എന്താണ് ഖലിസ്താന്‍ വാദം ? Explainer

ഖലിസ്താന്‍ എന്ന ആശയം രൂപപ്പെട്ടതിന്റെ ചരിത്രവും സംഘര്‍ഷങ്ങളും നിലവിലെ നയതന്ത്രപ്രതിസന്ധിയും വിശദീകരിക്കുന്നു.

Update: 2024-10-22 16:45 GMT

നേഡിയന്‍ പൗരനായ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മില്‍ നയതന്ത്രയുദ്ധം തുടരുകയാണ്. കാനഡ ഖലിസ്താനികളുടെ കേന്ദ്രമാണെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. അതിനിടെ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ മുന്‍ ഏജന്റായ വികാസ് യാദവിനെതിരേ അമേരിക്കന്‍ പോലിസ് സേനയായ എഫ്ബിഐ ലുക്ക്ഔട്ട് നോട്ടീസും ഇറക്കി.

സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ നിയമോപദേഷ്ടാവായ അഡ്വ. ഗുര്‍പത്‌വന്ത് സിങ് പന്നുവിനെ കൊല്ലാന്‍ ഇയാള്‍ ഗൂഡാലോചന നടത്തിയെന്നാണ് എഫ്ബിഐ ആരോപിക്കുന്നത്. അതിനിടെ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ സിആര്‍പിഎഫ് സ്‌കൂളിന് സമീപം സ്‌ഫോടനം നടന്നു. ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സ് എന്ന സംഘടനയാണ് ഇതിന് പുറകിലെന്നാണ് പോലിസ് ആരോപിക്കുന്നത്.

ആരാണ് 'ഖലിസ്താന്‍' വാദികള്‍?

ഇന്ത്യയിലെ പഞ്ചാബും ചുറ്റുവട്ടത്തുള്ള പഞ്ചാബി ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളും ഉള്‍പ്പെടുന്ന ഒരു സ്വതന്ത്ര രാജ്യമാണ് ഖലിസ്താന്‍ എന്നതു കൊണ്ട് ഖലിസ്താന്‍ വാദികള്‍ അര്‍ത്ഥമാക്കുന്നത്. ഖല്‍സ എന്ന അറബിക്ക് വാക്കില്‍ നിന്നാണ് ഖലിസ്താന്‍ എന്ന വാക്ക് രൂപപ്പെട്ടത്. ഖല്‍സയെന്നാല്‍ ശുദ്ധം എന്നാണ് അര്‍ത്ഥം. ഖലിസ്താന്‍ എന്നാല്‍ ശുദ്ധമായ പ്രദേശമാണ്.

പതിനഞ്ചാം നൂറ്റാണ്ടില്‍ മുഗള്‍ ഭരണകാലത്താണ് ബാബാ ഗുരു നാനാഖ്, സിഖ് മതം സ്ഥാപിക്കുന്നത്. സുവര്‍ണക്ഷേത്രം എന്നറിയപ്പെടുന്ന ഹര്‍മന്ദിര്‍ സാഹിബിന്റെ നിര്‍മാണത്തിന് തറക്കല്ലിട്ടത് ലഹോറില്‍ നിന്നെത്തിയ സൂഫിവര്യനായ ഹസ്‌റത്ത് മിയാന്‍ മിര്‍ ആയിരുന്നു. സിഖ് മതത്തിലെ പത്താമത്തെയും അവസാനത്തെയുമായ ഗുരുവായ ഗോബിന്ദ് സിങ് 1699ല്‍ ഖല്‍സ എന്ന എന്ന പേരു കൂടി ഉള്‍പ്പെടുത്തി മതത്തെ വികസിപ്പിച്ചു. സിഖ് മതത്തിന് ആത്മീയതക്കൊപ്പം സൈനിക ഉള്ളടക്കവും അദ്ദേഹം പകര്‍ന്നു നല്‍കി. സിഖ് മതത്തെ സംരക്ഷിക്കാനും രാഷ്ട്രീയ അധികാരം ഏറ്റെടുക്കാനും അദ്ദേഹം നിര്‍ദേശിച്ചു.

വീഡിയോ സ്‌റ്റോറി കാണാം (വിശദീകരണം വീഡിയോക്ക് താഴെ തുടരും)


Full View

ഇതിനെ തുടര്‍ന്ന് രൂപീകരിച്ച ഖല്‍സ സൈന്യത്തിന്റെ മേധാവിയായ ബന്ദ സിങ് ബഹദൂര്‍ 1710ല്‍ ഡല്‍ഹിക്കും ലഹോറിനും ഇടയിലുള്ള സര്‍ഹിന്ദ് കീഴടക്കി ആദ്യ ചുവട് വച്ചു. മുഖ്‌ലിസ് പൂര്‍ എന്ന പ്രദേശത്തെ തലസ്ഥാനമായും പ്രഖ്യാപിച്ചു. ശുദ്ധമാക്കപ്പെട്ടവരുടെ നഗരം എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. പ്രദേശത്തിന് മേല്‍ ദൈവത്തിന്റെയും ഗുരുക്കളുടെയും അധികാരം ഉറപ്പിച്ച അവര്‍ നാണയങ്ങളും മറ്റും തയ്യാറാക്കി ഭരിച്ചു.

'ഖല്‍സ ഭരിക്കും' എന്ന മുദ്രാവാക്യം അക്കാലത്താണ് രൂപപ്പെടുന്നത്. പക്ഷെ, ബന്ദാ സിങ് ബഹദൂറിന്റെ ഖല്‍സാ ഭരണം വളരെ കുറച്ച് കാലം മാത്രമേ നിലനിന്നുള്ളു.

എന്നാല്‍, മഹാരാജാ രഞ്ജിത് സിംഗ് 1810ല്‍ ലഹോര്‍ കേന്ദ്രമാക്കി ബൃഹത്തായ സിഖ് സാമ്രാജ്യം സ്ഥാപിച്ചു. ഇന്ന് പാകിസ്താന്റെ ഭാഗമായ ബലൂചിസ്താന്‍, പെഷവാര്‍, റാവല്‍പിണ്ടി, മുള്‍ത്താന്‍, സിയാല്‍കോട്ട് തുടങ്ങിയ പ്രദേശങ്ങളും ജമ്മു, ഗുജറാത്ത്, ശ്രീനഗര്‍, അമൃത്സര്‍, ലഡാക്ക്, ഷിംല തുടങ്ങിയ പ്രദേശങ്ങളും രാജാ രഞ്ജിത് സിങ്ങിന്റെ ഭരണത്തിന് കീഴിലായിരുന്നു. പഞ്ചാബിയും ഉറുദുവുമായിരുന്നു ഈ രാജ്യത്തെ ഭരണഭാഷ. 1849ല്‍ ബ്രിട്ടീഷുകാര്‍ ഈ സാമ്രാജ്യം കീഴടക്കി. പരാജയപ്പെട്ടാലും ഒരു കാലത്ത് ഖല്‍സ ഭരണം തിരികെ വരുമെന്ന് സിഖുകാര്‍ പ്രതീക്ഷിച്ചു.

ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്ന് പോവുമ്പോള്‍ സ്വയംഭരണപ്രദേശമോ സ്വതന്ത്രരാജ്യമോ ലഭിക്കുമെന്നായിരുന്നു സിഖുകാര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, പഞ്ചാബിനെ ഇന്ത്യക്കും പാകിസ്താനുമായി വീതിച്ചു നല്‍കുകയാണ് ബ്രിട്ടീഷുകാര്‍ ചെയ്തത്. ഇതോടെ ഭരണഘടനാ നിര്‍മാണ സഭയിലെ സിഖ് അംഗങ്ങള്‍ കരാറില്‍ ഒപ്പിടാന്‍ വിസമ്മതിച്ചു. ഭരണഘടനയില്‍ സിഖ് മതത്തെ ഹിന്ദുമതത്തിന് കീഴില്‍ ഉള്‍പ്പെടുത്തിയതും സ്വന്തമായി വ്യക്തി നിയമങ്ങള്‍ അനുവദിക്കാതിരുന്നതും സിഖുകാരില്‍ പ്രതിഷേധം ശക്തമാക്കി.

സ്വന്തമായി രാജ്യം ലഭിക്കാതിരുന്ന സിഖുകാരില്‍ ഒരു വിഭാഗം ഇന്ത്യ സ്വതന്ത്രമായതിന് ശേഷം പഞ്ചാബി ഭാഷ സംസാരിക്കുന്നവരുടെ ഒരു സ്വയംഭരണ പ്രദേശത്തിനും ആവശ്യമുന്നയിച്ചു. പഞ്ചാബിലെ സവര്‍ണ ഹിന്ദുക്കള്‍ തങ്ങളുടെ മാതൃഭാഷ പഞ്ചാബിയല്ല, മറിച്ച് ഹിന്ദിയാണെന്ന് രേഖാമൂലം എഴുതി നല്‍കി ഇതിനെ അട്ടിമറിച്ചു. പഞ്ചാബി ഭാഷ അടിസ്ഥാനമാക്കിയ സംസ്ഥാനം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു 1952ല്‍ പ്രഖ്യാപിച്ചു. 1966ല്‍ പഞ്ചാബികളുടെ താല്‍പര്യത്തിലുണ്ടായിരുന്ന വിശാലമായ പ്രദേശങ്ങള്‍ ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ ഛണ്ഡീഗഡ് തലസ്ഥാനമാക്കി ഒരു പഞ്ചാബ് സംസ്ഥാനം രൂപീകരിച്ചു. ചരിത്രപരമായ പഞ്ചാബ് ലഭിച്ചില്ലെന്ന അതൃപ്തി സിഖുകാരില്‍ തുടര്‍ന്നു.

അഞ്ച് നദികളുടെ ഭൂമിയെന്നാണ് പഞ്ചാബ് എന്ന വാക്ക് അര്‍ത്ഥമാക്കുന്നത്. എന്നാല്‍, യമുന-സത്‌ലജ് കനാല്‍ ലിങ്ക് വരുന്നതോടെ തങ്ങളുടെ ജലം മറ്റു സംസ്ഥാനങ്ങള്‍ കൊണ്ടുപോവുമെന്നും കൃഷി തകരുമെന്നും പഞ്ചാബികള്‍ ആശങ്ക പ്രകടിപ്പിച്ചു. ഇതോടെ ഗ്രാമീണ കര്‍ഷകര്‍ കൂടുതലായ് ഖലിസ്താന്‍ വാദത്തിന് പിന്തുണ നല്‍കി. കൂടാതെ സിഖ് മതവിശ്വാസങ്ങള്‍ക്ക് വിരുദ്ധമായ, ഹിന്ദു ഉള്ളടക്കമുള്ള നിരങ്കാരി പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് ഡല്‍ഹിയിലെ സര്‍ക്കാര്‍ പിന്തുണയും നല്‍കി.

ചരിത്രപരവും സാമൂഹികപരവുമായ നിരവധി ഘടകങ്ങള്‍ കൂടിചേര്‍ന്നാണ് 1970കളില്‍ ഖലിസ്താന്‍ പ്രസ്ഥാനം സിഖുകാര്‍ക്കിടയില്‍ ശക്തിയാര്‍ജിക്കുന്നത്. 1978ല്‍ അമൃത്സറില്‍ സുവര്‍ണ ക്ഷേത്രത്തിന് സമീപം നിരങ്കാരികളുമായി സിഖുകാര്‍ ഏറ്റുമുട്ടി. നിരങ്കാരികള്‍ സിഖ് മതത്തെ വികൃതമാക്കുന്ന കാര്യങ്ങള്‍ ചെയ്തുവെന്നായിരുന്നു ആരോപണം. ഈ ഏറ്റുമുട്ടലില്‍ 13 ഖല്‍സ സിഖുകാര്‍ കൊല്ലപ്പെട്ടു. ഇതോടെ ഖലിസ്താന്‍ പ്രസ്ഥാനം മറ്റൊരു തലത്തിലേക്ക് വളര്‍ന്നു.

ഗുരു ഗോബിന്ദ് സിംഗ് സ്ഥാപിച്ച ദം ദമി തസ്‌കലിന്റെ മേധാവിയായി ചുമതലയേറ്റ സന്ത് ജര്‍ണൈല്‍ സിങ് ഭിന്ദ്രന്‍ വാലയാണ് ഖലിസ്താന്‍ പ്രസ്ഥാനത്തിന്റെ ഒരു മുഖം. പ്രാര്‍ത്ഥനയില്‍ സംഗീതത്തിന് പ്രാധാന്യം നല്‍കിയ അഖണ്ഡ കീര്‍ത്തനി ജാഥയെന്ന പ്രസ്ഥാനത്തില്‍ നിന്ന് രൂപപ്പെട്ട ബബ്ബര്‍ ഖല്‍സയെന്ന സംഘടന മറ്റൊരു ധാരക്കും നേതൃത്വം നല്‍കി.

ഇക്കാലത്ത് പഞ്ചാബിന്റെ ഗ്രാമപ്രദേശങ്ങളില്‍ സിഖുകാര്‍ രാജ്യത്തിന്റെ നിയമത്തിന് പുറത്തുള്ള നിയമസംവിധാനങ്ങളും മറ്റും രൂപീകരിച്ചു. നാട്ടുകാര്‍ തമ്മിലുളള തര്‍ക്കങ്ങളിലും മറ്റും സമാന്തര കോടതികളാണ് തീര്‍പ്പുണ്ടാക്കിയിരുന്നത്. മദ്യപാനം, സ്ത്രീധനം പോലുള്ള സാമൂഹിക തിന്മകളെയും ഖലിസ്താന്‍ പ്രസ്ഥാനം നേരിട്ടു.

ഇക്കാലത്താണ് ജര്‍ണൈല്‍ സിംഗ് ഭിന്ദ്രന്‍വാല സുവര്‍ണക്ഷേത്രത്തില്‍ താമസിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ഖലിസ്താന്‍ വാദികളെ ഒറ്റുകൊടുക്കുന്നുവെന്നാരോപിച്ച് ആര്‍എസ്എസുകാരെയും സവര്‍ണ ഹിന്ദുക്കളില്‍ ഒരു വിഭാഗത്തെയും അവര്‍ നേരിടുകയും ചെയ്തു. ഖലിസ്താന്‍ വാദികള്‍ ഉന്നയിച്ച മതപരമായ ചില ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരുന്നു. സുവര്‍ണക്ഷേത്രത്തില്‍ നിന്നുള്ള പ്രാര്‍ഥനകള്‍ ഓള്‍ ഇന്ത്യ റേഡിയോയിലൂടെ സംപ്രേഷണം ചെയ്യാന്‍ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ കേന്ദ്രം തയ്യാറായി. എന്നാല്‍, രാഷ്ട്രീയ ആവശ്യങ്ങളെ സൈനികമായി നേരിടാനായിരുന്നു തീരുമാനം.

ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന 1984ല്‍ ഇന്ത്യന്‍ സൈന്യം സുവര്‍ണക്ഷേത്രം ആക്രമിച്ചു. സുവര്‍ണക്ഷേത്രത്തില്‍ നിന്ന് തീവ്രവാദികളെ പുറത്താക്കാനാണ് സൈനിക നടപടിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ എന്നാണ് ഈ നടപടി അറിയപ്പെടുന്നത്. ജൂണ്‍ ഒന്നു മുതല്‍ പത്ത് വരെ ടാങ്കുകളും മറ്റും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ആയിരക്കണക്കിന് സിഖുകാര്‍ കൊല്ലപ്പെട്ടു. സിഖുകാരുടെ ഉല്‍സവമായ ബൈശാഖി ദിവസമായിരുന്നു ആക്രമണത്തിന് സൈന്യം തിരഞ്ഞെടുത്തത്. ഇതാണ് മരണസംഖ്യ വന്‍തോതില്‍ കൂടാന്‍ കാരണമായത്. സുവര്‍ണക്ഷേത്രത്തില്‍ തുടര്‍ന്ന ഭിന്ദ്രന്‍വാലയും കൊല്ലപ്പെട്ടു. സിഖുകാരുടെ ആത്മീയ കേന്ദ്രമായ അകാല്‍ തഖ്തും സൈന്യം ആക്രമിച്ചു.

സുവര്‍ണക്ഷേത്രവും അകാല്‍ തഖ്തും ആക്രമിക്കപ്പെട്ടത് സിഖുകാര്‍ക്കിടയില്‍ വലിയ പ്രതിഷേധം രൂപപ്പെടാന്‍ കാരണമായി. 1984 ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അവരുടെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരായ രണ്ടു സിഖുകാര്‍ വെടിവച്ചു കൊന്നു. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസുകാര്‍ നടത്തിയ കലാപത്തില്‍ ഡല്‍ഹിയില്‍ മാത്രം ആയിരക്കണക്കിന് സിഖുകാര്‍ കൊല്ലപ്പെട്ടു. 'വന്‍മരങ്ങള്‍ വീഴുമ്പോള്‍ നിലം കുലുങ്ങും' എന്നാണ് കലാപങ്ങളെ ന്യായീകരിച്ച് ഇന്ദിരയുടെ മകനായ രാജീവ് ഗാന്ധി പറഞ്ഞത്. ആര്‍എസ്എസും സജീവമായി ഈ കലാപത്തില്‍ പങ്കെടുത്തുവെന്ന പില്‍ക്കാലത്ത് വെളിപ്പെട്ടു.

1986ല്‍ അകാല്‍ തഖ്തില്‍ ചേര്‍ന്ന അഞ്ചംഗ മത കമ്മിറ്റി സ്വതന്ത്ര ഖലിസ്താന്‍ പ്രഖ്യാപിച്ചു. 1986നു ശേഷം സൈന്യം പിന്നീടും പഞ്ചാബില്‍ ഇറങ്ങി. ഇത് വലിയ തോതിലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമായി. എന്തായാലും 90കളില്‍ ഖലിസ്താന്‍ പ്രസ്ഥാനത്തെ സൈന്യം അടിച്ചമര്‍ത്തി. നിരവധി പേര്‍ രാജ്യം വിട്ട് വിദേശരാജ്യങ്ങളിലേക്ക് കുടിയേറി.

ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന് നേതൃത്വം നല്‍കിയ സൈനിക മേധാവി അരുണ്‍ വൈദ്യയെ 1986ല്‍ മഹാരാഷ്ട്രയിലെ പൂനെയില്‍ വച്ച് സിഖ് ഗറില്ലകള്‍ വെടിവെച്ചു കൊന്നിരുന്നു. പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ബിയാന്ത് സിങിനെ 1995ല്‍ ബബ്ബര്‍ ഖല്‍സ മനുഷ്യബോംബാക്രമണത്തില്‍ വധിച്ചിരുന്നു. ബ്ലൂസ്റ്റാറിന് അമൃത്സറില്‍ നേതൃത്വം നല്‍കിയ കുല്‍ദീപ് സിങ് ബ്രാര്‍ എന്ന സൈനിക ഉദ്യോഗസ്ഥനെ 2012ല്‍ ലണ്ടനില്‍ വെച്ച് കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു.

ഇന്ത്യയില്‍ 2.08 കോടി സിഖ് മതവിശ്വാസികള്‍ ഉണ്ടെന്നാണ് 2011ലെ സെന്‍സസ് പറയുന്നത്. രാജ്യത്തെ ജനസംഖ്യയുടെ 1.7 ശതമാനം മാത്രമാണിത്. ഇതില്‍ 1.6 കോടി പേര്‍ പഞ്ചാബിലാണ് ജീവിക്കുന്നത്. അതേസമയം, വിവിധ ലോകരാജ്യങ്ങളിലായി 2.6 കോടി സിഖുകാര്‍ ഉണ്ട്. കാനഡയിലാണ് ഏറ്റവുമധികം സിഖുകാരുള്ളത്. കാനഡയിലെ 18എംപിമാര്‍ സിഖുകാരാണ്. ഇംഗ്ലണ്ടിലും ആസ്‌ത്രേലിയയിലും അമേരിക്കയിലും ലക്ഷക്കണക്കിന് സിഖുകാരുണ്ട്.

കഴിഞ്ഞ ഏതാനും വര്‍ഷമായി ഖലിസ്താന്‍ രൂപീകരിക്കണമോ എന്ന കാര്യത്തില്‍ സിഖുകാര്‍ക്കിടയില്‍ ഹിതപരിശോധന നടക്കുന്നുണ്ട്. കാനഡയിലും യൂറോപ്പിലും വോട്ടെടുപ്പ് നടന്നു കഴിഞ്ഞു. പന്നുവിന്റെ സിഖ്‌സ് ഫോര്‍ ജസ്റ്റിസാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഹിതപരിശോധന പ്രഖ്യാപിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ ഈ സംഘടനയെ നിരോധിച്ചു.

വിദേശരാജ്യങ്ങളില്‍ ഇപ്പോളും ഖലിസ്താന്‍ വാദം ശക്തമായി തുടരുകയാണ്. ദുബൈയിലെ ബിസിനസ് ഒഴിവാക്കി പഞ്ചാബില്‍ തിരികെയെത്തിയ അമൃതപാല്‍ സിങ് എന്ന യുവാവിനെ ഖലിസ്താന്‍ വാദിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത് 2400 കിലോമീറ്റര്‍ അകലെയുള്ള അസമിലെ ജയിലില്‍ അടച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിലില്‍ കിടന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച അമൃത്പാല്‍ സിങ് രണ്ടു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു. ഇന്ദിരാഗാന്ധിയെ വെടിവെച്ചു കൊന്ന പോലിസുകാരനായ ബിയാന്ത് സിങിന്റെ മകന്‍ സരബ്ജിത് സിങ് ഖല്‍സയും വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചു. ബിയാന്ത് സിങ്ങിന്റെ ഭാര്യയും സരബ്ജിത് സിങ് ഖല്‍സയുടെ മാതാവുമായ ബിമല്‍ കൗര്‍ ഖല്‍സയും അവരുടെ പിതാവ് ബാബ സുചാ സിങും 1989ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വിജയിച്ചിരുന്നു.

കനഡയില്‍ കൊല്ലപ്പെട്ട ഹര്‍ദീപ് സിങ് നിജ്ജറിന് പുറമെ പ്രമുഖ സിഖ് വിമതനായ അവതാര്‍ സിങ് ഖണ്ഡ 2023 ജൂണില്‍ ബ്രിട്ടനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. ഇയാളുടെ പിതാവ് കുല്‍വന്ത് സിങ് ഖുക്രാന, ആര്‍എസ്എസ് ശാഖ ആക്രമിച്ചു നിരവധി ആര്‍എസ്എസുകാരെ കൊന്ന കേസില്‍ പ്രതിയായിരുന്നു. 1992ല്‍ പോലിസ് കുല്‍വന്തിനെ വെടിവെച്ചു കൊന്നിരുന്നു.

ബിജെപി അധികാരത്തില്‍ വന്ന ശേഷം നിരവധി സിഖ് വിമതരാണ് പാക്കിസ്താനിലും കൊല്ലപ്പെട്ടത്. വിവിധ സിഖ് സംഘടനകളുടെ നേതാക്കളായിരുന്നു ഇവര്‍. അമേരിക്കന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിക്കുക മാത്രമാണ് ഗുര്‍പത്‌വന്ത് സിങ് പന്നു ചെയ്തത് എന്നാണ് അമേരിക്ക പറയുന്നത്. അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിക്കുന്ന കനേഡിയന്‍ പൗരനെ കാനഡയില്‍ വെച്ച് കൊല ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നാണ് കാനഡയും പറയുന്നത്. എന്തായാലും വരും ദിവസങ്ങളിലും ഖലിസ്താന്‍ പ്രസ്ഥാനം ഇന്ത്യയില്‍ മാത്രമല്ല ലോകത്തും വലിയ ചര്‍ച്ചയായി തുടരും.

Tags:    

Similar News