നിയമസഭാ തിരഞ്ഞെടുപ്പ്: യുഡിഎഫ് സീറ്റ് ചര്‍ച്ചകളിലേക്ക്; ലീഗും ജോസഫും ആര്‍എസ്പിയും കൂടുതല്‍ ചോദിക്കും

Update: 2021-01-28 06:04 GMT
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുകയെന്ന ലക്ഷ്യത്തോടെ യുഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാവും. നേരത്തേ, മുസ് ലിം ലീഗ് നേതാവ് പാണക്കാട് ഹൈദരി ശിഹാബ് തങ്ങളെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് ഇന്നാണ് തുടക്കം കുറിക്കുന്നത്. കഴിഞ്ഞ തവണ 24 സീറ്റുകളില്‍ മല്‍സരിച്ച മുസ് ലിം ലീഗ് ഇക്കുറി ആറു സീറ്റുകളാണ് അധികം ചോദിക്കുന്നത്. ഇതില്‍ രണ്ടെണ്ണമെങ്കിലും അനുവദിക്കാന്‍ സാധ്യതയുണ്ട്. ഇന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായും ആര്‍എസ്പിയുമായാണ് ഉഭയ കക്ഷി ചര്‍ച്ച നടത്തുക. 15 സീറ്റുകള്‍ വേണമെന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍, ലീഗിനു പുറമെ ആര്‍എസ്പിയും കൂടുതല്‍ സീറ്റ് ആവശ്യപ്പെടുമെന്നാണു സൂചന.

    എല്‍ജെഡി മുന്നണി വിട്ടതു മൂലം ബാക്കിയായതും കേരള കോണ്‍ഗ്രസ് പിളര്‍ന്നതിലൂടെയും ലഭിക്കാനിടയുള്ള സീറ്റുകളിലേക്കാണ് മുന്നണികളിലെ കക്ഷികളുടെയെല്ലാം നോട്ടം. എന്നാല്‍, പാര്‍ട്ടി പിളര്‍ന്നെങ്കിലും മുമ്പ് കേരള കോണ്‍ഗ്രസ് എമ്മിനു ലഭിച്ച 15 സീറ്റുകളും വേണമെന്ന നിലപാടിലാണ് പി ജെ ജോസഫ്. എന്നാല്‍, ഇതില്‍ കുറവ് വരുത്തി മുന്നണികളിലെ മറ്റു കക്ഷികള്‍ക്ക് നല്‍കുകയോ പുതുതായി ആരെങ്കിലും മുന്നണിയിലേക്ക് വരികയാണെങ്കില്‍ അവര്‍ക്കു നല്‍കുകയോ ചെയ്യണമെന്നും യുഡിഎഫില്‍ ചര്‍ച്ചകളുണ്ട്. എന്നാല്‍, കൂടുതല്‍ സീറ്റുകള്‍ ചോദിക്കുന്നില്ലെന്ന ന്യായമാണ് പി ജെ ജോസഫ് ഉയര്‍ത്തുക. പ്രതീക്ഷകള്‍ മങ്ങിയെങ്കിലും എന്‍സിപിയിലെ ഒരു വിഭാഗം മുന്നണിയിലെത്തുമെന്നു തന്നെയാണ് യുഡിഎഫ് ക്യാംപിലെ പ്രതീക്ഷ. എന്നാല്‍, പി സി ജോര്‍ജ്ജിനെ മുന്നണിയിലേക്കെടുക്കുന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയുണ്ടായിട്ടില്ല.

    കഴിഞ്ഞ തവണ അഞ്ചു സീറ്റില്‍ മല്‍സരിച്ച അധികം ആര്‍എസ്പിയാവട്ടെ ഒരു സീറ്റെങ്കിലും അധികം വേണമെന്ന നിലപാടാണ് ചര്‍ച്ചയില്‍ ഉന്നയിക്കുക. വേണ്ടത്ര സ്വാധീനമൊന്നും കേരളത്തില്‍ ഇല്ലെങ്കിലും ദേശീയാടിസ്ഥാനത്തിലുള്ള പിന്തുണയ്ക്കു വേണ്ടി ഫോര്‍വേര്‍ഡ് ബ്ലോക്കിനും സീറ്റ് നല്‍കാന്‍ സാധ്യതയുണ്ട്. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒരു സീറ്റാണ് ഫോര്‍വേര്‍ഡ് ബ്ലോക്ക് ആവശ്യപ്പെടുക.

Kerala assembly election-2021: UDF starts seat talks

Tags:    

Similar News