കുല്‍ഭൂഷണ്‍ ജാദവ് കേസ്: ആവശ്യമെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കുമെന്ന് ഹരീഷ് സാല്‍വെ
പാകിസ്താന്‍ നിഷ്പക്ഷ വിചാരണ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സാല്‍വെയെ ഉദ്ധരിച്ച വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ നീതിയുക്തമായ വിചാരണ നടത്താന്‍ പാകിസ്താന്‍ തയ്യാറാകുന്നില്ലെങ്കില്‍ വീണ്ടും അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ. പാകിസ്താന്‍ നിഷ്പക്ഷ വിചാരണ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സാല്‍വെയെ ഉദ്ധരിച്ച വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാകിസ്താനിലെ സൈനിക കോടതി വിധിച്ച വധശിക്ഷ മരവിപ്പിച്ച് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് സാല്‍വെയുടെ പ്രതികരണം. കുല്‍ഭൂഷണ്‍ ജാദവിനായി ഇന്ത്യയെ പ്രതിനിധീകരിച്ച് ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ ഹാജരായത് ഹരീഷ് സാല്‍വെയാണ്. കേവലം ഒരു രൂപ മാത്രം പ്രതിഫലം വാങ്ങിയാണ് അദ്ദേഹം കോടതിയിലെത്തിയത്.
കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നയതന്ത്ര സഹായം ലഭിക്കുന്നതോടെ പാക് സൈനിക കോടതിയില്‍ നടക്കുന്ന വാദങ്ങളില്‍ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ജാദവിന് കഴിയുമെന്ന് ലണ്ടനിലുള്ള സാല്‍വെ അഭിപ്രായപ്പെട്ടു.