മുസ്‌ലിം യുവാവിനെതിരായ യുഎപിഎ കെട്ടിച്ചമച്ചതെന്ന് കോടതിയുടെ കണ്ടെത്തല്‍

സിആർപിസി 161, 164 പ്രകാരമെങ്കിലും പ്രതിക്കെതിരേ ഒരു വാക്ക് പോലും ഉച്ചരിച്ച ഒരു സാക്ഷിയെ കണ്ടെത്താൻ കോടതിക്ക് കഴിഞ്ഞില്ലെന്ന് ജഡ്ജി പറഞ്ഞു.

Update: 2020-08-28 14:41 GMT

കശ്മീർ: മുസ്‌ലിം യുവാവിനെതിരായ യുഎപിഎ കെട്ടിച്ചമച്ചതെന്ന് കോടതിയുടെ കണ്ടെത്തല്‍. ഹിസ്ബുൾ മുജാഹിദീനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട സഹൂർ ​​അഹമ്മദിനെതിരേ ചുമത്തിയ യുഎപിഎ കെട്ടിച്ചമച്ചതെന്ന് കണ്ടെത്തിയ ജമ്മു കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.

ഫാർമസിസ്റ്റായി ജോലി ചെയ്തുവരികയായിരുന്ന സഹൂറിനെ ഹിസ്ബുൾ മുജാഹിദീനുമായി ബന്ധമുണ്ടെന്നാരോപിച്ച് 2020 ജനുവരിയിലാണ് യുഎപിഎ പ്രകാരം അറസ്റ്റുചെയ്തത്. സഹൂർ ​​അഹമ്മദിനെതിരേ തെളിവുകളില്ലെന്ന് സ്‌പെഷ്യൽ ജഡ്ജി സുനിത് ഗുപ്ത പറഞ്ഞു. അന്വേഷണ ഉദ്യോ​ഗസ്ഥർക്കെതിരേ രൂക്ഷവിമർശനമാണ് കോടതി നടത്തിയത്. സിആർപിസി 161, 164 പ്രകാരമെങ്കിലും പ്രതിക്കെതിരേ ഒരു വാക്ക് പോലും ഉച്ചരിച്ച ഒരു സാക്ഷിയെ കണ്ടെത്താൻ കോടതിക്ക് കഴിഞ്ഞില്ലെന്ന് ജഡ്ജി പറഞ്ഞു.

ജൂനിയർ ഫാർമസിസ്റ്റായ അഹമ്മദ് കിഷ്ത്വാർ ജില്ലയിലെ മർവ പ്രദേശത്ത് താമസിക്കുന്നയാളാണ്. കുറ്റപത്രം അനുസരിച്ച് അഹമ്മദും മറ്റ് ഒമ്പത് പേരും സുരക്ഷാ സേനയുമായി ബന്ധപ്പെട്ട് സായുധർക്ക് വിവരങ്ങൾ നൽകിയെന്നാണ് ആരോപണം. 1990 മുതൽ ഒളിവിൽ കഴിയുന്ന സരൂരി എന്ന ഹിസ്ബുൽ പ്രവർത്തകന് മരുന്ന് നൽകുന്നത് അഹമ്മദാണെന്നായിരുന്നു ആരോപണം. സഹൂർ അഹമ്മദ് ഒരു ഫാർമസിസ്റ്റായതിനാൽ അദ്ദേഹം മരുന്നുകൾ സരൂരിക്ക് മരുന്ന് എത്തിച്ചെങ്കിൽ തന്നെ യു‌എ‌പി‌എയ്ക്ക് കീഴിലുള്ള ഏതെങ്കിലും കുറ്റകൃത്യത്തിൽ ഇയാൾക്ക് പങ്കുണ്ടെന്ന് പറയാനാവില്ലെന്ന് ജഡ്ജി പറഞ്ഞു.

അക്തർ ഹുസൈൻ എന്ന സാക്ഷിയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥർ സെക്ഷൻ 164 സിആർ‌പി‌സി പ്രകാരം രേഖപ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. സിആർപിസി 164 പ്രകാരമുള്ള മൊഴിയുടെ അടിസ്ഥാനത്തിൽ സഹൂർ അഹമ്മദിനെ വ്യാജമായി പ്രതിചേർക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ വിജയകരമായ ശ്രമം നടത്തിയിരുന്നു. യു‌എ‌പി‌എ പ്രകാരം കുറ്റകരമെന്ന് പറയപ്പെടുന്ന അത്തരം പ്രവർത്തനങ്ങളിൽ പ്രതി യഥാർത്ഥത്തിൽ പങ്കാളിയാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും ജാമ്യാപേക്ഷയിൻമേലുള്ള ഉത്തരവിൽ പറയുന്നു.

Tags:    

Similar News