പതിനൊന്ന് പേരെ കണ്ടെത്താൻ ബാക്കി; കവളപ്പാറയിൽ തിരച്ചിൽ അവസാനിപ്പിച്ചു

Update: 2019-08-27 11:35 GMT
നിലമ്പൂർ: കവളപ്പാറയിൽ ഉരുൾപ്പൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചു. 11 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. മൃതദേഹം കിട്ടാത്തവരുടെ ആശ്രിതർക്ക് ആവശ്യമായ സന്ദർഭങ്ങളിൽ രേഖകൾ നൽകുമെന്ന കലക്ടറുടെ ഉറപ്പ് ബന്ധുക്കൾ അം​ഗീകരിച്ചതോടെയാണ് നടപടികൾ അവസാനിപ്പിച്ചത്. എന്നാൽ കാണാതായവരെ മരിച്ചവരായി പ്രഖ്യാപിക്കില്ല. കാണാതായവർക്ക് മരണസർട്ടിഫിക്കറ്റ് നൽകുന്നതും നിലവിൽ ആലോചനയിലില്ല. മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള രേഖകൾ മാത്രമാണ് നിലവിൽ നൽകാൻ ധാരണായായിട്ടുള്ളത്. കാണാതായവരുടെ ബന്ധുക്കള്‍ കൂടി പങ്കെടുത്ത സര്‍വകക്ഷി യോഗത്തിലാണ് സുപ്രധാന തീരുമാനം. മഴ ശക്തമായതോടെ തിരച്ചിൽ അവസാനിപ്പിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. എന്നാൽ ബന്ധുക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രണ്ടു ദിവസം കൂടി തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചു. ഇതനുസരിച്ച് ഇന്നലെ മേഖലയിൽ തിരച്ചിൽ തുടർന്നു. എന്നാൽ ഇന്ന് മഴ ശക്തമായതോടെ ഹിറ്റാച്ചി, ജെസിബി എന്നിവയ്ക്ക് ചതുപ്പ് നിലങ്ങളിലേക്ക് എത്തിപ്പെടാൻ സാധിച്ചില്ല. എട്ടു ദിവസമായി ഇവിടെ നിന്ന് ഒറ്റ മൃതദേഹവും കണ്ടെടുത്തിട്ടില്ല. 19ാം തിയതിയാണ് അവസാനമായി മൃതദേഹം ലഭിച്ചത്. 19 ദിവസമായി തുടരുന്ന തിരച്ചിലില്‍ ഇതുവരെ 48 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ആകെ 59 പേരെയാണ് ഇവിടെ നിന്നും കാണാതായത്.


Similar News