ഐഎസ് ബന്ധമാരോപിച്ച് അന്തരിച്ച കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എയുടെ മരുമകളെ എന്‍ഐഎ അറസ്റ്റുചെയ്തു

Update: 2022-01-04 05:07 GMT

മംഗളൂരു: കര്‍ണാടക മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ബി എം ഇഡിനബ്ബയുടെ മരുമകളെ ഐഎസ് ബന്ധമാരോപിച്ച് എന്‍ഐഎ സംഘം അറസ്റ്റുചെയ്തു. ഡല്‍ഹിയില്‍നിന്നെത്തിയ എന്‍ഐഎ സംഘം ഇടിനബ്ബയുടെ മകന്‍ ബി എം ബാഷയുടെ വസതിയില്‍ അപ്രതീക്ഷിത റെയ്ഡ് നടത്തുകയും മരുമകള്‍ ദീപ്തി മര്‍ളയെന്ന മറിയത്തെ അറസ്റ്റുചെയ്യുകയുമായിരുന്നു. വസതിയിലെത്തിയ സംഘം ബാഷയെയും മറിയത്തെയും ചോദ്യംചെയ്തശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. മറിയത്തെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായും പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ ശേഷം ഡല്‍ഹിയിലേക്ക് കൊണ്ടുപോവുമെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.

അസിസ്റ്റന്റ് ഇന്‍വെസ്റ്റിഗേറ്റിങ് ഓഫിസര്‍ ഡിഎസ്പി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പി ഐ അജയ് സിങ്, മോണിക ദിക്വാള്‍ എന്നിവരടങ്ങിയ സംഘം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് കസ്റ്റഡിയിലെടുത്തതെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. 2021 ആഗസ്ത് ആദ്യവാരം എന്‍ഐഎ ഇഡിനബ്ബയുടെ വസതിയില്‍ റെയ്ഡ് നടത്തിയിരുന്നു. രണ്ട് ദിവസത്തെ അന്വേഷണത്തിന് ശേഷം ബാഷയുടെ ഇളയ മകന്‍ അമര്‍ അബ്ദുര്‍റഹ്മാനെ പിടികൂടിയിരുന്നു.

അന്വേഷണത്തില്‍ മറിയത്തിന്റെയും ഭര്‍ത്താവ് അനസ് അബ്ദുല്‍ റഹ്മാന്റെയും പങ്കുണ്ടെന്നും എന്‍ഐഎ ആരോപിച്ചിരുന്നു. രണ്ട് ദിവസത്തോളം ചോദ്യം ചെയ്തിരുന്നെങ്കിലും കസ്റ്റഡിയിലെടുത്തിരുന്നില്ല. നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് എന്‍ഐഎ അറിയിച്ചു. ബിഡിഎസിന് പഠിക്കുമ്പോഴാണ് ഹിന്ദു സമുദായത്തില്‍പ്പെട്ട ദീപ്തി റഹ്മാനുമായി പ്രണയത്തിലായി. വിവാഹശേഷം ദീപ്തി ഇസ്‌ലാം മതം സ്വീകരിക്കുകയും മറിയം എന്ന പേര് സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.

2020 ആഗസ്തിില്‍ ജമ്മു കശ്മീരിലെ ഒരു സന്ദര്‍ശനത്തിനിടെ മറിയം ഐഎസ് കേഡറുകളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും അവിടത്തെ ചില ഘടകങ്ങളുമായി ബന്ധപ്പെടുകയും ചെയ്തുവെന്നാണ് എന്‍ഐഎ ആരോപിക്കുന്നത്. പ്രാദേശിക യുവാക്കളെ തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തതായും എന്‍ഐഎ ആരോപിക്കുന്നു. ദക്ഷിണ കന്നഡ ജില്ലയിലെ ഉള്ളാല്‍ നിയോജക മണ്ഡലത്തില്‍നിന്ന് മൂന്ന് തവണ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നു പരേതനായ ഇടിനബ്ബ. കേരളത്തിലെ കാസര്‍കോട് ജില്ലയെ കര്‍ണാടകയുമായി ലയിപ്പിക്കാന്‍ ശ്രമിച്ച പ്രമുഖ കന്നഡ കവിയും പത്രപ്രവര്‍ത്തകനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു അദ്ദേഹം.

Tags:    

Similar News