കേരളത്തിലെ രാഷ്ട്രീയഭൂമികയില്‍ സുപ്രധാനനാമമാണ് കാസര്‍കോട് ജില്ലയുടേത്. സംസ്ഥാനത്തിന്റെ വടക്കേയറ്റത്തെ അതിര്‍ത്തി ജില്ലയെന്നതിനാല്‍ തന്നെ മഹാഭൂരിപക്ഷം പാര്‍ട്ടികളുടെയും സംസ്ഥാനതല ജാഥകളുടെയും പ്രചാരണങ്ങളുടെയുമെല്ലാം തുടക്കം ഇവിടെ നിന്നാവാറുണ്ട്. ഒരുപക്ഷേ, തുടങ്ങിവയ്ക്കാന്‍ വേണ്ടിയുള്ള ജില്ലയെന്നും വേണമെങ്കില്‍ പറയാം. വികസന പദ്ധതികളില്‍ ഇപ്പോഴും അവഗണന തുടര്‍ക്കഥയാണ്. പ്രധാനപ്പെട്ട പദ്ധതികളെല്ലാം ചന്ദ്രഗിരിപ്പുഴയ്ക്കപ്പുറം വരെയേ കാണാറുള്ളൂ. മാറിമാറി ഭരിച്ച ഇടതുവലതു മുന്നണികള്‍ ഉത്തരമലബാറിനോട് കാട്ടുന്ന അവഗണനയുടെ നേര്‍ച്ചിത്രവും കാസര്‍കോട് വരച്ചുകാട്ടുന്നു. മലയാളത്തിനു പുറമെ തുളു, ഉര്‍ദു, ഹിന്ദുസ്ഥാനി, കൊങ്കണി, കന്നഡ എന്നീ ഭാഷകള്‍ സംസാരിക്കുന്നവര്‍ ഇവിടെയുള്ളതിനാലാണ് സപ്തഭാഷാ സംഗമ ഭൂമി എന്ന പേരുവന്നത്. ഭാഷാവൈവിധ്യങ്ങളേറെയുള്ള മണ്ണിനു രാഷ്ട്രീയത്തിന്റെ രുചിയുമേറെയാണ്. വീണ്ടും ഒരു നിയമസഭാ തിരഞ്ഞെടുപ്പെത്തുമ്പോള്‍ പ്രതീക്ഷകളിലൂടെ തന്നെയാണ് ഇവരുടെ സഞ്ചാരം. അല്ലാതെന്തു ചെയ്യാന്‍...
മഞ്ചേശ്വരം
ഇടതിനും വലതിനും മാത്രമല്ല, ഉന്‍മൂലന രാഷ്ട്രീയം പേറുന്ന ഹിന്ദുത്വര്‍ക്കും അടിവേരുള്ള മണ്ഡലമാണ് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം. തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകയില്‍ നിന്നു കേരളത്തില്‍ ആദ്യംതന്നെ താമര വിരിയിക്കാനാവുക ഇവിടെനിന്നാണെന്നു കരുതി കാവിരാഷ്ട്രീയത്തിന്റെ പ്രഗല്‍ഭരെല്ലാം കാത്തിരുന്ന മണ്ഡലം. പക്ഷേ, മതേതരകക്ഷികളുടെ നിതാന്ത ജാഗ്രത കാരണം ഇന്നും കാവിയണിഞ്ഞിട്ടില്ല.
മഞ്ചേശ്വരം, വോര്‍ക്കാടി, മീഞ്ച, പൈവളികെ, മംഗല്‍പാടി, കുമ്പള, പുത്തിഗെ, എന്‍മകജെ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് മഞ്ചേശ്വരം നിയമസഭാമണ്ഡലം. 2011 മുതല്‍ 2018 വരെ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിലെ പി ബി അബ്ദുര്‍ റസാഖാണ് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. വിരലിലെണ്ണാവുന്ന വോട്ടുകള്‍ക്കായിരുന്നു വിജയം. പി ബി അബ്ദുര്‍ റസാഖിന്റെ വിയോഗത്തെ തുടര്‍ന്ന് 2019 ഒക്ടോബറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പക്ഷേ, കാവിക്കോട്ടകളുടെ മനപ്പായസം ബഹുദൂരം പിന്നിലായി. മുസ് ലിം ലീഗിന്റെ എം സി ഖമറുദീന്‍ 7923 വോട്ടിനാണ് ജയിച്ചുകയറിയത്. പക്ഷേ, ഇക്കുറി ലീഗുകാര്‍ കമറൂച്ച എന്നു വിളിക്കുന്ന എം സി ഖമറുദ്ദീനു സീറ്റുണ്ടാവില്ലെന്ന് ഉറപ്പാണ്. കാരണം, ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ സ്വന്തം രാഷ്ട്രീയപ്പാര്‍ട്ടിയില്‍ പെട്ടവരെ തന്നെ വഞ്ചിച്ചതിനു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഖമറുദ്ദീന്‍ ഇറങ്ങിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. അതിനാല്‍ തന്നെ ശക്തമായ സ്ഥാനാര്‍ഥിയെ കണ്ടെത്തുകയെന്നത് ലീഗിനു വെല്ലുവിളി തന്നെയാണ്. ഇവിടെ ഇടതുപക്ഷം മൂന്നാം സ്ഥാനത്താണ്.
കാസര്‍കോട്
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെല്ലാം ചെങ്കൊടി പാറിയിരുന്ന കാസര്‍കോട്ടിന്റെ മണ്ണിലും കഴിഞ്ഞ തവണത്തെ രാഹുല്‍ ഇഫക്റ്റില്‍ അടിതെറ്റിയിരുന്നു. രാജ്‌മോഹന്‍ ഉണ്ണിത്താനു മുന്നില്‍ സിപിഎം അടിയറവ് പറഞ്ഞത് കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ഇക്കുറിയും യുഡിഎഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കു. മുസ് ലിം ലീഗിലെ എന്‍ എ നെല്ലിക്കുന്ന് ആണ് ഇപ്പോള്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കാസര്‍കോഡ് നഗരസഭ, മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍, ബദിയഡുക്ക, കുംബഡാജെ, ബേലൂര്‍, ചെങ്കള, കാറഡുക്ക എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട മണ്ഡലം നഷ്ടപ്പെടില്ലെന്ന പ്രതീക്ഷയില്‍ തന്നെയാണ് ലീഗ് നേതൃത്വവും. അഴീക്കോട് നിന്ന് കെ എം ഷാജിയെ മാറ്റുകയാണെങ്കില്‍ പകരം ചോദിച്ചതു കാസര്‍കോട് ആണെന്നതു തന്നെ ഇതിലെ ഫലത്തെ കുറിച്ചുള്ള വിശ്വാസമാവണം. 1980 മുതല്‍ സി ടി അഹമ്മദലിയെന്ന അമരക്കാരനിലൂടെ നഷ്ടപ്പെടാതെ സൂക്ഷിച്ചിരുന്ന മണ്ഡലത്തില്‍ രണ്ടു തവണയായി എന്‍ എ നെല്ലിക്കുന്ന് തന്നെയാണ് വിജയസാരഥി. ഇവിടെയും ബിജെപി തന്നെയാണ് രണ്ടാമതെങ്കിലും എളുപ്പം ജയിച്ചുകയറാനാവുമെന്ന പ്രതീക്ഷയൊന്നുമില്ല.
ഉദുമ
ജില്ലയിലെ തന്നെ ചുവന്ന മണ്ണ് എന്നു വിശേഷിപ്പിക്കാവുന്ന മണ്ഡലമാണ് ഉദുമ. അരിവാള്‍ ചുറ്റിക നക്ഷത്രത്തെ ഒരേയൊരു തവണ മാത്രമാണ് ഉദുമക്കാര്‍ കൈവിട്ടത്. പിന്നീട് കൂടുതല്‍ ചുവപ്പിക്കുകയായിരുന്നു. കഴിഞ്ഞ തവണ കണ്ണൂരില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ അതികായന്‍ കെ സുധാകരന്‍ നേരിട്ടെത്തി ഉദുമ പിടിക്കാന്‍ പണി പതിനെട്ടും നോക്കിയെങ്കിലും മണ്ഡലം ചുവന്നുതന്നെയിരുന്നു. അതിനു മുമ്പ് രണ്ടുതവണയും തോറ്റുപിന്‍മാറിയത് കേരളത്തിലെ തന്നെ പ്രഗല്‍ഭ ക്രിമിനല്‍ അഭിഭാഷകനായ കോണ്‍ഗ്രസ് നേതാവ് അഡ്വ. സി കെ ശ്രീധരനാണ്. നാലാമങ്കത്തിലും വെന്നിക്കൊടി പാറിച്ച സിപിഎമ്മിന്റെ കെ കുഞ്ഞിരാമനും ഇക്കുറി സീറ്റുണ്ടാവില്ല. പുതുമുഖങ്ങളെ ഇറക്കി ഉദുമയിലെ ചെഞ്ചായത്തിനു കട്ടി കൂട്ടാമെന്ന് എല്‍ഡിഎഫിനും ആത്മവിശ്വാസത്തിലാണ്. കാസര്‍കോഡ് നഗരസഭ, ചെമ്മനാട്, ദേലംപാടി, ബേഡഡുക്ക, മുളിയാര്‍, കുറ്റിക്കോല്‍, പള്ളിക്കര, പുല്ലൂര്‍, പെരിയ, ഉദുമ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് ഉദുമ നിയമസഭാമണ്ഡലം.
കാഞ്ഞങ്ങാട്
2008ലെ നിയമസഭാ മണ്ഡല പുനര്‍നിര്‍ണയത്തിലൂടെയാണ് കാഞ്ഞങ്ങാട് മണ്ഡലം ഉണ്ടായത്. തുടര്‍ന്നു നടന്ന രണ്ട് തിരഞ്ഞെടുപ്പിലും സിപി ഐയുടെ ഇ ചന്ദ്രശേഖരനാണ് ജനപ്രതിനിധി. പിണറായി മന്ത്രിസഭയിലെ റവന്യൂ മന്ത്രിയായ ചന്ദ്രശേഖരന് ഇക്കുറി സീറ്റുണ്ടാവുമോയെന്നു കണ്ടറിയണം. സിപി ഐയില്‍ മൂന്നു തവണ മല്‍സരിച്ചവര്‍ക്കാണ് വിലക്കെങ്കിലും യുവരക്തങ്ങള്‍ക്കു സീറ്റ് വേണമെന്ന ആവശ്യം ശക്തമായാല്‍ അദ്ദേഹത്തിനു സീറ്റ് നഷ്ടപ്പെട്ടേക്കും. 2011ല്‍ കോണ്‍ഗ്രസിന്റെ എം സി ജോസ് നേടിയതില്‍ നിന്നു 100 വോട്ട് പോലും അധികം പിടിക്കാന്‍ 2016ല്‍ ധന്യ സുരേഷിനായില്ല. ഇ ചന്ദ്രശേഖരനാവട്ടെ 66640ല്‍ നിന്ന് വോട്ട് 80558ലേക്ക് കുതിക്കുകയായിരുന്നു. ജില്ലയിലെ തന്നെ എല്‍ഡിഎഫിന് ഉറച്ച വിശ്വാസമുള്ള മറ്റൊരു മണ്ഡലമാണിത്. കാഞ്ഞങ്ങാട് നഗരസഭ, അജാനൂര്‍, ബളാല്‍, കള്ളാര്‍, കിനാനൂര്‍, കരിന്തളം, കോടോംബേളൂര്‍, മടിക്കൈ, പനത്തടി പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ നിന്ന് ചെങ്കൊടി പാറിക്കാന്‍ ആരെത്തുമെന്ന് കാത്തിരുന്നു കാണാം.
തൃക്കരിപ്പൂര്‍
കയ്യൂര്‍ സഖാക്കളുടെയും ചീമേനി സഖാക്കളുടെയും ചരിത്രം പേറുന്ന തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലം കാസര്‍കോട് ജില്ലയിലെ സിപിഎമ്മിന്റെ ഉറച്ച കോട്ട തന്നെയാണ്. അല്‍ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഇക്കുറിയും അതിനു മാറ്റമുണ്ടാവാന്‍ സാധ്യതയില്ലെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കാരണം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം പാര്‍ട്ടി ഘടകങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുന്ന മണ്ഡലങ്ങളിലൊന്നാണിത്. നീലേശ്വരം നഗരസഭ, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കയ്യൂര്‍, ചീമേനി, പീലിക്കോട്, പടന്ന, വലിയപറമ്പ് പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്നു ആദ്യകാലങ്ങളിലൊക്കെ നിയമസഭ കണ്ടത് സിപിഎമ്മിന്റെ അതികായരായിരുന്നു. എകെജിയുടെ മരുമകന്‍ പി കരുണാടകരനില്‍ നിന്നു തുടങ്ങി ഒ ഭരതന്‍, സാക്ഷാല്‍ ഇ കെ നായനാര്‍ എന്നിവരും ഇവിടെ നിന്നു ചെങ്കൊടി പാറിച്ചിട്ടുണ്ട്. പിന്നീട് രണ്ടുവീതം തവണ കെ പി സതീഷ് ചന്ദ്രനും കെ കുഞ്ഞിരാമനും കാത്ത മണ്ഡലത്തില്‍ നിന്നു കഴിഞ്ഞ തവണ 17000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വെന്നിക്കൊടി പാറിച്ചത് എം രാജഗോപാലനാണ്. ഇക്കുറിയും ഇദ്ദേഹത്തിന് അവസരം നല്‍കിയേക്കുമെന്നാണു റിപോര്‍ട്ടുകള്‍.
തക്കംപാര്‍ത്തിരിക്കുന്ന ഹിന്ദുത്വശക്തികളെ ഒരുകാരണവശാലും കാലുറപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ശപഥം ചെയ്തിട്ടുള്ള എസ് ഡിപിഐ പോലുള്ള കക്ഷികള്‍ തങ്ങളുടെ ശക്തി തെളിയിക്കുന്നതിനേക്കാള്‍ ജില്ലയില്‍ പരിഗണന നല്‍കുന്നത് ഫാഷിസത്തെ തടയിടുന്നതിനാണ്. അതിനാല്‍ തന്നെ മഞ്ചേശ്വരത്തും കാസര്‍കോട്ടുമെല്ലാം തങ്ങളുടെ സ്ഥാനാര്‍ഥിയെ നിര്‍ത്താതെ വിജയസാധ്യതയുള്ള മുന്നണി സ്ഥാനാര്‍ഥികളെ പഠനത്തിലൂടെ കണ്ടെത്തി അവര്‍ക്കു വേണ്ടി രംഗത്തിറങ്ങുകയെന്ന തന്ത്രമാണ് പയറ്റാറുള്ളത്. നാട് നന്നാകാന്‍ യുഡിഎഫ് വേണമെന്നും തുടര്‍ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ് വരുമെന്നും പറയുമ്പോള്‍ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേ ജനകീയ ബദലുകള്‍ സൃഷ്ടിക്കുകയെന്ന ദൗത്യമാണ് എസ്ഡിപിഐയ്ക്കു മുന്നിലുള്ളത്. ഒരുവശത്ത് ഹിംസാത്മക ഹിന്ദുത്വത്തെ തടഞ്ഞുനിര്‍ത്തുകയും മറ്റു മണ്ഡലങ്ങളില്‍ ഇരുമുന്നണികളുടെയും ആര്‍എസ്എസ് വിധേയത്വം ഉള്‍പ്പെടെയുള്ളവയെ തുറന്നുകാട്ടുകയുമാണ് ചെയ്യുക. അതിനാല്‍ തന്നെ സപ്തഭാഷാ സംഗമ ഭൂമിയില്‍ ഇക്കുറി തിരഞ്ഞെടുപ്പങ്കം പൊടിപാറുമെന്നതില്‍ സംശയമേതുമില്ല.
തയ്യാറാക്കിയത്:
ബഷീര്‍ പാമ്പുരുത്തി
Kerala assembly election-2021: Kasargod district review