ഡല്‍ഹി ചലോ മാര്‍ച്ചിന് പിന്നില്‍ ഖലിസ്ഥാന്‍ 'തീവ്രവാദികള്‍'; പ്രക്ഷോഭത്തിന് പിന്നില്‍ പഞ്ചാബില്‍നിന്ന് വന്നവരെന്നും ഹരിയാന മുഖ്യമന്ത്രി

ഹരിയാനയിലെ കര്‍ഷകര്‍ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും പഞ്ചാബില്‍ നിന്നെത്തിയവരാണ് സംഘര്‍ഷമുണ്ടാക്കിയതെന്നും ഘട്ടര്‍ ആരോപിച്ചു.

Update: 2020-11-28 12:09 GMT

ന്യൂഡല്‍ഹി: കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ചിന് പിന്നില്‍ ഖലിസ്ഥാന്‍ 'തീവ്രവാദി'കളെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍. കര്‍ഷക മാര്‍ച്ചിനിടെ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നെന്നും ഇതേപ്പറ്റി സര്‍ക്കാരിന് വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു. ഹരിയാനയിലെ കര്‍ഷകര്‍ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും പഞ്ചാബില്‍ നിന്നെത്തിയവരാണ് സംഘര്‍ഷമുണ്ടാക്കിയതെന്നും ഘട്ടര്‍ ആരോപിച്ചു.

'സമരം ആരംഭിച്ചത് പഞ്ചാബില്‍ നിന്നാണ്. സമരവുമായി ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും യൂണിയനുകള്‍ക്കും ബന്ധമുണ്ട്. ഹരിയാനയില്‍ നിന്നുള്ള കര്‍ഷകര്‍ സമരത്തില്‍ പങ്കെടുത്തിട്ടില്ല. അതിന് അവരെ അഭിനന്ദിക്കുകയാണ്. തങ്ങളുടെ ഡ്യൂട്ടി കൃത്യമായി ചെയ്തതിന് ഹരിയാന പോലിസിനെയും അഭിനന്ദിക്കുന്നു'അദ്ദേഹം പറഞ്ഞു.

അതേസമയം, മാര്‍ച്ച് ചെയ്യുന്ന കര്‍ഷകര്‍ക്ക് എതിരെ ഹരിയാന പൊലീസ് കലാപ ശ്രമത്തിന് കേസെടുത്തു. ഭാരതീയ കിസാന്‍ യൂണിയന്‍ ഹരിയാന സംസ്ഥാന സെക്രട്ടറി ഗുര്‍നാം സിങ് ചരുണി അടക്കമുള്ള നേതാക്കള്‍ക്ക് എതിരെയാണ് ഹരിയാന പൊലീസ് കേസെടുത്തിരിക്കുന്നത്.

ഐപിസി സെക്ഷനുകളായ 307 ( കൊലപാതക ശ്രമം) 147 (കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍) 149 (അനധികൃതമായി സംഘം ചേരല്‍) 269 (പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം) എന്നിവ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് കര്‍ഷകര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

ഡല്‍ഹിയിലേക്ക് പുറപ്പെട്ട പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരെ ഹരിയാന അതിര്‍ത്തിയായ അംബാലയില്‍ പൊലീസ് തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് പോലിസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. കര്‍ഷകര്‍ ട്രാക്ടറുകള്‍ ഉപയോഗിച്ച് പൊലീസ് ബാരിക്കേഡുകള്‍ നശിപ്പിച്ചിരുന്നു.

Tags:    

Similar News