യുഡിഎഫിനെയും തന്നെയും തകര്‍ക്കാന്‍ ശ്രമിക്കുന്നു; മാധ്യമ സര്‍വേയ്‌ക്കെതിരേ ചെന്നിത്തല

Update: 2021-03-21 06:24 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ട സര്‍വേയ്‌ക്കെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങള്‍ സര്‍വേ നടത്തി തന്നെയും യുഡിഎഫിനെയും തകര്‍ക്കാന്‍ ആസൂത്രിതമായ നീക്കം നടത്തുകയാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രത്യക്ഷത്തില്‍ നിഷ്പക്ഷമെന്ന് തോന്നിക്കുന്ന ഹീന തന്ത്രങ്ങളാണ് കേരളത്തിലെ മാധ്യമങ്ങള്‍ നടത്തുന്നത്. സര്‍ക്കാരിനെതിരേ ആരോപണം ഉന്നയിച്ചത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. എല്ലാ ആരോപണങ്ങള്‍ക്ക് മുമ്പിലും സര്‍ക്കാരിന് മുട്ട് മടക്കേണ്ടിവന്നു. തന്നെ തകര്‍ക്കാന്‍ സിപിഎമ്മിനേ സര്‍ക്കാരിനൊ കഴിയാത്തത് മൂലം അഭിപ്രായ സര്‍വേയിലൂടെ തകര്‍ക്കാമെന്ന് കരുതിയാല്‍ ഞങ്ങളിതൊക്കെ കുറേ കണ്ടിട്ടുള്ളതാണെന്ന് മാത്രമേ പറയാനുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.

    ഭരണകക്ഷിക്ക് ലഭിക്കുന്ന പരിഗണന ഒരു ശതമാനമെങ്കിലും യുഡിഎഫിന് ലഭിക്കേണ്ടേ?. എന്തൊരു മാധ്യമ ധര്‍മ്മമാണിത്. ഡല്‍ഹിയില്‍ ചെയ്യുന്നത് പോലെയാണ് ഇവിടെ മാധ്യമങ്ങളെ വിരട്ടിയും പരസ്യങ്ങള്‍ നല്‍കിയും വലയിലാക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. 10ഓളം മാധ്യമങ്ങള്‍ പുറത്തുവിട്ട സര്‍വേയില്‍ ഇടതുപക്ഷത്തിനു തുടര്‍ഭരണമാണ് പ്രവചിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന് സര്‍വേയില്‍ ഒന്നാം സ്ഥാനം ലഭിച്ചപ്പോള്‍ കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിക്കു പിന്നിലാണ് രമേശ് ചെന്നിത്തലയുടെ സ്ഥാനം. ചില സര്‍വേകളില്‍ ബിജെപി നേതാവ് കെ സുരേന്ദ്രനും പിന്നിലായിരുന്നു.

Kerala assembly election 2021: Chennithala against media survey

Tags:    

Similar News