ജനഹിതം-2021: അഴീക്കോട്ട് ഹാട്രിക്കോ തിരിച്ചുനടത്തമോ..?

വികസനകാര്യങ്ങളേക്കാള്‍ രാഷ്ട്രീയവും ആരോപണങ്ങളുമാണ് പ്രചാരണത്തില്‍ മുന്നിലുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചയായ ഉപ്പുവെള്ള പ്രശ്‌നത്തിനു പോലും ഇതുവരെ പരിഹാരം കാണാനായിട്ടില്ല. വിവാദങ്ങള്‍ കൊണ്ട് സുപ്രധാന വിഷയങ്ങളെ മനപൂര്‍വം തമസ്‌കരിക്കുന്നത് വോട്ടര്‍മാര്‍ തിരിച്ചറിയുകയാണെങ്കില്‍ അഴീക്കോടിന്റെ ചരിത്രവും മാറിമറിയും.

Update: 2021-03-24 11:22 GMT

ബഷീര്‍ പാമ്പുരുത്തി

കണ്ണൂര്‍: ഓരോവോട്ടും നിര്‍ണായകമാവുന്ന മണ്ഡലം. ഇക്കുറിയും അഴീക്കോടിനെ സംസ്ഥാനം തന്നെ ഉറ്റുനോക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ഥി മുസ് ലിം ലീഗിലെ കെ എം ഷാജി ഹാട്രിക് തികയ്ക്കുമോ അതോ, ഒരുകാലത്ത് ഇടതുകോട്ടയായിരുന്ന നാട് കെ വി സുമേഷിലൂടെ തിരിച്ചുനടക്കുമോയെന്നു കണ്ടറിയണം. ഇതിനിടയിലും മുന്നണികളുടെ ധ്രുവീകരണ രാഷ്ട്രീയത്തെ തുറന്നുകാട്ടി ചുവടുറപ്പിക്കുകയാണ് എസ്ഡിപി ഐ സ്ഥാനാര്‍ഥി കെ കെ അബ്ദുല്‍ജബ്ബാര്‍. ബിജെപിയാവട്ടെ ഏറെക്കാലം പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റായിരുന്ന കെ രഞ്ജിത്തിനെയാണ് അങ്കത്തിനിറക്കിയിട്ടുള്ളത്. തുറമുഖമണ്ഡലത്തില്‍ പ്രചാരണകരംഗത്ത് കാറ്റും കോളും തീര്‍ത്താണ് സ്ഥാനാര്‍ഥികള്‍ മുന്നേറുന്നത്.   


    2011ല്‍ മണ്ഡല വിഭജനത്തിനു തൊട്ടുപിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍, സിഎംപിയില്‍ നിന്നു സീറ്റ് പിടിച്ചെടുത്ത ലീഗ് വയനാട്ടില്‍ നിന്ന് കെ എം ഷാജിയെ ഇറക്കിയാണ് വെന്നിക്കൊടി പാറിച്ചത്. സിറ്റിങ് എംഎല്‍എ പ്രകാശന്‍ മാസ്റ്റര്‍ തോല്‍പിച്ചത് വിരലിലെണ്ണാവുന്ന 493 വോട്ടിന്. രണ്ടാമങ്കമായിരുന്നു അതിലേറെ കടുപ്പം. സിപിഎം വിട്ട് എം വി രാഘവന്‍ സിപിഎമ്മിനെ തറപറ്റിച്ച മണ്ണില്‍ അദ്ദേഹത്തിന്റെ മകന്‍ മാധ്യമപ്രവര്‍ത്തകന്‍ എം വി നികേഷ്‌കുമാര്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ അങ്കംകുറിച്ചു. രാഘവന്റെ മകനെ നിര്‍ത്തിയതില്‍ സിപിഎമ്മുകാര്‍ക്കിടയില്‍ തന്നെ അനിഷ്ടം പ്രകടമായ മല്‍സരത്തില്‍ ഷാജിയുടെ ഭൂരിപക്ഷം കൂടി-2,287. ഇക്കുറി മണ്ഡലം മാറാനുള്ള കെ എം ഷാജിയുടെ മോഹങ്ങളാണ് അഴീക്കോടിന് വാര്‍ത്താപ്രാധാന്യം ലഭിക്കാന്‍ കാരണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനു വേണ്ടി പുറത്തിറക്കിയ പോസ്റ്ററിന്റെ പേരില്‍ ഹൈക്കോടതി ഷാജിക്ക് അയോഗ്യത കല്‍പ്പിച്ചതായിരുന്നു ആദ്യത്തെ പ്രഹരം. സുപ്രിംകോടതിയില്‍ പോയി സ്‌റ്റേ വാങ്ങിയെങ്കിലും സ്വയം കെട്ടിപ്പൊക്കിയ 'മതേതരപ്രതിച്ഛായ' തകര്‍ന്നത് കനത്ത തിരിച്ചടിയായി. പിന്നാലെ ചാലാടിനു പുറമെ കോഴിക്കോട്ട് ബഹുനില വീട് അനധികൃതമായി നിര്‍മിച്ചതില്‍ ഇഡിയും വിജിലന്‍സും കുരുക്കിട്ടു. പാളയത്തില്‍ നിന്നു തന്നെ പടയുണ്ടായതാണ് അതിലേറെ ആഘാതമേല്‍പ്പിച്ചത്. അഴീക്കോട് ഹൈസ്‌കൂളിനു പ്ലസ് ടു അനുവദിക്കാന്‍ ലീഗിനു 25 ലക്ഷം നല്‍കിയത ഷാജി കൈപ്പറ്റിയെന്നു പറഞ്ഞത് പ്രാദേശിക ലീഗ് നേതൃത്വം. ഇതിലും വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. ഇത്രയൊക്കെ പ്രതിസന്ധിയുള്ള കാലത്ത് വീണ്ടുമൊരു പരീക്ഷണം വേണ്ടെന്നു കരുതിയാണ് ഷാജി കാസര്‍കോട്ട് മല്‍സരിക്കാന്‍ ശ്രമിച്ചത്. പക്ഷേ, അവിടത്തുകാര്‍ വിട്ടുകൊടുത്തില്ല. മറ്റൊരാള്‍ വന്നാല്‍ സീറ്റ് പിടിക്കാനാവില്ലെന്നു പറഞ്ഞ് ഒടുവില്‍ ഷാജിയെ തന്നെ ലീഗ് രംഗത്തിറക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ അനധികൃത സ്വത്ത് സമ്പാദനത്തില്‍ വിജിലന്‍സ് റിപോര്‍ട്ട് കൂടി കോടതിയിലെത്തിയതോടെ സിപിഎം വിജിലന്‍സ്, ഇഡി, സുപ്രിംകോടതി കേസുകള്‍ അകമ്പടി ചേര്‍ത്താണ് പ്രചാരണം നടത്തുന്നത്.   


    മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി സിപിഎം ഇക്കുറി സൗമ്യനായ യുവനേതാവ് കെ വി സുമേഷിനെയാണ് രംഗത്തിറക്കിയിട്ടുള്ളത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും പ്രചാരണായുധം. എസ് എഫ് ഐ, ഡിവൈഎഫ് ഐ എന്നിവയിലൂടെ രാഷ്ട്രീയരംഗത്തെത്തിയ സുമേഷിന്റെ ജനകീയതയാണ് എതിരാളികളെയും ആശങ്കയിലാഴ്ത്തുന്നത്. മാന്യനായ എതിരാളി എന്നാണ് കെ എം ഷാജി തന്നെ സുമേഷിനെ വിലയിരുത്തിയത്. പാര്‍ട്ടി ഘടകങ്ങളെയാകെ അടിത്തട്ടില്‍നിന്നിറക്കിയാണ് പ്രചാരണം. എം പ്രകാശന്‍ മാസ്റ്ററും എം വി നികേഷ് കുമാറും മല്‍സരിച്ചപ്പോള്‍ ഉണ്ടായ നെഗറ്റീവ് ഇംപാക്റ്റ് ഇല്ലാത്തയാളാണ് സുമേഷ് എന്നത് വോട്ടിങില്‍ പ്രതിഫലിപ്പിക്കാനാണ് ഇടതുക്യാംപിന്റെ പരിശ്രമം. ആദ്യത്തെ അഞ്ചുവര്‍ഷത്തില്‍ നിന്നു വ്യത്യസ്തമായി ഇക്കഴിഞ്ഞ കാലയളവില്‍ ഷാജി വാക് യുദ്ധത്തിലും നിയമപോരാട്ടത്തിലുമായിരുന്നു ശ്രദ്ധയൂന്നിയത്. മുഖ്യമന്ത്രി പിണറായി വിജയനെ നിരന്തരം കടന്നാക്രമിച്ചുള്ള ഷാജിയുടെ പ്രയോഗങ്ങള്‍ സിപിഎം കേന്ദ്രങ്ങളെ അസ്വസ്ഥമാക്കിയപ്പോള്‍ വലതുക്യാംപില്‍ ആവേശമുണ്ടാക്കിയിരുന്നു.   


അഴീക്കോടിന് അഴീക്കോടുകാരന്‍ എന്ന പ്രമേയത്തിലാണ് എസ്ഡിപി ഐ സ്ഥാനാര്‍ഥി കെ കെ അബ്ദുല്‍ ജബ്ബാര്‍ 'കത്രിക' അടയാളത്തില്‍ വോട്ട് തേടുന്നത്. ഹിന്ദുത്വ ശക്തികള്‍ക്കും സംഘപരിവാര ഫാഷിസത്തിനുമെതിരേ പരിമിതികളില്ലാത്ത പോരാട്ടമാണ് വാഗ്ദാനം. ഭരണകൂടത്തിന്റെ മറവില്‍ രാജ്യത്ത് സംഘപരിവാരം അഴിഞ്ഞാടുമ്പോഴും ഒരു വിഭാഗത്തെ നാടുകടത്താന്‍ ഒരുമ്പെടുമ്പോഴും കാര്യമായ പ്രതിരോധം തീര്‍ക്കാത്ത ഇരുമുന്നണികളുടെയും നിലപാട് കുടുംബയോഗങ്ങളിലും മറ്റും തുറന്നുകാട്ടുന്നുണ്ട്. ഒരുവേള ആര്‍എസ്എസിന്റെ കടന്നുകയറ്റത്തെ നിസ്സാരവല്‍ക്കരിച്ചവരും പരിഹസിച്ചവരും ഹിന്ദുത്വരുടെ ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയവരെയും എസ്ഡിപിഐ ബോധവല്‍ക്കരിക്കുന്നുണ്ട്. പാപ്പിനിശ്ശേരി പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ ജനപ്രതിനിധികളെ വാര്‍ത്തെടുക്കാനായതും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. നാട്ടുകാര്‍ക്ക് സുപരിചിതനായ, ആദര്‍ശ ശുദ്ധിയുള്ള സ്ഥാനാര്‍ഥിയാണ് കെ കെ അബ്ദുല്‍ ജബ്ബാര്‍ എന്നത് പാര്‍ട്ടിക്കു മുതല്‍ക്കൂട്ടാവുമെന്നാണു കണക്കുകൂട്ടല്‍.

    ബിജെപിക്ക് മോശമല്ലാത്ത സ്വാധീനമുള്ള മണ്ഡലത്തില്‍ ഇക്കുറി സംസ്ഥാന സെക്രട്ടറിയും ജില്ലയിലെ പ്രമുഖനുമായ കെ രഞ്ജിത്താണ് എന്‍ഡിഎ സ്ഥാനാര്‍ഥി. മുന്‍കാലങ്ങളിലെല്ലാം വോട്ട് കച്ചവടം ഉയര്‍ന്നതിനാല്‍ ഇക്കുറി ബിജെപി നേതൃത്വത്തിന്റെ നിലപാട് ചര്‍ച്ചയാവും. തദ്ദേശ തിരഞ്ഞെടുപ്പില്‍ ചിലയിടത്തെങ്കിലും യുഡിഎഫും ബിജെപിയും ധാരണകളുണ്ടായിരുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. ഇത് നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമോയെന്നു കണ്ടറിയേണ്ടിവരും. ഇതിനെല്ലാം ഇടയിലും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 51218 വോട്ട് ലഭിച്ചപ്പോള്‍ യുഡിഎഫിനു 73075 വോട്ട് ലഭിച്ചത് കെ എം ഷാജിക്കും യുഡിഎഫ് ക്യാംപിലും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വേണ്ടത്ര ശോഭിക്കാന്‍ യുഡിഎഫിനായിട്ടില്ല. മാത്രമല്ല, വളപട്ടണം പോലുള്ള പഞ്ചായത്തുകളില്‍ ലീഗ്-കോണ്‍ഗ്രസ് പോരുണ്ടായതും തിരിച്ചടിയായിരുന്നു.

    വികസനകാര്യങ്ങളേക്കാള്‍ രാഷ്ട്രീയവും ആരോപണങ്ങളുമാണ് അഴീക്കോട് മണ്ഡലത്തില്‍ പ്രചാരണത്തില്‍ മുന്നിലുള്ളത്. പിണറായി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വോട്ടാക്കാന്‍ സുമേഷും മണ്ഡലത്തിലെ വികസനം തന്റെ മേന്‍മമയാണെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും പറഞ്ഞാണ് ഷാജിയുടെ വോട്ടുപിടിത്തം. എന്നാല്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചയായ ഉപ്പുവെള്ള പ്രശ്‌നത്തിനു പോലും ഇതുവരെ പരിഹാരം കാണാനായിട്ടില്ല. കൈത്തറി ഗ്രാമങ്ങളുടെ ദയനീയാവസ്ഥയും ലോകോത്തര നിലവാരത്തിലേക്കുയരേണ്ട അഴീക്കല്‍ പോര്‍ട്ടിന്റെ കിതപ്പും കാട്ടാമ്പള്ളി പദ്ധതിയുടെ അശാസ്ത്രീയത കാരണം കൃഷിക്കും കുടിവെള്ളത്തിനും അനുഭവപ്പെടുന്ന ബുദ്ധിമുട്ടും വോട്ടര്‍മാര്‍ക്കു മുന്നില്‍ അവതരിപ്പിക്കാതെ ഇരുമുന്നണികളും ഒളിച്ചുകളിക്കുകയാണ്. വിവാദങ്ങള്‍ കൊണ്ട് സുപ്രധാന വിഷയങ്ങളെ മനപൂര്‍വം തമസ്‌കരിക്കുന്നത് വോട്ടര്‍മാര്‍ തിരിച്ചറിയുകയാണെങ്കില്‍ അഴീക്കോടിന്റെ ചരിത്രവും മാറിമറിയും.

Kerala assembly election 2021: Azheekod assembly review

Tags:    

Similar News