നാടകീയതകള്‍ക്കൊടുവില്‍ ചങ്ങനാശ്ശേരി നഗരസഭാ ചെയര്‍മാന്‍ സ്ഥാനം യുഡിഎഫിന്; രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ കൂറുമാറി
ചങ്ങനാശ്ശേരി നഗരസഭ ചെയര്‍മാനായി പി ജെ ജോസഫ് വിഭാഗം സാജന്‍ ഫ്രാന്‍സിസ് സത്യപ്രതിജ്ഞ ചെയ്തു. രാവിലെ നടന്ന ആദ്യതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സാജന്‍ ഫ്രാന്‍സിസിന് 16 വോട്ട് ലഭിച്ചു.
കോട്ടയം: ചങ്ങനാശ്ശേരി നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. കൂറുമാറ്റമടക്കം ഏറെ നാടകീയരംഗങ്ങള്‍ക്കൊടുവിലാണ് അധ്യക്ഷപദവി യുഡിഎഫ് നിലനിര്‍ത്തിയത്. ചങ്ങനാശ്ശേരി നഗരസഭ ചെയര്‍മാനായി പി ജെ ജോസഫ് വിഭാഗം സാജന്‍ ഫ്രാന്‍സിസ് സത്യപ്രതിജ്ഞ ചെയ്തു. രാവിലെ നടന്ന ആദ്യതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സാജന്‍ ഫ്രാന്‍സിസിന് 16 വോട്ട് ലഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി തോമസിന് 15 ഉം ബിജെപി സ്ഥാനാര്‍ഥിക്ക് നാലും വോട്ട് ലഭിച്ചു. രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമായി കൂറുമാറിയിരുന്നു. അതുപോലെ ഒരു കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവുമായി.
മറ്റ് കക്ഷികള്‍ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണം യുഡിഎഫിന് ലഭിച്ച വോട്ടുകളേക്കാള്‍ കൂടുതലായതിനാലും മൂന്നിലൊന്ന് ഭൂരിപക്ഷമില്ലാത്തതിനാലും രണ്ടാം റൗണ്ട് വോട്ടെടുപ്പ് നടത്താന്‍ വരണാധികാരി തീരുമാനിച്ചു. വോട്ടുനിലയില്‍ മൂന്നാമത് വന്ന കക്ഷിയായ ബിജെപിയെ രണ്ടാംഘട്ട വോട്ടെടുപ്പില്‍നിന്ന് ഒഴിവാക്കി നിര്‍ത്തി. 16 വോട്ടുകള്‍ ജോസഫ് വിഭാഗത്തിലെ സാജന്‍ ഫ്രാന്‍സിസിന് ലഭിച്ചു. എതിര്‍സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ വേണമെന്ന ചട്ടം നിലനില്‍ക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്.
യുഡിഎഫിന് ഭൂരിപക്ഷമുള്ള കൗണ്‍സിലിന്റെ ധാരണ അനുസരിച്ചാണ് ഭരണമാറ്റം നടക്കുന്നത്. നേരത്തെ കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിനെത്തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഇതോടെയാണ് ഇവിടെ ഭരണമാറ്റത്തിന്റെ സാഹചര്യം ഉരുത്തിരിഞ്ഞത്. ധാരണ പാലിക്കാന്‍ ജോസ് കെ മാണി വിഭാഗം തയ്യാറയതോടെയാണ് ജോസഫ് വിഭാഗത്തിലെ സാജന്‍ ഫ്രാന്‍സിസ് ചെയര്‍മാനായി മല്‍സരിച്ചത്. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു. കോണ്‍ഗ്രസിലെ ഷൈനി ഷാജിയാണ് ഉപാധ്യക്ഷയായി മല്‍സരരംഗത്തുണ്ടായിരുന്നത്.
കോണ്‍ഗ്രസ് വിമതനായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ആ അവസരം മുതലെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കോണ്‍ഗ്രസ് വിമതനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചത്. യുഡിഎഫിലെ പടലപ്പിണക്കങ്ങളെത്തുടര്‍ന്ന് മൂന്ന് വോട്ടുകളാണ് നഷ്ടമായത്. 37 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 19 ഉം എല്‍ഡിഎഫിന് 12 ഉം ബിജെപിക്ക് 4 ഉം അംഗങ്ങളാണുള്ളത്. ശേഷിക്കുന്ന രണ്ടുപേര്‍ സ്വതന്ത്രരാണ്.