കോട്ടയം: വിവാദങ്ങള്‍ക്കൊടുവില്‍ പാലാ നഗരസഭ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. എല്‍ഡിഎഫിലെ ധാരണ പ്രകാരം ഇനിയുള്ള രണ്ട് വര്‍ഷം സിപിഎമ്മിനാണ് ചെയര്‍മാന്‍ സ്ഥാനം. എന്നാല്‍, സിപിഎമ്മിന്റെ ഏക കൗണ്‍സിലറായ ബിനു പുളിക്കകണ്ടത്തെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാക്കാന്‍ അനുവദിക്കില്ലെന്ന് കേരള കോണ്‍ഗ്രസ് നിലപാട് എടുത്തതോടെ സിപിഎം പ്രതിസന്ധിയിലായിരിക്കുകയാണ്.
മൂന്ന് തവണ മാറ്റിവച്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് രാവിലെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കും. തുടര്‍ന്ന് 11 മണിക്ക് തിരഞ്ഞെടുപ്പ് നടക്കും. ഇന്നലെ സിപിഎം ഏരിയാ കമ്മിറ്റി യോഗവും നഗരസഭയിലെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി യോഗവും പിന്നീട് നഗരസഭയിലെ ഇടതുമുന്നണി പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ചേരാന്‍ തീരുമാനിച്ചിരുന്നെങ്കിലും തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ രണ്ട് തവണ മാറ്റിവയ്ക്കുകയായിരുന്നു.
ഇന്ന് രാവിലെ 10.30 വരെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നോമിനേഷന്‍ നല്‍കാം. ഇതിന് മുന്നോടിയായി രാവിലെ എട്ടിന് സിപിഎം പാലാ ഏരിയ കമ്മിറ്റി യോഗവും 8.30ന് സിപിഎം കൗണ്‍സിലര്‍മാരുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ഒമ്പതിന് നഗരസഭയിലെ ഇടതുപക്ഷ കൗണ്‍സിലര്‍മാരുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗവും സിപിഎം പാലാ ഏരിയാ കമ്മറ്റി ഓഫിസില്‍ നടക്കും. ഇടതുമുന്നണിയുടെ നിര്‍ണായക തീരുമാനം യോഗത്തില്‍ പ്രഖ്യാപിക്കും.
അഡ്വ. ബിനു പുളിക്കക്കണ്ടത്തിന്റെ പേരില്‍ സിപിഎമ്മും കേരളാ കോണ്‍ഗ്രസും രണ്ടുതട്ടില്‍ നിന്നപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ തീര്‍ക്കുകയും യുക്തമായ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയും ചെയ്യുകയാണ് ഇന്നത്തെ യോഗത്തിന്റെ പ്രധാന ലക്ഷ്യം. പരസ്യപ്രതികരണങ്ങള്‍ക്ക് തയ്യാറാവാതെ രഹസ്യനീക്കങ്ങളാണ് കേരള കോണ്‍ഗ്രസ് നടത്തുന്നത്. കേരള കോണ്‍ഗ്രസ് കൗണ്‍സിലറെ ബിനു കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് നീക്കം. രാവിലെ 11 മണിക്ക് നഗരസഭാ കോണ്‍ഫറന്‍സ് ഹാളിലാണ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ്. വി സി പ്രിന്‍സാണ് യുഡിഎഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി.