ജെഎന്‍യു സമരത്തില്‍ മുട്ടുമടക്കി കേന്ദ്രം, ഫീസ് വര്‍ധന പിന്‍വലിക്കാമെന്ന് ഉറപ്പ്

തന്നെ അക്രമിച്ചതില്‍ ഡല്‍ഹി പോലിസ് ഇതുവരെ കേസ് എടുത്തിട്ടില്ലെന്നും ഇത്തരം കഥകള്‍ പോലിസ് എന്തിനുണ്ടാക്കുന്നുവെന്ന് അറിയില്ലെന്നും വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് പറഞ്ഞു. 'മാനവവിഭവശേഷി മന്ത്രാലത്തിന് മുകളില്‍ ആഭ്യന്തര മന്ത്രാലയം സൂപ്പര്‍ പവര്‍ കളിക്കുകയാണ്. അവര്‍ കൂട്ടിചേര്‍ത്തു.

Update: 2020-01-10 12:59 GMT

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി പ്രക്ഷോബത്തിന് മുന്നില്‍ മുട്ടുമടക്കി കേന്ദ്ര സര്‍ക്കാര്‍. ഫീസ് വര്‍ധവനവ് പിന്‍വലിക്കണമെന്നതടക്കമുള്ള വിദ്യാര്‍ഥികളുടെ ആവശ്യം അംഗീകരിക്കാമെന്ന് കേന്ദ്രം വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുനല്‍കി. ഇതോടെ സര്‍വകലാശാലയില്‍ മൂന്ന് മാസമായി നടത്തിവരുന്ന സമരങ്ങള്‍ക്ക് അവസാനമാകുമെന്നാണ് പ്രതീക്ഷ.

ഫീസ് വര്‍ധന പിന്‍വലിക്കാമെന്ന് ചര്‍ച്ചയില്‍ ഉറപ്പുകിട്ടിയതായി വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് എംഎച്ച്ആര്‍ഡി സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. ഐഷി ഘോഷടക്കം നാല് പേരാണ് എംഎച്ച്ആര്‍ഡി സെക്രട്ടറിയെ കണ്ടത്. വിസിയെ മാറ്റണം എന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്.

എംഎച്ച്ആര്‍ഡിയുടെ സര്‍ക്കുലര്‍ വന്ന ശേഷം സ്റ്റുഡന്റ്‌സ് യൂനിയനുമായി ചര്‍ച്ച ചെയ്ത് സമരം അവസാനിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കും. ഉറപ്പുകള്‍ രേഖാമൂലം കിട്ടിയാല്‍ മാത്രമേ സമരത്തില്‍ നിന്നും പിന്‍മാറൂവെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. വൈസ് ചാന്‍സ്‌ലറില്‍ വിശ്വാസമില്ല. എബിവിപി നേതാവിനെ പോലെയാണ് വൈസ് ചാന്‍സ്‌ലര്‍ പെരുമാറുന്നതെന്നും അവര്‍ പറഞ്ഞു.

ഹോസ്റ്റല്‍ ഫീസ് വര്‍ധനയും സംഘര്‍ഷങ്ങളും മൂലം ക്ലാസുകള്‍ തടസ്സപ്പെട്ട ജെഎന്‍യുവില്‍ തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ പുനഃരാരംഭിക്കുമെന്ന് വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍ പറഞ്ഞു.

അതേസമയം ജെഎന്‍യുവിലെ അക്രമത്തില്‍ ഐഷി ഘോഷ് അടക്കമുള്ളവര്‍ക്കെതിരെ ഡല്‍ഹി പോലിസിന്റെ റിപ്പോര്‍ട്ട്. ജെഎന്‍യു വിഷയത്തില്‍ മൂന്ന് എഫ്‌ഐആര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 9 പേരുകള്‍ പോലിസ് പുറത്തുവിട്ടു. ഐഷി അടക്കമുള്ളവരുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുറത്തുവിട്ട ചിത്രങ്ങളില്‍ രണ്ട് എബിവിപി പ്രവര്‍ത്തകര്‍ മാത്രമാണുള്ളത്. പോലിസ് എബിവിപി പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആരോപണമുണ്ട്.

അക്രമം നടക്കുമ്പോള്‍ നോക്കിനിന്ന പോലിസാണ് തങ്ങളെ പ്രതിചേര്‍ത്തിരിക്കുന്നതെന്ന് ഐഷി ഘോഷ് കുറ്റപ്പെടുത്തി. തന്നെ അക്രമിച്ചതില്‍ ഡല്‍ഹി പോലിസ് ഇതുവരെ കേസ് എടുത്തിട്ടില്ലെന്നും ഇത്തരം കഥകള്‍ പോലിസ് എന്തിനുണ്ടാക്കുന്നുവെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു. 'മാനവവിഭവശേഷി മന്ത്രാലത്തിന് മുകളില്‍ ആഭ്യന്തര മന്ത്രാലയം സൂപ്പര്‍ പവര്‍ കളിക്കുകയാണ്. നിയമത്തില്‍ വിശ്വാസമുണ്ട്', അവര്‍ കൂട്ടിചേര്‍ത്തു. ജെഎന്‍യുവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് മാനവ വിഭവ ശേഷി മന്ത്രാലയ സെക്രട്ടറി അമിത് ഖേരയോട് വിശദീകരിച്ചതായി വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍ പറഞ്ഞു. സെമസ്റ്റര്‍ രജിസ്‌ട്രേഷന്‍ തീയതി നീട്ടുന്ന കാര്യം പരിഗണിക്കാന്‍ തീരുമാനമായി.

അതേസമയം ജെഎന്‍യുവില്‍ വന്‍ സംഘര്‍ഷം നടന്ന ജനുവരി അഞ്ചിലെ സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് അധ്യാപകര്‍ ദില്ലി ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. കലാപത്തിന് വഴിയൊരുക്കിയ വാട്‌സപ്പ് ഗ്രുപ്പുകളിലെ തെളിവുകളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെടും. ജെഎന്‍യു അധികൃതരുടെ ഒത്താശയോടെ തെളിവ് നശിപ്പിക്കാന്‍ ഇടയുണ്ടെന്നാരോപിച്ചാണ് അധ്യാപകരുടെ ഈ നീക്കം.

Tags:    

Similar News