കുവൈത്ത്: യാത്രാരേഖ (ഇസി)ക്ക് പണം ഈടാക്കില്ല
ഇതിനുള്ള ഫീസ് എഴുതിത്തള്ളുന്നതിന് വിദേശകാര്യ മന്ത്രാലയം അംഗീകാരം നല്‍കിയതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഓഫിസില്‍നിന്ന് അറിയിച്ചു.
ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ കുവൈത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പരിധിയില്‍ വരുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മടക്കയാത്രയ്ക്ക് വേണ്ട എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ (ഇസി) സൗജന്യമായി നല്‍കും. ഇതിനുള്ള ഫീസ് എഴുതിത്തള്ളുന്നതിന് വിദേശകാര്യ മന്ത്രാലയം അംഗീകാരം നല്‍കിയതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഓഫിസില്‍നിന്ന് അറിയിച്ചു. കുവൈത്തിലെ 25000 ഓളം ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇത് പ്രയോജനപ്പെടും.
അതേസമയം, അനധികൃത താമസക്കാര്‍ക്കുള്ള പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യക്കാര്‍ അപേക്ഷ സമര്‍പ്പിച്ചുതുടങ്ങി. ഫര്‍വാനിയയിലും ജലീബ് ഷുയൂഖിലും ഒരുക്കിയ കേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് ഇന്ന് അപേക്ഷയുമായി എത്തിയത്. ഇന്ത്യക്കാരുടെ അപേക്ഷ സ്വീകരിക്കുന്നത് 20വരെ തുടരും. യാത്രാരേഖയായി പാസ്‌പോര്‍ട്ട് കൈവശമുള്ളവരുടെ അപേക്ഷയാണ് ഇന്ന് സ്വീകരിച്ചത്. യാത്രാരേഖകള്‍ ഒന്നും കൈവശം ഇല്ലാത്തവരുടെ വിരലടയാള പരിശോധനയും നടത്തുന്നുണ്ട്. എംബസിയില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചവര്‍ എംബസി നിര്‍ദേശിക്കുന്നത് അനുസരിച്ചാണ് അപേക്ഷാ കേന്ദ്രങ്ങളില്‍ എത്തേണ്ടത്.