കോട്ടയം: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പാലാ നഗരസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം. എല്‍ഡിഎഫിലെ സ്വതന്ത്ര അംഗം ജോസിന്‍ ബിനോയെ പുതിയ നഗരസഭാ അധ്യക്ഷയായി തിതരഞ്ഞെടുത്തു. ഏഴിനെതിരേ 17 വോട്ടിനാണ് ജോസിന്‍ തിരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിന്റെ വി സി പ്രിന്‍സായിരുന്നു എതിര്‍സ്ഥാനാര്‍ഥി. തിരഞ്ഞെടുപ്പില്‍ ആകെ 26 അംഗ കൗണ്‍സിലില്‍ 25 പേര്‍ വോട്ടുചെയ്തു. ഒരു വോട്ട് അസാധുവായി. എല്‍ഡിഎഫിലെ ധാരണ പ്രകാരം ഇനിയുള്ള രണ്ടുവര്‍ഷം സിപിഎമ്മിനാണ് ചെയര്‍മാന്‍ സ്ഥാനം.
അതേസമയം, കേരള കോണ്‍ഗ്രസ് എമ്മിന്റെ കടുത്ത സമ്മര്‍ദ്ദത്തിന് മുന്നില്‍ മുട്ടുമടക്കിയാണ് സിപിഎം പാലാ നഗരസഭ അധ്യക്ഷസ്ഥാനത്തേക്ക് ജോസിന്‍ ബിനോയെ തീരുമാനിച്ചത്. പാലാ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തെചൊല്ലിയുള്ള തര്‍ക്കത്തില്‍ പാര്‍ട്ടിയുടെ ഏക കൗണ്‍സിലറായ ബിനു പുളിക്കകണ്ടത്തെ ഒഴിവാക്കിയാണ് സിപിഎം സ്വതന്ത്ര കൗണ്‍സിലര്‍ ജോസിന്‍ ബിനോയെ മല്‍സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചത്. പാലാ നഗരസഭയില്‍ പാര്‍ട്ടി ചിഹ്നത്തില്‍ ജയിച്ച ഏക സിപിഎം കൗണ്‍സിലറാണ് ബിനു പുളിക്കകണ്ടം. ബാക്കിയുള്ള അഞ്ചുപേരും സ്വതന്ത്രന്മാരാണ്.
ബിനു പുളിക്കകണ്ടത്തെ ഒരുനിലയ്ക്കും അംഗീകരിക്കില്ലെന്ന് കേരള കോണ്‍ഗ്രസ് വാശിപിടിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തത്. ജോസ് കെ മാണിയെ പാലായില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചയാളാണ് ബിനുവെന്നും തങ്ങളുടെ കൗണ്‍സിലര്‍മാരെ മര്‍ദ്ദിച്ചുവെന്നുമാണ് കേരള കോണ്‍ഗ്രസ് ആരോപിക്കുന്നത്. സിപിഎം ഏരിയാ കമ്മിറ്റി യോഗത്തിലാണ് ജോസിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, നഗരസഭാ യോഗത്തില്‍ കറുത്ത ഷര്‍ട്ട് അണിഞ്ഞെത്തിയാണ് ബിനു പുളിക്കക്കണ്ടം വോട്ടുചെയ്തത്. നഗരസഭാ മുണ്ടുപാലം രണ്ടാം വാര്‍ഡില്‍ നിന്നുള്ള പ്രതിനിധിയാണ് ജോസിന്‍. സിപിഎം സ്വതന്ത്ര അംഗമാണ്.