കഠ്‌വ കൂട്ടബലാല്‍സംഗക്കൊല: ആറു പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ ഉച്ചയ്ക്കു രണ്ടിന്

കേസിലെ പ്രതികള്‍ക്കു വേണ്ടി ബിജെപി എംഎല്‍എയുടെ നേതൃത്വത്തില്‍ ദേശീയപതാകയേന്തി പ്രകടനം നടത്തിയത് ഏറെ വിവാദമായിരുന്നു

Update: 2019-06-10 06:43 GMT

ശ്രീനഗര്‍: മനസ്സാക്ഷിയെ ഞെട്ടിച്ച കഠ്‌വയില്‍ കൂട്ടബലാല്‍സംഗ കൊലക്കേസില്‍ ആറു പ്രതികള്‍ കുറ്റക്കാരാണെന്നു പഠാന്‍കോട്ട് ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ ഉച്ചയ്ക്കു രണ്ടിനു വിധിക്കും. പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിച്ചേക്കാവുന്ന കുറ്റമാണിതെന്ന് നിയമവിദഗ്ധര്‍ പറഞ്ഞു.കേസില്‍ നാല് പോലിസ് ഉദ്യോഗസ്ഥരുള്‍പ്പെടെ എട്ടുപേരാണ് വിചാരണ നേരിട്ടിരുന്നത്. കേസില്‍ ആകെയുള്ള എട്ടുപേരില്‍ ഒരാളുടെ പ്രായം സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ വിചാരണ നടത്തിയിരുന്നില്ല. ക്ഷേത്ര പൂജാരിയും പൊലീസ് ഉദ്യോഗസ്ഥരുമടക്കം എട്ടു പേര്‍ക്കെതിരായ വിചാരണ പൂര്‍ത്തിയാക്കിയാണ് പഞ്ചാബിലെ പത്താന്‍കോട്ട് കോടതി വിധി പറഞ്ഞത്. കഠ്‌വ ഗ്രാമമുഖ്യനും ക്ഷേത്ര പൂജാരിയുമായ റിട്ട. റവന്യൂ ഉദ്യോഗസ്ഥന്‍ സാന്‍ജിറാം(60), പര്‍വേഷ് കുമാര്‍(പ്രായപൂര്‍ത്തിയാവാത്ത പ്രതിയുടെ സഹായി), സ്‌പെഷ്യല്‍ പോലിസ് ഓഫിസര്‍ ദീപക് ഖജൂരിയ, സ്‌പെഷ്യല്‍ പോലിസ് ഓഫിസര്‍ സുരീന്ദര്‍ കുമാര്‍, സാന്‍ജി റാമിന്റെ മകന്‍ വിശാലിന്റെ സുഹൃത്ത് ഹീരാ നഗര്‍ പോലിസ് സ്‌റ്റേഷനിലെ എസ്‌ഐ ആനന്ദ് ദത്ത്, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്നു കണ്ടെത്തിയത്. മുഖ്യപ്രതി സാന്‍ജി റാമിന്റെ മകന്‍ വിശാല്‍ ജംഗോത്രയെ കോടതി തെളിവില്ലെന്നു കണ്ട് വിട്ടയച്ചു. ഇയാളുടെ അനന്തരവനായ കേസിലെ മറ്റൊരു പ്രതിയായ സാന്‍ജിറാമിന്റെ അനന്തരവന്‍ പ്രായം സംബന്ധിച്ച കേസ് നിലനില്‍ക്കുന്നതിനാല്‍ വിചാരണ നടത്തിയിട്ടില്ല.

    2018 ജനുവരി 10നാണു ജമ്മു കശ്മീരിലെ കഠ്‌വയ്ക്കു സമീപം റസാന ഗ്രാമത്തില്‍ എട്ടു വയസ്സുകാരിയായ നാടോടി ബാലികയെ കാണാതായത്. കാട്ടില്‍ മേയാന്‍ വിട്ട കുതിരകളെ അന്വേഷിച്ചുപോയ പെണ്‍കുട്ടിയെ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത് പ്രതികളൊരാള്‍ സമീപത്തെ ചെറു ക്ഷേത്രത്തിലെത്തിച്ച് ഒരാഴ്ചയോളം തടവില്‍വച്ചു മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. പ്രശ്‌ന സാധ്യത കണക്കിലെടുത്ത് ആയിരത്തിലേറെ പോലിസ് ഉദ്യോഗസ്ഥരെയും സുരക്ഷാ സേനക്കാരെയുമാണ് കോടതിക്കു ചുറ്റും നിയോഗിച്ചിരിക്കുന്നത്. ആകെ 275 തവണ വാദം കേട്ട കേസില്‍ 132 സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രായം സംബന്ധിച്ച തര്‍ക്കം ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയുടെ വിചാരണ തുടങ്ങിയിട്ടില്ല. കേസിലെ പ്രതികള്‍ക്കു വേണ്ടി ബിജെപി എംഎല്‍എയുടെ നേതൃത്വത്തില്‍ ദേശീയപതാകയേന്തി പ്രകടനം നടത്തിയത് ഏറെ വിവാദമായിരുന്നു.



Tags:    

Similar News