ഒഐസിയും അന്താരാഷ്ട്ര സമൂഹവും ഇടപെടണം; ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളെ അപലപിച്ച് കുവൈത്ത്

മുസ്‌ലിംകള്‍ക്കെതിരേ സംഘ്പരിവാര സംഘടനകള്‍ നടത്തിവരുന്ന വംശീയ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ശക്തമായ നടപടി കൈകൊള്ളാന്‍ ഇന്ത്യന്‍ ഭരണകൂടത്തോട് ആവശ്യപ്പടുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.

Update: 2020-04-27 11:45 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മുസ്ലിംകള്‍ക്കെതിരായ വംശീയ ആക്രമണങ്ങളെ അപലപിച്ച് കുവൈത്ത് മന്ത്രിസഭാ സമിതി. മുസ്‌ലിംകള്‍ക്കെതിരേ സംഘ്പരിവാര സംഘടനകള്‍ നടത്തിവരുന്ന വംശീയ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ശക്തമായ നടപടി കൈകൊള്ളാന്‍ ഇന്ത്യന്‍ ഭരണകൂടത്തോട് ആവശ്യപ്പടുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. അടുത്തിടെ അറബ് രാജ്യങ്ങളിലെ ബുദ്ധിജീവികളും സാമൂഹിക പ്രവര്‍ത്തകരും മുസ്‌ലിംകള്‍ക്കെതിരായ ആര്‍എസ്എസിന്റെ വംശീയ അതിക്രമങ്ങളെ അലപിക്കുകയും ആര്‍എസ്എസിനെ ഭീകര പ്രസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ ഭരണകൂടത്തിന് നാണക്കേട് സൃഷ്ടിച്ച് കുവൈത്ത് മന്ത്രിസഭാ സമിതി പ്രമേയം പാസാക്കിയത്.

'ഇന്ത്യയിലെ മുസ്ലിംകള്‍ക്കെതിരായ വംശീയ ആക്രമണത്തെ കുവൈറ്റ് മന്ത്രിസഭാ സമിതി അപലപിക്കുന്നു'വെന്ന് പ്രമേയത്തിന്റെ പകര്‍പ്പ് തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ പങ്കുവെച്ച് പ്രശസ്ത കുവൈറ്റ് അഭിഭാഷകനും ആക്ടിവിസ്റ്റുമായ ഡോ. അദുല്ല അല്‍ഷോറേക്ക ട്വീറ്റ് ചെയ്തു, ഇന്ത്യന്‍ മുസ്ലിംകള്‍ക്കെതിരായ ഭീകരമായ വംശീയ ആക്രമണത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച കുവൈത്ത് മന്ത്രിസഭാ സമിതി വിഷയത്തില്‍ ഇടപെടാന്‍ അന്താരാഷ്ട്ര സമൂഹത്തോടും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്മാലാമിക് കോ ഓപറേഷനോടും (ഒഐസി) ആവശ്യപ്പെട്ടിട്ടുണ്ട്.

ഇസ്‌ലാമിക മിഷനറി ഗ്രൂപ്പായ തബ്‌ലീഗ് ജമാഅത്തിന്റെ സമ്മേളനത്തെ ഇന്ത്യന്‍ മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുംവിധം റിപോര്‍ട്ട് ചെയ്തതിനെതുടര്‍ന്ന് രാജ്യത്ത് മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചിരുന്നു. രാജ്യത്തെ കൊവിഡ് വ്യാപനത്തിന് പിന്നില്‍ തബ്‌ലീഗ് ജമാഅത്താണെന്ന തരത്തില്‍ കുറ്റപ്പെടുത്തലുകള്‍ ഉയര്‍ന്നിരുന്നു. തബ്‌ലീഗ് സമ്മേളനത്തെ തെറ്റായി റിപോര്‍ട്ട് ചെയ്തതോടെ മുസ്‌ലിംകളെ സാമൂഹികമായി ബഹിഷ്‌ക്കരിക്കുന്നതിലേക്കും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനും ഇടയാക്കിയിരുന്നു. സംഭവത്തിന്റെ ഗൗരവം ഉള്‍കൊണ്ട് പ്രധാനമന്ത്രി മോദിയും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ അറബ് ലോകത്തോട് ഇതു സംബന്ധമായി സംവദിച്ചിരുന്നു.

2018 ഏപ്രിലില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) എന്നീ ആറു ഗള്‍ഫ് രാജ്യങ്ങളിലായി 87.76 ലക്ഷം ഇന്ത്യക്കാരുണ്ട്. കൂടാതെ ജിസിസി ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയുമാണ്. 2017-18ല്‍ 104 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് നടന്നത്. 

Tags:    

Similar News