'പോലിസ് മുത്തച്ഛനെ കൊന്നു' -കശ്മീര്‍ ബാലന്‍ (വീഡിയോ)

കൊല്ലപ്പെട്ട് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മുത്തച്ഛന്റെ ദേഹത്ത് ഇരിക്കുന്ന മൂന്ന് വയസ്സുകാരനെ സൈനികന്‍ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Update: 2020-07-02 06:11 GMT

ശ്രീനഗര്‍: പോലിസ് തന്റെ മുത്തച്ഛനെ കൊന്നുവെന്ന് രാഷ്ട്രീയ വിവാദങ്ങളുടെ കേന്ദ്രമായിരുന്ന കശ്മീരി ബാലന്‍. കഴിഞ്ഞ ദിവസം സായുധര്‍ വെടിവച്ചു കൊന്നു എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. 'ദി വയര്‍' ആണ് കുട്ടിയുടെ പ്രതികരണം പുറത്ത് വിട്ടത്.

Full View


വടക്കന്‍ കശ്മീരിലെ സോപൂര്‍ പട്ടണത്തില്‍ സായുധരുടെ വെടിയേറ്റ് മരിച്ച വയോധികന്റെ ദേഹത്ത് ഇരിക്കുന്ന മൂന്ന് വയസ്സുകാരന്റെ ചിത്രങ്ങള്‍ നൊമ്പരപ്പെടുത്തുന്ന കാഴ്ച്ചയായിരുന്നു. സംഭവം സാമൂഹിക മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായി.

ഈ സംഭവത്തിലാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍. ശ്രീനഗറിന്റെ പ്രാന്തപ്രദേശത്തുള്ള കുടുംബവീട്ടില്‍ നിന്നാണ് കശ്മീരി ബാലന്‍ 'ദി വയര്‍' റിപ്പോര്‍ട്ടറോട് സംസാരിക്കുന്നത്. മൂന്ന് വയസ്സുകാരനോട് തന്റെ 'പപ്പയെ' കൊന്നത് ആരാണെന്ന് ചോദിച്ചപ്പോള്‍ പോലിസ് ചെയ്തുവെന്ന് പറയുന്നു.

കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ കാര്യങ്ങള്‍:-

വടക്കന്‍ കശ്മീരിലെ സോപൂര്‍ പട്ടണത്തില്‍ ബുധനാഴ്ച രാവിലെ സായുധരും സേനയും തമ്മില്‍ നടന്ന വെടിവയ്പില്‍ കൊല്ലപ്പെടുമ്പോള്‍ കുട്ടിയും മുത്തച്ഛനോടൊപ്പം ഉണ്ടായിരുന്നു. സായുധരുടെ ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ഭടനും കൊല്ലപ്പെട്ടു.

ബുധനാഴ്ച്ചയാണ് 'ദി വയര്‍' റിപ്പോര്‍ട്ടര്‍ മുത്തച്ഛന്‍ കൊല്ലപ്പെടുന്നതിന് സാക്ഷിയായ കശ്മീരി ബാലന്റെ വീട്ടില്‍ എത്തുന്നത്. ഈ സമയം മൂന്ന് വയസ്സുകാരന്‍ ഒരു പ്ലാസ്റ്റിക് ടബ്ബില്‍ കളിക്കുകയും ലഘുഭക്ഷണം കഴിക്കുകയുമായിരുന്നു.

മുത്തച്ഛനെ വിളിക്കുന്ന 'പപ്പാ'യ്ക്ക് എന്ത് സംഭവിച്ചു എന്ന് ചോദിച്ചപ്പോള്‍ കുട്ടി പറഞ്ഞു: 'ഗോളി മാരി '(വെടിയേറ്റു)'. ആരാണ് വെടിവച്ചത് എന്ന ചോദ്യത്തിന്, 'പോലിസ് വാലെ നെ' (പോലിസ്) എന്ന് മറുപടി നല്‍കി. 'ഒരു പോലിസുകാരന്‍ മുത്തച്ഛനെ കൊന്നു'. കുട്ടി വയര്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു.

കശ്മീരില്‍ സിആര്‍പിഎഫ് പെട്രോളിംഗ് സംഘത്തിന് നേരെയുണ്ടായ സായുധ സംഘത്തിന്റെ ആക്രമണത്തിലാണ് പ്രദേശവാസി കൊല്ലപ്പെട്ടത് എന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ട് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മുത്തച്ഛന്റെ ദേഹത്ത് ഇരിക്കുന്ന മൂന്ന് വയസ്സുകാരനെ സൈനികന്‍ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അറുപത് വയസ്സുകാരനായ കശ്മീര്‍ സ്വദേശി ബാഷിര്‍ അഹമ്മദാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.  

അതേസമയം, പ്രദേശവാസിയെ സിആര്‍പിഎഫ് ആണ് വെടിവച്ച് കൊന്നതെന്ന വാര്‍ത്ത സൈന്യം നിഷേധിച്ചു. സിആര്‍പിഎഫ് സായുധരുടെ ആക്രമണത്തില്‍ നിന്ന് കുട്ടിയെ സംരക്ഷിക്കുകയായിരുന്നെന്നും സൈനിക അധികൃതര്‍ അറിയിച്ചു.

Tags:    

Similar News