ജെഎന്‍യു: കനയ്യ കുമാറിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചില്ല

10 ദിവസത്തിനകം അനുമതി ലഭ്യമാക്കുമെന്ന് പോലിസ് കോടതിയെ അറിയിച്ചു

Update: 2019-01-19 08:37 GMT


ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ മൂന്നു വര്‍ഷം മുമ്പ് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ഡല്‍ഹി പോലിസ് സമര്‍പ്പിച്ച കുറ്റപത്രം ഡല്‍ഹി പാട്യാല ഹൈക്കോടതി സ്വീകരിച്ചില്ല. നിയമവകുപ്പിന്റെ അനുമതി തേടാതെ കുറ്റപത്രം സമര്‍പ്പിച്ചതിനെ വിമര്‍ശിച്ച കോടതി കുറ്റപത്രം സ്വീകരിക്കാനാവില്ലെന്നു വ്യക്തമാക്കുകയായിരുന്നു. ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യകുമാര്‍, ഉമര്‍ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ തുടങ്ങി 10 പേര്‍ക്കെതിരേയാണ് കഴിഞ്ഞ ദിവസം ഡല്‍ഹി പോലിസ് കുറ്റപത്രം സമര്‍പിച്ചത്. 10 ദിവസത്തിനകം അനുമതി ലഭ്യമാക്കുമെന്ന് പോലിസ് കോടതിയെ അറിയിച്ചു. 2016 ഫെബ്രവുരി ഒമ്പതിന് ജെഎന്‍യു കാംപസില്‍ വിദ്യാര്‍ഥി യൂനിയന്‍ ചെയര്‍മാനായ കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ അഫ്‌സല്‍ ഗുരു അനുസ്മരണത്തിനിടെയാണ് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യംവിളിച്ചെന്നു കാണിച്ച് എബിവിപിയും ബിജെപി എംപി മഹേഷ് ഗിരിയും പരാതി നല്‍കിയത്. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഹാജരാക്കിയിരുന്നു. സംഭവത്തില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

    1200ഓളം പേജുകളുള്ള കുറ്റപത്രത്തില്‍ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, കശ്മീരിലുള്ള മറ്റ് ഏഴ് വിദ്യാര്‍ഥികളായ ആഖിബ് ഹുസയ്ന്‍, മുജീബ് ഹുസയ്ന്‍, മുനീബ് ഹുസയ്ന്‍, ഉമര്‍ ഗുല്‍, റയീസ് റസൂല്‍, ബാഹിര്‍ ഭട്ട, ബഷറത് എന്നിവരുടെ പേരുകളുമുണ്ടായിരുന്നു. അതേസമയം, അന്നത്തെ പരിപാടിയില്‍ നുഴഞ്ഞുകയറിയ എബിവിപി പ്രവര്‍ത്തകരാണ് പാക് അനുകൂല മുദ്രാവാക്യം വിളിച്ചതെന്നു അന്നത്തെ എബിവിപി നേതാക്കള്‍ രണ്ടുദിവസം മുമ്പ് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു.




Tags:    

Similar News