കൂടത്തായി: റോയ് തോമസ് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; നാല് പ്രതികള്‍, 246 സാക്ഷികള്‍

കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍, വിഷം കൈവശം സൂക്ഷിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കേസില്‍ 246 സാക്ഷികളാണുള്ളത്. അന്വേഷണസംഘത്തിന്റെ തലവന്‍ എസ്പി കെജി സൈമണ്‍ വടകരയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

Update: 2020-01-01 11:28 GMT

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ ആദ്യകുറ്റപത്രം സമര്‍പ്പിച്ചു. റോയ് തോമസ് വധക്കേസിലാണ് ജോളി ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. 1,800 പേജുള്ള കുറ്റപത്രമാണ് താമരശ്ശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. റോയ് തോമസിന് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തിനല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ റോയിയുടെ ഭാര്യ ജോളിയമ്മ എന്ന ജോളി (47) യാണ് മുഖ്യപ്രതി. ജോളിക്ക് സയനൈഡ് എത്തിച്ചുനല്‍കിയ ജൂവലറി ജീവനക്കാരന്‍ കക്കാട് കക്കവയല്‍ മഞ്ചാടിയില്‍ എം എസ് മാത്യു (44), മാത്യുവിന് സയനൈഡ് നല്‍കിയ സ്വര്‍ണപ്പണിക്കാരന്‍ താമരശ്ശേരി തച്ചംപൊയിലില്‍ മുള്ളമ്പലത്തില്‍ പ്രജികുമാര്‍ (48), വ്യാജ ഒസ്യത്തുണ്ടാക്കാന്‍ ജോളിയെ സഹായിച്ച സിപിഎം മുന്‍ കട്ടാങ്ങല്‍ ലോക്കല്‍ സെക്രട്ടറി കെ മനോജ് എന്നിവരാണ് യഥാക്രമം രണ്ടുമുതല്‍ നാലുവരെ പ്രതികള്‍.

കേസില്‍ മാപ്പുസാക്ഷികളില്ല. ജോളിയുടെ രണ്ടു മക്കളുടേതടക്കം ആറുപേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് 322 രേഖകളും 22 മെറ്റീരിയല്‍ ഒബ്ജക്ട്‌സും ഹാജരാക്കുമെന്ന് അന്വേഷണം സംഘം കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍, വിഷം കൈവശം സൂക്ഷിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കേസില്‍ 246 സാക്ഷികളാണുള്ളത്. അന്വേഷണസംഘ തലവന്‍ എസ്പി കെജി സൈമണ്‍ വടകരയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. റോയി വധക്കേസില്‍ ഡിഎന്‍എ ടെസ്റ്റ് അനിവാര്യമല്ലെന്ന് എസ്പി കെജി സൈമണ്‍ പറഞ്ഞു. കേസില്‍ വ്യാജ ഒസ്യത്ത് നിര്‍ണായക തെളിവാണ്. ജോളി സയനൈഡ് കൈവശംവച്ചതിനും തെളിവുണ്ട്. കടലക്കറിയിലും വെള്ളത്തിലുമാണ് ജോളി സയനൈഡ് കലര്‍ത്തിയത്.

രാസപരിശോധനാ റിപോര്‍ട്ട് ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന് റോയ് തോമസ് കൊലപാതകത്തില്‍ പങ്കില്ലെന്നും കെജി സൈമണ്‍ പറഞ്ഞു. കുറ്റപത്രം സമര്‍പ്പിച്ചത് വളരെ സംതൃപ്തിയോടെയാണ്. ബികോം, എംകോം, യുജിസി നെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്‍ഐടി ഐഡി കാര്‍ഡ് എന്നിവ ജോളി വ്യാജമായുണ്ടാക്കിയതാണ്. മൂന്നുപേരെക്കൂടി കൊലപ്പെടുത്താന്‍ ജോളി പദ്ധതിയിട്ടിരുന്നതായും എസ്പി പറഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് റോയ് തോമസ് വധക്കേസില്‍ ഭാര്യ ജോളിയെ അന്വേഷണസംഘം അറസ്റ്റുചെയ്തത്. റോയ് തോമസ് സയനൈഡ് ഉള്ളില്‍ചെന്നാണ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍നിന്ന് വ്യക്തമായിരുന്നു. ആറ് ദുര്‍മരണങ്ങളില്‍ റോയ് തോമസിന്റെ കേസില്‍ മാത്രമാണ് മൃതദേഹപരിശോധന നടന്നത്. കോഴിക്കോട് റൂറല്‍ എസ്പി കെജി സൈമണിന്റെ മേല്‍നോട്ടത്തില്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ഹരിദാസന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസില്‍ അന്വേഷണം നടത്തിയത്.

Tags:    

Similar News