വയനാട്ടില്‍ രാഹുലിനെതിരേ കര്‍ഷകരുടെ ലോങ് മാര്‍ച്ച് ഇന്ന്

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന റോഡ് ഷോയ്ക്ക് പിന്നാലെ കര്‍ഷകരെ ഇറക്കിയാണ് പുതിയ നീക്കം.

Update: 2019-04-12 03:45 GMT

മാനന്തവാടി: വയനാട്ടില്‍ ജനവിധി തേടുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രണ്ടും കല്‍പ്പിച്ച് എല്‍എഡിഎഫ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന റോഡ് ഷോയ്ക്ക് പിന്നാലെ കര്‍ഷകരെ ഇറക്കിയാണ് പുതിയ നീക്കം. എല്‍ഡിഎഫ് കര്‍ഷക സംഘടനകളുടെ ലോങ് മാര്‍ച്ച് ഇന്നു നടക്കും. വയനാട്ടിലെ പുല്‍പ്പളളിയില്‍ വിവിധ കര്‍ഷക സംഘടനകള്‍ ഇന്ന് കര്‍ഷക പാര്‍ലമെന്റും കര്‍ഷക മാര്‍ച്ചും നടത്തും. കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്ക് കാരണം കോണ്‍ഗ്രസിന്റെ ഉദാരവല്‍ക്കരണ നയങ്ങളാണെന്നാരോപിച്ചുള്ള പ്രമേയവും ഇന്ന് പാസാക്കും.

കാര്‍ഷിക പ്രതിസന്ധി സംബന്ധിച്ച് കോണ്‍ഗ്രസിനോടുള്ള പത്ത് ചോദ്യങ്ങള്‍ സിപിഎം നേരത്തെ പുറത്തിറക്കിയിരുന്നു. മഹാരാഷ്ട്രയിലെ കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം അശോക് ധാവ്‌ളെ, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി സായ്‌നാഥ് തുടങ്ങിയവര്‍ കര്‍ഷക പാര്‍ലമെന്റില്‍ പങ്കെടുക്കും. കര്‍ഷക മാര്‍ച്ചില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ അണിനിരക്കും.

ഉദാരവല്‍ക്കരണ നയങ്ങളെ തുടര്‍ന്ന് വയനാട്ടില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വീടുകളിലെത്തി രാഹുല്‍ ഗാന്ധി മാപ്പ് പറയുമോ എന്നാണ് കോണ്‍ഗ്രസിനോടുള്ള ഇടതുമുന്നണിയുടെ പ്രധാന ചോദ്യം. എന്നാല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ സിപിഎമ്മിന് രാഹുലിനെ വിമര്‍ശിക്കാന്‍ എന്ത് അവകാശമെന്നാണ് കോണ്‍ഗ്രസിന്റെ മറുചോദ്യം. മൊറട്ടോറിയം പോലുള്ള നടപടികളിലൂടെ കര്‍ഷകരെ കൂടുതല്‍ കടക്കെണിയിലേക്ക് തള്ളിവിടുന്ന ഇടതു സര്‍ക്കാരിന്റെ പൊള്ളത്തരം ജനം തിരിച്ചറിയുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. 

Tags:    

Similar News