കുടയത്തൂര്‍ ഉരുള്‍പൊട്ടല്‍: ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം, മൃതദേഹങ്ങള്‍ കണ്ടെടുത്തു

Update: 2022-08-29 05:43 GMT

ഇടുക്കി: തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരു കുടുംബത്തിലെ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ചിറ്റടിച്ചാല്‍ സ്വദേശി സോമനും കുടുംബവുമാണ് മരിച്ചത്. സോമന്‍, അമ്മ തങ്കമ്മ (75), ഭാര്യ ഷിജി, മകള്‍ നിമ (25), മകന്‍ ദേവാനന്ദ് (5) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. നാട്ടുകാരുടെയും എന്‍ഡിആര്‍എഫിന്റെയും അഗ്‌നിശമന സേനയുടെയും ഡോഗ് സ്‌ക്വാഡിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

ടാപ്പിങ് തൊഴിലാളിയായ ജയന്‍ അഞ്ച് സെന്റ് പുരയിടത്തിലാണ് താമസിച്ചുവന്നത്. പുലര്‍ച്ചയോടെ കുതിച്ചെത്തിയ ഉരുള്‍പൊട്ടലില്‍ വീടുള്‍പ്പെടെ ഒലിച്ചുപോവുകയായിരുന്നു. കുടയത്തൂര്‍ ജംഗ്ഷനിലുള്ള മാളിയേക്കല്‍ കോളനിക്ക് മുകളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിനും 3.30നുമിടെയാണ് ഉരുള്‍പൊട്ടലുണ്ടായത്.

പ്രദേശത്തെ റോഡും കൃഷിയിടങ്ങളും ഒലിച്ചുപോയിട്ടുണ്ട്. ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലിസും തിരച്ചില്‍ നടത്തിയത്. ഇന്നലെ രാത്രി മുതല്‍ പ്രദേശത്ത് അതിശക്തമായമായ മഴയാണ് പെയ്യുന്നത്. ഈ മഴയ്ക്ക് ഒടുവിലാണ് വലിയ ശബ്ദത്തോടെ ഉരുള്‍പൊട്ടിയത്. വീട് പൂര്‍ണമായും മണ്ണിനടിയില്‍പ്പെട്ട അവസ്ഥയിലാണ്. വീടിന്റെ അടിത്തറ മാത്രമാണ് ഇപ്പോഴുള്ളത്. മണ്ണും പാറയും വലിയ രീതിയില്‍ പതിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ രക്ഷാപ്രവര്‍ത്തനം വളരെ ശ്രമകരമായിരുന്നു. സ്ഥലത്ത് വലിയ രീതിയില്‍ മണ്ണടിഞ്ഞ് കിടക്കുന്നുണ്ട്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നത്. ഇടുക്കി കലക്ടറും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. തൊടുപുഴ പുളിയന്‍മല റോഡില്‍ തിങ്കളാഴ്ച രാത്രി വരെ ഗതാഗതം നിരോധിച്ചതായി ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജ് വ്യക്തമാക്കി.

Tags:    

Similar News