മാധ്യമപ്രവര്‍ത്തകന്‍ സുബൈര്‍ അറസ്റ്റിലായത് 1983ലെ സിനിമയിലെ രംഗം പോസ്റ്റ് ചെയ്തതിന്; പരാതിക്കാരന്‍ ചെയ്ത ഏക ട്വീറ്റ് സുബൈറിനെതിരേയുള്ള പരാതിയും!

Update: 2022-06-28 05:58 GMT

ന്യൂഡല്‍ഹി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ അറസ്റ്റ് ചെയ്യപ്പെട്ടത് അജ്ഞാതനായ ഒരു ട്വിറ്റര്‍ അക്കൗണ്ട് ഉടമയുടെ പരാതിയില്‍. പരാതിക്കാരന്‍ ചെയ്ത ഏക ട്വീറ്റാകട്ടെ സുബൈറിനെതിരേയുള്ള പരാതിയും. ഹനുമാന്‍ ഭക്ത് എന്ന പേരിലുള്ള ഐഡിയാണ് പരാതിക്കാരന്‍. ഇയാള്‍ക്ക് ആകെയുള്ളത് മൂന്ന് ഫോളോവേഴ്‌സാണ്. 

ലഭ്യമായ വിവരമനുസരിച്ച് ഹനുമാന്‍ ഭക്ത് എന്ന പേരില്‍ @balajikijaiin എന്ന ഐഡിയാണ് സുബൈറിനെതിരേയുള്ള പരാതി ഡല്‍ഹി പോലിസിനെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്തത്. 2018ല്‍ സുബൈര്‍ ചെയ്ത ഒരു പോസ്റ്റ് മതവിദ്വേഷം വമിപ്പിക്കുന്നതെന്ന ആരോപണത്തോടെ ഹനുമാന്‍ ഭക്ത് ഷെയര്‍ ചെയ്തു. 2014ലെ ഹണിമൂണ്‍ ഹോട്ടല്‍ എന്ന സൈന്‍ ബോര്‍ഡ് അതിനുശേഷം ഹനുമാന്‍ ഹോട്ടലെന്ന് മാറ്റി പെയിന്റ് ചെയ്‌തെന്നായിരുന്നു പോസ്റ്റിലെ സൂചന. ഉപയോഗിച്ച ചിത്രം 1983ല്‍ പുറത്തിറങ്ങിയ ഋഷികേശ് മുഖര്‍ജിയുടെ ഹിന്ദി സിനിമ കിസി സെ ന കഹ്നയിലെ ഒരു രംഗവും.

അദ്ദേഹത്തോടൊപ്പം ആള്‍ട്ട് ന്യൂസിലെ പ്രതീക് സിന്‍ഹയും അറസ്റ്റിലായി. സുബൈറിനെ ഒരു ദിവസത്തെ പോലിസ് കസറ്റഡിയില്‍ വിട്ടിരിക്കുകയാണ്.

ഐപിസി 295 എ (മതവിശ്വാസങ്ങളെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ചുകൊണ്ട് മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍), സെക്ഷന്‍ 67 (ഇലക്‌ട്രോണിക് രൂപത്തില്‍ അശ്ലീലമായ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യുക) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഉത്തര്‍പ്രദേശ് പോലിസ് മുഹമ്മദ് സുബൈറിനെ അറസ്റ്റുചെയ്തത്. മറ്റൊരു കേസില്‍ ചോദ്യം ചെയ്യലിനായി മുഹമ്മദ് സുബൈറിനെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയും അറസ്റ്റുചെയ്യുകയുമായിരുന്നു. 

Tags:    

Similar News