മതംമാറ്റ ചര്‍ച്ചയില്‍ അഭിഭാഷകന്‍ പറയുന്നത് പച്ചക്കള്ളമെന്ന് ഇസ് ലാം സ്വീകരിച്ച അധ്യാപിക

ഇസ് ലാം സ്വീകരിച്ചത് വായനയുടെയും പഠനത്തിന്റെയും അടിസ്ഥാനത്തില്‍

Update: 2021-10-03 09:21 GMT

കോഴിക്കോട്: പാലാ ബിഷപ്പിന്റെ വിവാദമായ നാര്‍കോട്ടിക്ക് ജിഹാദ് പരാമര്‍ശം സംബന്ധിച്ച ചാനല്‍ ചര്‍ച്ചയ്ക്കിടെ അഭിഭാഷകനായ അഡ്വ. എം എസ് സജി പറഞ്ഞത് പച്ചക്കള്ളമാണെന്ന് ഇസ് ലാം സ്വീകരിച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയുടെ വെളിപ്പെടുത്തല്‍. ഇക്കഴിഞ്ഞ സപ്തംബര്‍ 22ന് 'ഏഷ്യാനെറ്റി'ന്റെ 'ന്യൂസ് അവറി'ല്‍ നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് കോഴിക്കോട് ബാറിലെ അഭിഭാഷകനായ അഡ്വ. എം എസ് സജി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. രണ്ടു മക്കളുടെ മാതാവായ യുവതി ഇസ് ലാം സ്വീകരിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കോടതി പരിസരത്ത് ആയുധങ്ങളുമായി ഒരു സംഘം എത്തിയിരുന്നുവെന്നും ഇവരെ ആയുധം സഹിതം പിടികൂടിയിരുന്നുവെന്നുമായിരുന്നു അഡ്വ. സജി പറഞ്ഞത്. ഇതെല്ലാം വാസ്തവവിരുദ്ധമാണെന്നും ഞാന്‍ ഇസ് ലാം സ്വീകരിച്ചത് വായനയുടെയും പഠനത്തിന്റെയും അടിസ്ഥാനത്തിലാണെന്നും അധ്യാപിക പറഞ്ഞു. അത്തരത്തില്‍ ആയുധങ്ങളുമായി ആരെയെങ്കിലും പോലിസ് പിടികൂടിയിട്ടുണ്ടെങ്കില്‍ അന്നത്തെ പത്രങ്ങളിലൊക്കെ വാര്‍ത്തകള്‍ വരികയും ചാനലുകളൊക്കെ റിപോര്‍ട്ട് ചെയ്യേണ്ടതല്ലേയെന്നും അധ്യാപിക ചോദിച്ചു. അത്തരം സംഭവങ്ങളൊന്നും എനിക്കറിയില്ല. അഡ്വ. എം എസ് സജി എന്തിനാണ് ഇത്തരത്തില്‍ കള്ളക്കഥകള്‍ പറയുന്നത് എന്നാണ് എനിക്കു മനസ്സിലാവാത്തതെന്ന് കോഴിക്കോട് ജില്ലയിലെ ഒരു ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജോലി ചെയ്യുന്ന അധ്യാപിക തേജസ് ന്യൂസിനോട് പറഞ്ഞു. അധ്യാപിക ഇപ്പോള്‍ മലപ്പുറത്തെ ഒരു സ്‌കൂളിലാണ് ജോലി ചെയ്യുന്നത്. പാലാ ബിഷപ്പ് പറഞ്ഞത് പച്ചക്കള്ളമോ എന്ന തലക്കെട്ടില്‍ വിനു വി ജോണ്‍ നയിക്കുന്ന ചര്‍ച്ചയില്‍ ഡോ. ഹുസയ്ന്‍ മടവൂര്‍, രാഹുല്‍ ഈശ്വര്‍, അഡ്വ. എ ജയശങ്കര്‍ എന്നിവരാണ് പങ്കെടുത്തത്.   


 ''അഡ്വ. സജി പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞ സംഭവം നടന്നത് ഏകദേശം എട്ടുവര്‍ഷം മുമ്പാണ്. എന്റെ ആദര്‍ശമാറ്റവുമായി ബന്ധപ്പെട്ട സ്വാഭാവികമായിട്ടുള്ള സംഭവങ്ങളെയാണ് അദ്ദേഹം ഇത്തരത്തില്‍ വിശദീകരിക്കുന്നത്. എന്നാല്‍, ഈ സംഭവങ്ങള്‍ക്ക് ഒന്നര വര്‍ഷം മുമ്പ് തന്നെ ഞാന്‍ ഇസ് ലാം സ്വീകരിച്ചിരുന്നു. അതനുസരിച്ച് ഞാനെന്റെ വീട്ടില്‍ രഹസ്യമായി ഇസ് ലാം പ്രാക്റ്റീസ് ചെയ്യുന്നുണ്ടായിരുന്നു. എന്റെ ആദര്‍ശമാറ്റം വീട്ടുകാര്‍ക്കോ ഭര്‍ത്താവിനോ ഒന്നും തന്നെ അംഗീകരിക്കാന്‍ പറ്റിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവരില്‍ നിന്ന് എനിക്ക് ശാരീരികവും മാനസികവുമായി ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ബുദ്ധിമുട്ടുകള്‍ സഹിക്കാനാവാതെ വന്നപ്പോഴാണ് ഒരു വക്കീലിന്റെ സഹായത്തോടു കൂടി, ഞാന്‍ എന്റെ ആദര്‍ശത്തിനനുസരിച്ച് ജീവിക്കാന്‍ വേണ്ടിയുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി ഹൈക്കോടതിയിലെത്തിയത്. സജി പറഞ്ഞ കാര്യങ്ങളില്‍ യാഥാര്‍ഥ്യത്തിന്റെ ഒരംശം പോലുമില്ല. മുഴുവന്‍ വാസ്തവവിരുദ്ധമായ കാര്യങ്ങളാണ്. ഇന്നത്തെ കേരളത്തിന്റെ ഈയൊരു അവസ്ഥയില്‍ ധ്രുവീകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയുള്ള കാര്യങ്ങളായാണ് എനിക്ക് ബോധ്യപ്പെട്ടിട്ടുള്ളത്. അഡ്വ. സജി ചാനല്‍ ചര്‍ച്ചയില്‍ പറയുന്നതു കേട്ടാല്‍ ഡിഗ്രി കഴിഞ്ഞപ്പോഴാണ് എന്റെ വിവാഹം എന്നാണ് തോന്നുക. എന്നാല്‍ യഥാര്‍ഥത്തില്‍ ഡിഗ്രിയും പിജിയും ബിഎഡും എല്ലാം കഴിഞ്ഞിട്ടാണ് എന്റെ വിവാഹം കഴിഞ്ഞത്. വിവാഹത്തിനു മുമ്പ് തന്നെ ഞാന്‍ ഒരുപാട് പിഎസ് സി പരീക്ഷകള്‍ എഴുതിയിട്ടുണ്ട്. ഈ ജോലി കിട്ടുന്നതിനു മുമ്പ് തന്നെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ ചെയ്യുന്ന അധ്യാപക ജോലി വിവാഹ ശേഷമാണ് ലഭിച്ചത്. സ്വാഭാവികമായുണ്ടായ കാലതാമസം മാത്രമാണത്. പിഎസ് സി പരീക്ഷ എഴുതുകയും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യുമ്പോഴുണ്ടായ സ്വാഭാവികമായ കാലതാമസം മാത്രമാണത്''.

    ''പ്രണയവിവാഹം, ഒളിച്ചോട്ടം തുടങ്ങിയ ഇന്‍ട്രൊഡക്ഷനില്‍ വിനു പറയുമ്പോഴാണ് ഇക്കാര്യങ്ങളെല്ലാം അഡ്വ. സജി വിശദീകരിക്കുന്നത്. എന്നാല്‍, സംഭവങ്ങള്‍ നടന്നിട്ട് എട്ട് വര്‍ഷമായി. ഇതുവരെ എന്റെ ജീവിതത്തില്‍ അങ്ങനെ ഒരാളും ഉണ്ടായിട്ടില്ല. ഇപ്പോള്‍ എന്റെ മക്കളുടെ മനസ്സില്‍ മറ്റുള്ളവര്‍ പറഞ്ഞുണ്ടാക്കിയ വികലമായ ചിന്തകളും മറ്റു പല വിദ്വേഷവുമാണുള്ളത്. സത്യാവസ്ഥ മനസ്സിലാക്കി മക്കള്‍ എന്നോടൊപ്പം വരുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. അവര്‍ സ്വന്തമായി ചിന്തിക്കുന്ന ഒരു സാഹചര്യം എത്തുമ്പോള്‍ തീര്‍ച്ചയായും സത്യാവസ്ഥ മനസ്സിലാക്കി അവര്‍ എന്റെ അടുത്തേക്ക് ഓടിവരും. അക്കാര്യം എനിക്ക് ഉറപ്പാണ്''അധ്യാപിക പറഞ്ഞു.   


 ''മറ്റൊരു കാര്യം കോടതിയില്‍ പോയത് സാധാരണ മുസ് ലിം പെണ്‍കുട്ടികള്‍ ധരിക്കാറുള്ള ചുരിദാറും തലയില്‍ ഒരു ഷോളും ധരിച്ചിട്ടാണ്. ഈയൊരു വസ്ത്രധാരണാ രീതിയെയാണ് അഡ്വ. സജി അഫ്ഗാനിസ്താന്‍, താലിബാനിസം എന്നൊക്കെ പ്രയോഗം നടത്തിയിട്ടുള്ളത്. ഇത് തികച്ചും അസഹിഷ്ണുതയാണ്. വര്‍ഗീയ വിദ്വേഷം പരത്തുന്ന ഇത്തരം പ്രയോഗങ്ങള്‍ക്കുള്ള ഐപിസി വകുപ്പ് വക്കീലിന് അറിയാഞ്ഞിട്ടാണോ. സജിയെ പോലുള്ളവരുടെ ഇത്തരം അസഹിഷ്ണുതയാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന ഇത്തരം ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നത് എന്നാണ് എനിക്കു മനസ്സിലായിട്ടുള്ളത്''.

    ''കോഴിക്കോട് കുടുംബ കോടതിയിലും ഹൈക്കോടതിയിലുമാണ് ഞാന്‍ പോയിരുന്നത്. ഈ സമയത്തൊക്കെ എന്റെ വക്കീലും ഏതെങ്കിലും ഒരു സുഹൃത്തുമാണ് കൂടെ ഉണ്ടാവാറുള്ളത്. പക്ഷേ, ഞാന്‍ അവിടെ എത്തുമ്പോഴൊക്കെ ഭര്‍ത്താവിന്റെയോ എന്റെയോ ബന്ധുക്കളല്ലാത്ത ഒരുപാട് പേര്‍ ഭര്‍ത്താവിനോടൊപ്പം എത്താറുണ്ട്. അവരെന്റെ ഫോട്ടോ എടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ട്. കേട്ടാല്‍ അറയ്ക്കുന്ന ചീത്ത വിളിക്കാറുണ്ട്. ഇതെല്ലാം എന്റെ വക്കീലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇത്തരം ഒരു സന്ദര്‍ഭത്തില്‍ സ്വാഭാവികമായും എന്നെ സഹായിക്കാന്‍ ആരെങ്കിലുമൊക്കെ എത്തിയിട്ടുണ്ടാവാം. ഇതിനെയാണ് സജിയും വിനു വി ജോണും കൂടി പര്‍വതീകരിച്ച് ഒരു ഭീകരാവസ്ഥയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടത്തുന്നത്. ജനം ടിവിയുടെ പണി ജനം ടിവി എടുക്കട്ടെ, ഏഷ്യാനെറ്റ് ജനം ടിവിയുടെ പണി ഏറ്റെടുക്കേണ്ട എന്നാണ് ഇക്കാര്യത്തില്‍ എനിക്ക് പറയാനുള്ളത്. പിന്നെ കോടതി പരിസരത്തു നിന്ന് 10-30 പേരെ ആയുധങ്ങളൊക്കെയായി പിടിച്ചാല്‍ അന്നത്തെ പത്രങ്ങളിലൊക്കെ വാര്‍ത്തകള്‍ വരേണ്ടതാണ്. ചാനലുകളൊക്കെ റിപോര്‍ട്ട് ചെയ്യേണ്ടതുമാണ്. അത്തരം സംഭവങ്ങളൊന്നും എനിക്കറിയില്ല. അഡ്വ. സജി എന്തിനാണ് ഇത്തരത്തില്‍ കള്ളക്കഥകള്‍ പറയുന്നത് എന്നാണ് എനിക്കു മനസ്സിലാവാത്തത്''.    


''ഞാന്‍ ഇസ് ലാം സ്വീകരിച്ചത് എന്റെ വായനയുടെയും പഠനത്തിന്റെയും അടിസ്ഥാനത്തിലാണ്. ഇതിന് ഏകദേശം ഒരു വര്‍ഷത്തോളം സമയമെടുത്തിട്ടുണ്ട്. അതിനു ശേഷമാണ് ഞാന്‍ ഇസ് ലാം പ്രാക്റ്റീസ് ചെയ്തത്. അതിനു ശേഷം എന്റെ വീട്ടില്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായതിനാലാണ് എനിക്ക് കോടതിയെ സമീപിക്കേണ്ടി വന്നത്. കോടതിയെ സമീപിക്കുന്ന സമയത്ത് ഞാന്‍ എന്റെ മക്കളെ എന്റെ അമ്മയുടെ കൂടെയാക്കിയാണ് പോയിരുന്നത്. എന്റെ ആദര്‍ശത്തിനനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം. മക്കളെയും കൂട്ടി ജീവിക്കാം എന്നതു തന്നെയായിരുന്നു ആഗ്രഹിച്ചിരുന്നത്. എന്നാല്‍ കേസ് കോടതിയിലെത്തിയതോടെ കേസിന്റെ മാനങ്ങളും തലങ്ങളും മാറി. ആകെ സങ്കീര്‍ണതകള്‍ സൃഷ്ടിച്ചു. എന്റെ മക്കളുടെയും മറ്റുള്ളവരുടെയും മനസ്സില്‍ വികലമായ കാഴ്ചപ്പാട് ഉണ്ടാക്കാനാണ് എന്റെ ഭര്‍ത്താവും ആളുകളും ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ കോടതി നടപടികള്‍ പൂര്‍ത്തിയാക്കാനോ എന്റെ മക്കളെ കൂടെ കൊണ്ടുപോവാനോ എനിക്ക് സാധിച്ചില്ല. തീര്‍ച്ചയായും എന്റെ മക്കളെ വീണ്ടെടുക്കുക എന്നത് എന്റെയുള്ളിലെ മാതൃത്വത്തിന്റെ ആവശ്യമായിരുന്നു. അതിനു വേണ്ടിയാണ് ഞാന്‍ കോടതിയെ സമീപിച്ചത്. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് എന്റെ മാതൃത്വം മാത്രമാണ്. അത് സജിക്കും വിനുവിനും മനസ്സിലാക്കാന്‍ പറ്റുന്നുണ്ടാവില്ല. അത് അവര്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവുന്ന വികാരമല്ലല്ലോയെന്നും അധ്യാപിക പറഞ്ഞു.

    കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനാണ് അധ്യാപികയുടെ ഭര്‍ത്താവ്. വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം മറ്റൊരു വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കുകയാണ്. എന്നാല്‍, കേസ് നടപടികള്‍ കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം തന്നെ കാണാറുണ്ടെന്നും അദ്ദേഹം ഡിപ്രഷനിലാണെന്നുമാണ് അഡ്വ. സജി ചാനല്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞത്. പ്രായപൂര്‍ത്തിയും വിദ്യാഭ്യാസവുമുള്ള യുവതി, തനിക്ക് ഇഷ്ടപ്പെട്ട വിശ്വാസം സ്വീകരിക്കാന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശം തിരഞ്ഞെടുത്തതിനെയാണ് ചാനല്‍ ചാര്‍ച്ചയില്‍ അതിഥിയായെത്തിയ അഭിഭാഷകനും അവതാരകനും ചേര്‍ന്ന് അപസര്‍പ്പക കഥകളിലെന്ന പോലെ അവതരിപ്പിച്ചത്. അതിനാവട്ടെ കള്ളക്കഥകളെ കൂട്ടുപിടിച്ചിരുക്കുന്നതെന്നാണ് അധ്യാപികയുടെ വെളിപ്പെടുത്തലിലൂടെ വ്യക്തമാവുന്നത്.

Tags:    

Similar News