍ന്ന നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെ അദ്ദേഹത്തെ വീണ്ടും ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഉമ്മന്‍ചാണ്ടി എപ്പോള്‍ ഡല്‍ഹിയില്‍ എത്തുമെന്ന കാര്യം വ്യക്തമല്ല. പത്തനംതിട്ട സീറ്റാണ് ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി കണ്ടുവച്ചിരിക്കുന്നതെന്നാണ് വിവരം.

വയനാട് സീറ്റിനെ ചൊല്ലിയാണ് എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ പ്രധാന തര്‍ക്കം. വയനാട് സീറ്റ് കോഴിക്കോട് ഡിസിസി അധ്യക്ഷനായ ടി സിദ്ദീഖിന് വേണമെന്ന് എ വിഭാഗം വാദിക്കുമ്പോള്‍ സിറ്റിങ് സീറ്റ് വിട്ട് കൊടുക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് ഐ ഗ്രൂപ്പ്. കെ പി അബ്ദുള്‍ മജീദിന്റെയും ഷാനിമോള്‍ ഉസ്മാന്റെയും പേരാണ് ഐ ഗ്രൂപ്പ് മുന്നോട്ട് വയ്ക്കുന്നത്. ആലപ്പുഴയില്‍ നിന്ന് മാറി കെ സി വേണുഗോപാല്‍ വയനാട്ടില്‍ മത്സരിക്കാന്‍ എത്തുമോ എന്ന് വ്യക്തതയില്ലാത്തതിനാല്‍ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്റിനാണ്.

ഇടുക്കിയില്‍ ജോസഫ് വാഴക്കനു വേണ്ടി ഐ ഗ്രൂപ്പും ഡീന്‍ കുര്യാക്കോസിനും വേണ്ടിഎ ഗ്രൂപ്പും രംഗത്തുണ്ട്. എറണാകുളത്ത് സിറ്റിങ് എംപി കെ വി തോമസ് മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്റാണെങ്കിലും ഹൈബി ഈഡന്റെ പേര് ഐ ഗ്രൂപ്പ് മുന്നോട്ട് വച്ചിട്ടുണ്ട്.

ഉമ്മന്‍ചാണ്ടി പത്തനംതിട്ടയില്‍ മല്‍സരിക്കാന്‍ തയ്യാറായാല്‍ ആന്റോ ആന്റണിയുടെ കാര്യം ഇതോടെ അനിശ്ചിതത്വത്തിലാകും. തൃശൂരില്‍ ടിഎന്‍ പ്രതാപന്റെ പേരിനാണ് പരിഗണന. ചാലക്കുടിയില്‍ ബെന്നിബെഹ്നാനും കെപി ധനപാലനുമാണ് പട്ടികയില്‍. ഉമ്മന്‍ചാണ്ടി മല്‍സരിക്കാന്‍ തയ്യാറായാല്‍ ബെന്നി ബഹ്നാന്‍ ഗ്രൂപ്പ് സമവാക്യപ്രകാരം പുറത്തായേക്കും.

മുല്ലപ്പള്ളി മത്സരിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതിനാല്‍ വടകരയെ സംബന്ധിച്ചും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. കണ്ണൂരില്‍ കെ സുധാകരനും കാസര്‍കോട് ഐ സുബ്ബറൈയും ആണ് സാധ്യതാ പട്ടികയില്‍ മുന്നിലുള്ളത്. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും സാധ്യതാ സ്ഥാനാര്‍ത്ഥികളാണ്. പാലക്കാട്ട് വി കെ ശ്രീകണ്ഠനും ആറ്റിങ്ങലില്‍ രമ്യ ഹരിദാസും സ്ഥാനാര്‍ത്ഥിയായേക്കും. 

Tags:    

Similar News