ക്ഷേത്രവളപ്പിലെ ആയുധപരിശീലനം: സംസ്ഥാന സര്‍ക്കാരിനും ആര്‍എസ്എസിനും ഹൈക്കോടതി നോട്ടീസ്

Update: 2023-06-20 13:35 GMT

തിരുവനന്തപുരം: ക്ഷേത്രവളപ്പില്‍ അതിക്രമിച്ചുകയറി ആയുധപരിശീലനം നടത്തുന്നുവെന്ന പരാതിയില്‍ സംസ്ഥാന സര്‍ക്കാരിനും ആര്‍എസ്എസിനും ഹൈക്കോടതി നോട്ടീസ്. തിരുവനന്തപുരത്ത് ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ശ്രീശര്‍ക്കര ദേവീക്ഷേത്രം വളപ്പില്‍ ആര്‍എസ്എസ് അംഗങ്ങള്‍ അനധികൃതമായി ആയുധപരിശീലനം നടത്തുന്നുണ്ടെന്നു കാണിച്ച് ഒരുകൂട്ടം ഹിന്ദുമത വിശ്വാസികളും പരിസരവാസികളും നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പി ജി അജിത്ത് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിശദീകരണം തേടിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട കോടതി, ഹരജി ജൂണ്‍ 26ലേക്ക് മാറ്റി. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നടപടി ഭക്തര്‍ക്കും തീര്‍ഥാടകര്‍ക്കും പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രണ്ട് ഭക്തരും ക്ഷേത്രത്തിലെ സമീപവാസികളുമാണ് ഹര്‍ജി നല്‍കിയത്. ബന്ധപ്പെട്ട അധികാരികളുടെ അനുമതിയില്ലാതെയാണ് പ്രതികള്‍ ക്ഷേത്രത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ആര്‍എസ്എസ് പ്രവര്‍ത്തകര്‍

    ക്ഷേത്രപരിസരത്ത് ഹാന്‍സ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് സന്നിധാനത്തിന്റെ വൃത്തിയെയും വിശുദ്ധിയെയും ദൈവികതയെയും ബാധിക്കുന്നുണ്ട്. ലഹരി ഉല്‍പ്പന്നങ്ങളുടെ ദുര്‍ഗന്ധം കാരണം ക്ഷേത്രം സന്ദര്‍ശിക്കുന്ന ഭക്തര്‍ക്ക്, പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വലിയ അസ്വസ്ഥത ഉണ്ടാക്കുന്നതായും ഹരജിയില്‍ പറയുന്നുണ്ട്. പ്രതികള്‍ തങ്ങളുടെ ആയുധ പരിശീലനത്തിന്റെ ഭാഗമായി ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്നത് ക്ഷേത്രത്തിന്റെ സമാധാനപരവും ശാന്തവുമായ അന്തരീക്ഷത്തിന് തടസ്സമുണ്ടാക്കുന്നുണ്ട്. ക്ഷേത്രവും പരിസരവും ഭക്തി ആവശ്യങ്ങള്‍ക്കായി മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാനും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമായ ആരാധനയ്ക്കുള്ള അവകാശം സംരക്ഷിക്കാന്‍ അധികാരികള്‍ക്ക് ബാധ്യതയും ഉത്തരവാദിത്തവും നല്‍കണമെന്ന് ഹരജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറും ക്ഷേത്രപരിസരം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വിലക്കി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടും എല്ലാ ദിവസവും വൈകീട്ട് അഞ്ച് മുതല്‍ പുലര്‍ച്ചെ 12 വരെ ആര്‍എസ്എസുകാര്‍ പരിശീലനം നടത്തുന്നതായി ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ക്ഷേത്രം നടത്തിപ്പുകാരോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ഹരജിയില്‍ കുറ്റപ്പെടുത്തുന്നുണ്ട്. അഡ്വ. എസ് നിഖില്‍ ശങ്കര്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

Tags:    

Similar News