മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് മാനുഷിക പരിഗണന നല്‍കണം: സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കെഎംവൈഎഫ്

Update: 2021-04-25 06:56 GMT

തിരുവനന്തപുരം: യുപിയില്‍ ആദിത്യനാഥ് സര്‍ക്കാര്‍ അന്യായമായി തടവറയ്ക്കുള്ളിലാക്കിയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് കെഎംവൈഎഫ്.

സിദ്ദിഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ആരെയും ഞെട്ടിക്കുന്നതും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ വെളിപ്പെടുത്തലുമാണെന്ന് കെഎംവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീന്‍ മന്നാനിയും ജനറല്‍ സെക്രട്ടറി കരാളി ഇ കെ സുലൈമാന്‍ ദാരിമിയും പറഞ്ഞു.

കൊവിഡ് ബാധിതനായ കാപ്പനെ ആശുപത്രി കിടക്കയില്‍ ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുകയാണ്. നിലത്ത് വീണ് പരിക്കേറ്റ അദ്ദേഹത്തിന് ആഹാരം കഴിക്കാനാകുന്നില്ല. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും അധികൃതര്‍ അനുവദിക്കുന്നില്ലെന്നാണ് റെയ്ഹാനത്ത് വെളിപ്പെടുത്തുന്നത്.

ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട തടവുകാരോട് മോദ-ി യോഗി സര്‍ക്കാരുകള്‍ തുടരുന്ന സമീപനം ഇതുതന്നെയെന്നാണ് പല തടവുകാരുടെയും വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത്. സിദ്ദിഖ് കാപ്പന് മാനുഷിക പരിഗണന ഉറപ്പ് വരുത്താനും മതിയായ ചികിത്സ ലഭ്യമാക്കാനും സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

2020 ഒക്ടോബര്‍ അഞ്ചിനാണ് ഡല്‍ഹിയില്‍ നിന്ന് വാര്‍ത്താശേഖരണാര്‍ത്ഥം യുപിയിലെ ഹാഥ്‌റസിലേക്കു പോവുന്നതിനിടെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയായ സിദ്ദിഖ് കാപ്പനെ വഴിമധ്യേ പോലിസ് അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകനാണ് സിദ്ദിഖ്. തേജസ്, തല്‍സമയം, അഴിമുഖം ഓണ്‍ലൈന്‍ എന്നിവയ്ക്കു വേണ്ടി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. അഴിമുഖത്തിന്റെ ലേഖകനായിരിക്കെയാണ് ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോവുന്നതിനിടെ അറസ്റ്റിലായത്. ആദ്യം ചെറിയ കേസുകള്‍ ചാര്‍ജ് ചെയ്ത പോലിസ് പിന്നീട് യുഎപിഎ പോലുള്ള കടുത്ത വകുപ്പുകള്‍ ചുമത്തി. അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്ന മറ്റ് മൂന്നുപേരെയും പോലിസ് സമാനമായ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    

Similar News