മാധ്യമപ്രവര്‍ത്തകന്‍ സീദ്ദിഖ് കാപ്പനെ യുപി പോലിസ് കലാപശ്രമക്കേസിലും പ്രതിചേര്‍ത്തു
ന്യൂഡല്‍ഹി: ഹാഥ്‌റസില്‍ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ദലിത് യുവതിയുടെ വീട്ടിലേക്ക് വാര്‍ത്താശേഖരണത്തിനായി പോവുന്നതിനിടെ യുപി പോലിസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മറ്റൊരു കേസിലും പ്രതിചേര്‍ത്തു. ഹാഥ്‌റസില്‍ കലാപം നടത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തേ മഥുരയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന് പുറമെയാണ് ചാന്ദ്പ പോലിസ് പുതിയ കേസിലും പ്രതിചേര്‍ത്തത്. സിദ്ദീഖ് കാപ്പനു പുറമെ, ഇദ്ദേഹത്തോടൊപ്പം ഹാഥ്‌റസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റ് ചെയ്ത കാംപസ് ഫ്രണ്ട് നേതാക്കളെയും പ്രതിചേര്‍ത്തിട്ടുണ്ട്. ഇവര്‍ ഹാഥ്‌റസിലേക്കു പോവുന്നതിനു തലേന്ന്, അതായത് ഒക്ടോബര്‍ നാലിനു രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിചേര്‍ത്തതെന്നും റിപോര്‍ട്ടുകളുണ്ട്.
സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കഴിഞ്ഞ അഞ്ചിനാണ് ഹാഥ്‌റസിലെ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയത്. ഡല്‍ഹിയില്‍ നിന്നു വാഹനത്തില്‍ പോവുന്നതിനിടെ ടോള്‍ പ്ലാസ പോലിസ് കസ്റ്റഡിയിലെടുക്കുകയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. യുപി പോലിസിന്റെ അന്യായ നടപടിക്കെതിരേ മാധ്യമ-സാംസ്‌കാരിക-സാമൂഹിക രംഗത്തെ നിരവധി പേര്‍ പ്രതിഷേധവുമായെത്തിയിരുന്നു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയായ സിദ്ദിഖ് കാപ്പനെ കസ്റ്റഡിയിലെടുത്തതിനെതിരേ കെയുഡബ്ല്യുജെ സുപ്രിംകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയിരുന്നു. ഹാഥ്‌റസിലേക്കുള്ള വഴിമധ്യേ സിദ്ദീഖ് കാപ്പന്‍, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ഖജാഞ്ചി അതീഖുര്‍റഹ്‌മാന്‍, ഡല്‍ഹി സംസ്ഥാന സെക്രട്ടറി മസൂദ് ഖാന്‍, ഡ്രൈവര്‍ ആലം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അതിനിടെ, മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് നീതി നല്‍കുക, നിയമങ്ങളുടെ ദുരുപയോഗം തടയുക എന്നാവശ്യപ്പെട്ട് മലപ്പുറം കലക്ടറേറ്റിനു മുന്നില്‍ ഇന്ന് ഓപണ്‍ ഫോറം സംഘടിപ്പിച്ചിട്ടുണ്ട്. ടി എന്‍ പ്രതാപന്‍ എംപി ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് അഡ്വ. വി വി പ്രകാശ്, എന്‍ പി ചെക്കുട്ടി, ഡോ. ആസാദ്, വി ആര്‍ അനൂപ്, ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ സി അശ്‌റഫ്, സ്വാഗതസംഘം കണ്‍വീനറും കെപിസിസി സെക്രട്ടറിയുമായ കെ പി നൗഷാദ് അലി പങ്കെടുക്കും.
Journalist Siddique Kappan also been booked onther case by UP police