കോട്ടയം ഇടക്കുന്നം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം; എസ് ഡിപിഐ രണ്ടാം സ്ഥാനത്ത്
കാഞ്ഞിരപ്പള്ളി: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പാറത്തോട് ഗ്രാമപ്പഞ്ചായത്ത് ഒമ്പതാം വാര്‍ഡായ ഇടക്കുന്നത്ത് എല്‍ഡിഎഫിന് വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയിലെ ജോസ്‌ന അന്ന ജോസ് 28 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. വാശിയേറിയ പോരാട്ടത്തില്‍ എസ് ഡിപിഐ സ്ഥാനാര്‍ഥി ഫിലോമിന ബേബി വാക്കയിലാണ് തൊട്ടുപിന്നില്‍. യുഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 369 വോട്ടും രണ്ടാം സ്ഥാനത്തുള്ള എസ് ഡിപിഐ സ്ഥാനാര്‍ഥി ഫിലോമിന ബേബി വാക്കയിലിന് 341 വോട്ടും മൂന്നാം സ്ഥാനത്തുള്ള യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ മിനി സാം വര്‍ഗീസിന് 321 വോട്ടും ലഭിച്ചു. ഉപതെരഞ്ഞെടുപ്പില്‍ 74.78 ശതമാനം പേരാണ് വാര്‍ഡില്‍ വോട്ട് രേഖപ്പെടുത്തി. രണ്ട് ബൂത്തുകളിലായി ആകെ 1038 വോട്ടര്‍മാരില്‍ ഒന്നാം ബൂത്തില്‍ 489 പേരും രണ്ടാം ബൂത്തില്‍ 549 പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്. വാര്‍ഡംഗമായിരുന്ന ജോളി തോമസ് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.