കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

16 ജഡ്ജിമാരില്‍ 15 പേരും ഇന്ത്യക്ക് അനുകൂലമായ നിലപാടെടുത്തു. കുല്‍ഭൂഷനെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാന്‍ അനുവദിക്കണം. പാകിസ്താന്‍ വിയന്ന ഉടമ്പടി ലംഘിച്ചെന്ന് കോടതി അഭിപ്രായപ്പെട്ടു.

Update: 2019-07-17 13:06 GMT

ഹേഗ്: പാകിസ്താന്‍ ജയിലില്‍ തടവിലുള്ള ഇന്ത്യന്‍ നാവികന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി തടഞ്ഞു. 16 ജഡ്ജിമാരില്‍ 15 പേരും ഇന്ത്യക്ക് അനുകൂലമായ നിലപാടെടുത്തു. കുല്‍ഭൂഷനെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാന്‍ അനുവദിക്കണം. പാകിസ്താന്‍ വിയന്ന ഉടമ്പടി ലംഘിച്ചെന്ന് കോടതി അഭിപ്രായപ്പെട്ടു. വധശിക്ഷ പുനപ്പരിശോധിക്കാന്‍ കോടതി പാകിസ്താനോട് ആവശ്യപ്പെട്ടു.

ഇന്ത്യക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് പാകിസ്താന്‍ കുല്‍ഭൂഷന് വധശിക്ഷ വിധിച്ചത്. പാകിസ്താന്‍ പിടികൂടിയ കുല്‍ഭൂഷണ്‍ ജാദവിനു പാക് പട്ടാളകോടതി വധശിക്ഷ വിധിക്കുകയായിരുന്നു. കുല്‍ഭൂഷണിന്റെ പേരില്‍ കുറ്റസമ്മത മൊഴിയും പാകിസ്താന്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. കുല്‍ഭൂഷണ്‍ ജാദവ് നാവികസേനിയില്‍ നിന്നു വിരമിച്ച ശേഷം വ്യാപാര ആവശ്യങ്ങള്‍ക്കായി ഇറാനിലെത്തിയതായിരുന്നെന്നും അവിടെ നിന്നു പാകിസ്താന്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നെന്നും ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചു. കുല്‍ഭൂഷന്‍ ചാരവൃത്തി നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിന് ആവശ്യമായ നിയമസഹായം നല്‍കാതെ പാകിസ്താന്‍ വിയന്ന കണ്‍വന്‍ഷന്‍ ഉടമ്പടി ലംഘിക്കുകയാണെന്നും ഇന്ത്യ വാദിച്ചു. തുടര്‍ന്നു കേസ് തീര്‍പ്പാവുന്നത് വരെ കുല്‍ഭൂഷന്റെ വധശിക്ഷ നടപ്പാക്കുന്നത് അന്താരാഷ്ട്ര കോടതി തടയുകയായിരുന്നു.

ഇതിനിടെ 2017 ഡിസംബറില്‍ കുല്‍ഭൂഷണിന്റെ മാതാവിനും ഭാര്യക്കും അദ്ദേഹത്തെ കാണാന്‍ പാകിസ്താന്‍ അവസരം നല്‍കിയിരുന്നു. 2016 മാര്‍ച്ചില്‍ ബലൂചിസ്ഥാനില്‍ വച്ചാണ് കുല്‍ഭൂഷണെ അറസ്റ്റ് ചെയ്തതെന്നാണ് പാകിസ്താന്‍ വാദം. 

Tags:    

Similar News