കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണനയില്ല; 'മാര്‍ക്ക് ജിഹാദ്' വിവാദം തള്ളി ഡല്‍ഹി സര്‍വകലാശാല

ഏതാനും ബോര്‍ഡുകളില്‍നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജവാര്‍ത്തകളെ ഡല്‍ഹി സര്‍വകലാശാല ശക്തമായി നിഷേധിക്കുകയും അപലപിക്കുകയും ചെയ്യുന്നു- രജിസ്ട്രാര്‍ വികാസ് ഗുപ്ത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങളില്‍നിന്നും ഈ വര്‍ഷവും മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അപേക്ഷകള്‍ സ്വീകരിച്ചത്.

Update: 2021-10-08 04:58 GMT

ന്യൂഡല്‍ഹി: കേരളത്തില്‍ 'ലൗ ജിഹാദ്' ഉള്ളതുപോലെ 'മാര്‍ക്ക് ജിഹാദു'മുണ്ടെന്ന അധ്യാപകന്റെ വിവാദപരാമര്‍ശം തള്ളി ഡല്‍ഹി സര്‍വകലാശാല രംഗത്ത്. ഡല്‍ഹി സര്‍വകലാശാലയില്‍ എല്ലാവര്‍ക്കും തുല്യ അവസരമാണുള്ളതെന്ന് ഡല്‍ഹി സര്‍വകലാശാലാ രജിസ്ട്രാര്‍ അറിയിച്ചു. കേരളത്തിലെ കുട്ടികള്‍ക്ക് പ്രത്യേക പരിഗണനയില്ല. എല്ലാ വിദ്യാര്‍ഥികളുടെയും അക്കാദമിക് യോഗ്യതകളെ സര്‍വകലാശാല തുല്യമായി വിലമതിക്കുന്നു. ഒരു പ്രത്യേക സംസ്ഥാന ബോര്‍ഡില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ബിരുദ പ്രവേശനത്തില്‍ താല്‍പ്പര്യമുണ്ടെന്ന വാദങ്ങള്‍ ഡല്‍ഹി സര്‍വകലാശാല തള്ളി.

ഏതാനും ബോര്‍ഡുകളില്‍നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജവാര്‍ത്തകളെ ഡല്‍ഹി സര്‍വകലാശാല ശക്തമായി നിഷേധിക്കുകയും അപലപിക്കുകയും ചെയ്യുന്നു- രജിസ്ട്രാര്‍ വികാസ് ഗുപ്ത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങളില്‍നിന്നും ഈ വര്‍ഷവും മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അപേക്ഷകള്‍ സ്വീകരിച്ചത്. തുല്യ അവസരമാണ് നല്‍കിയിരിക്കുന്നതെന്നും രജിസ്ട്രാര്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി സര്‍വകലാശാല ഫിസിക്‌സ് പ്രഫസറും ആര്‍എസ്എസ്സുമായി ബന്ധമുള്ള നാഷനല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ടിന്റെ മുന്‍ പ്രസിഡന്റ് കൂടിയായ രാകേഷ് കുമാര്‍ പാണ്ഡെയാണ് വിവാദ പരാമര്‍ശനം നടത്തിയത്.

ഡിഗ്രി പ്രവേശന നടപടികള്‍ ആരംഭിച്ചപ്പോള്‍, കൂടുതല്‍ മലയാളി വിദ്യാര്‍ഥികള്‍ ഇത്തവണ ആദ്യത്തെ കട്ട്ഓഫില്‍ തന്നെ ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം നേടിയതാണ് രാകേഷ് കുമാര്‍ പാണ്ഡെയെ പ്രകോപിപ്പിച്ചത്. കൂടുതല്‍ മലയാളി വിദ്യാര്‍ഥികള്‍ ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം നേടിയത് അസ്വാഭാവികമാണ്. ഇത് അന്വേഷിക്കേണ്ടതാണ്. കേരളത്തില്‍ 'ലൗ ജിഹാദ്' ഉള്ളതുപോലെ മാര്‍ക്ക് ജിഹാദുമുണ്ട്. രണ്ടോ മൂന്നോ വര്‍ഷമായി നടക്കുന്ന സംഘടിതമായ ഗൂഢനീക്കത്തിന്റെ ഭാഗമാണിത്.

കേരളം ഇടതുപക്ഷക്കാരുടെ കേന്ദ്രമാണ്. ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി അവരുടെ കൈപ്പിടിയിലാക്കിയ പോലെ ഡല്‍ഹി സര്‍വകലാശാലയും പിടിച്ചെടുക്കാനുള്ള ശ്രമമാണിതെന്നും രാകേഷ് കുമാര്‍ പാണ്ഡെ ആരോപിക്കുന്നു. ഓണ്‍ലൈന്‍ പരീക്ഷയായതിനാല്‍ കഴിഞ്ഞ ലോക്ക് ഡൗണ്‍ സമയത്ത് 100 ശതമാനം മാര്‍ക്ക് കിട്ടുന്നതില്‍ അത്ഭുതമില്ല. എന്നാല്‍, അതിനുമുമ്പുള്ള സാഹചര്യങ്ങളിലും മലയാളി വിദ്യാര്‍ഥികള്‍ സംസ്ഥാന ബോര്‍ഡ് പരീക്ഷകളില്‍ 100 ശതമാനം മാര്‍ക്ക് നേടുന്നത് ഇത്തരത്തിലുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണെന്നാണെന്നും രാകേഷ് കുമാര്‍ ആരോപിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ദില്ലി സര്‍വകലാശാലയിലെ ബിരുദ പ്രവേശനം തുടങ്ങിയത്.

ഹിന്ദു, രാംജാസ്, മിറാണ്ട, എസ്ആര്‍സിസി തുടങ്ങി പ്രധാന കോളജുകളിലെ ആദ്യ പട്ടികയില്‍ ഇടംനേടിയതില്‍ കൂടുതലും മലയാളി വിദ്യാര്‍ഥികളായിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം കിട്ടുന്നതിന് പിന്നില്‍ മാര്‍ക്ക് ജിഹാദ് ആണെന്ന് അധ്യാപകന്‍ ആരോപിച്ചത്. പ്രഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയുടെ വിവാദ പരാമര്‍ശത്തിനെതിരേ എസ്എഫ്‌ഐ രംഗത്തെത്തി. കേരളത്തെ തീവ്രവാദ കേന്ദ്രമാക്കാന്‍ ശ്രമം നടക്കുന്നു. വിവാദത്തിന്റെ മറവില്‍ ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ കോളജുകളില്‍നിന്നും കേരളത്തില്‍നിന്നും മികച്ച മാര്‍ക്ക് വാങ്ങി വിജയിച്ച വിദ്യാര്‍ഥികളെ ഒഴിവാക്കാനുള്ള നീക്കമാണ് നടക്കുന്നത്. കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു. പ്രസ്താവന അതിരുകടന്നുവെന്ന് ശശി തരൂരും പ്രതികരിച്ചു.

Tags:    

Similar News