കാനഡയുടേത് അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

കാനഡയുടെ ഗുരുതര ആരോപണങ്ങള്‍ക്ക് യാതൊരു തെളിവും കൈമാറിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

Update: 2024-10-18 03:57 GMT

ന്യൂഡല്‍ഹി: കാനഡയുമായി ഇപ്പോഴുണ്ടായ നയതന്ത്ര കലഹത്തിലേക്ക് കാര്യങ്ങള്‍ കൂപ്പുകുത്തിയത് ട്രൂഡോ സര്‍ക്കാരിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ ഫലമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇന്ത്യക്കെതിരായ കാനഡയുടെ ഗുരുതര ആരോപണങ്ങള്‍ക്ക് യാതൊരു തെളിവും കൈമാറിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഖലിസ്ഥാന്‍ വിഘടനവാദിയായ ഹര്‍ദീപ് സിങ് നിജ്ജര്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ ഇന്ത്യന്‍ ഏജന്റുകള്‍ക്ക് പങ്കുണ്ടെന്നതിന് ശക്തമായ തെളിവുകളൊന്നുമില്ലെന്നും രഹസ്യാന്വേഷണ റിപോര്‍ട്ട് മാത്രമാണുള്ളതെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തന്നെ സമ്മതിച്ചതാണന്നും ജയ്‌സ്വാള്‍ പറഞ്ഞു. ഇന്ത്യക്കും ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്കുമെതിരായ ഗുരുതരമായ ആരോപണങ്ങള്‍ക്ക് കാനഡ ഇന്ത്യക്ക് തെളിവുകളൊന്നും നല്‍കിയില്ലെന്ന നിലപാടില്‍ ന്യൂഡല്‍ഹി ഉറച്ചു നില്‍ക്കുന്നതായും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട 26 അപേക്ഷകള്‍ക്ക് പത്തുവര്‍ഷമായി പരിഹാരമായിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News