കരുത്തുകാട്ടി ജോസ് കെ മാണി; പാലാ മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫിന് മുന്നേറ്റം
കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഫലം പുറത്തുവരുമ്പോള്‍ കെ എം മാണിയുടെ തട്ടകമായ പാലാ മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫിന് മുന്നേറ്റം. പാലാ മുനിസിപ്പാലിറ്റിയില്‍ ഫലം വന്ന ഒമ്പത് വാര്‍ഡില്‍ എട്ടിലും എല്‍ഡിഎഫിനാണ് ജയം. ഒരിടത്തുമാത്രമാണ് യുഡിഎഫ് ജയിച്ചിരിക്കുന്നത്. ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് വന്നത് ഗുണംചെയ്തുവെന്നാണ് ഫലം നല്‍കുന്ന സൂചനകള്‍.
പാലാ നഗരസഭയില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ കേരള കോണ്‍ഗ്രസ് (എം) ജോസഫ് ഗ്രൂപ്പിലെ കുര്യാക്കോസ് പടവനെ കേരളാ കോണ്‍ഗ്രസ് എമ്മിലെ ആന്റോ പടിഞ്ഞാറേക്കര 41 വോട്ടിന് പരാജയപ്പെടുത്തി. നഗരസഭയിലെ പത്താം വാര്‍ഡിലാണ് പടവന്‍ തോറ്റത്. കേരള കോണ്‍ഗ്രസ് പിരിഞ്ഞതിന് ശേഷം ജോസഫ് പക്ഷത്ത് നിലകൊണ്ട പടവന്‍ മുന്‍ പാലാ മുനിസിപ്പല്‍ ചെയര്‍മാനായിരുന്നു. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേക്കേറിയ ജോസ് കെ മാണിയെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാണ് തിരഞ്ഞെടുപ്പ് ഫലം.