മാധ്യമ പ്രവര്‍ത്തകന്‍ സുബൈറിന്റെ ജാമ്യം നിഷേധിച്ച വിവരം പോലിസ് പ്രഖ്യാപിച്ചത് ഉച്ചക്ക് മൂന്നു മണിക്ക്; കോടതി വിധി പറഞ്ഞത് രാത്രി 7ന്

Update: 2022-07-02 16:51 GMT

ന്യൂഡല്‍ഹി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ ജാമ്യം നിഷേധിച്ച നടപടി സംശയത്തിന്റെ നിഴലില്‍. കോടതി ജാമ്യം നിഷേധിച്ചതിന് നാല് മണിക്കൂര്‍ മുമ്പ് പോലിസ് കോടതിവിധി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. പാട്യാല ഹൗസ് കോടതിയാണ് പോലിസ് പറഞ്ഞ വിധി നാല് മണിക്കൂറിനുശേഷം ശരിവച്ചത്. 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനായിരുന്നു വിധി.

ഡെപ്യൂട്ടി കമ്മീഷണര്‍ കെ പി എസ് മല്‍ഹോത്ര സുബൈറിന്റെ ജാമ്യാപേക്ഷ തള്ളിയ വിവരം വൈകീട്ട് മൂന്ന് മണിക്കാണ് മാധ്യമങ്ങളെ അറിയിച്ചത്. പാട്യാല കോടതി ജഡ്ജി നാല് മണിക്ക് ജാമ്യാപേക്ഷയില്‍ വിധി പറയുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും അത് പിന്നീട് 7 മണിയിലേക്ക് നീട്ടുകയായിരുന്നു.

പോലിസ് മാധ്യമങ്ങള്‍ക്ക് കോടതിവിധി ചോര്‍ത്തി നല്‍കിയെന്ന് സുബൈറിന്റെ അഭിഭാഷകന്‍ ഷൗക്കത്ത് ബാനര്‍ജി ആരോപിച്ചു. സംഭവം അങ്ങേയറ്റം അപകീര്‍ത്തികരമാണെന്നും അദ്ദേഹം ആരോപിച്ചു.

കേസ് പ്രാഥമിക ഘട്ടത്തിലാണെന്നും അതുകൊണ്ട് പോലിസ് റിമാന്‍ഡ് ആവശ്യപ്പെടുമെന്നും കോടതി സൂചിപ്പിച്ചിരുന്നു. ഡല്‍ഹി പോലിസ് കൂടുതല്‍ കുറ്റങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ ചാര്‍ത്തിയ ശേഷമാണ് വിധി പുറത്തുവന്നത്. കുറ്റകരമായ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, വിദേശസംഭാവന നിയന്ത്രണ നിയമലംഘനം തുടങ്ങിയവയാണ് പുതുതായി ചേര്‍ത്ത വകുപ്പുകള്‍.

ആള്‍ട്ട് ന്യൂസ് മതവികാരത്തെ വൃണപ്പെടുത്തിയെന്നായിരുന്നു ആദ്യം പോലിസ് ആരോപിച്ചിരുന്നത്.

ഐപിസി 120ബി, 201 വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ വകുപ്പ് 35 എന്നിവയാണ് സുബൈറിനെതിരേ ചുമത്തിയിരിക്കുന്നത്.

തിങ്കളാഴ്ചയാണ് സുബൈറിനെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തത്.

അദ്ദേഹത്തിന്റെ പോലിസ് കസ്റ്റഡി നീട്ടുന്നതുസംബന്ധിച്ച് ഹൈക്കോടതി പോലിസിന് നോട്ടിസ് അയച്ചിരുന്നു.

Tags:    

Similar News