ലീഗിനും മുനീറിനും ആറാം നൂറ്റാണ്ടില്‍നിന്ന് വണ്ടി കിട്ടിയിട്ടില്ല: വംശീയ പരാമര്‍ശവുമായി ഡിവൈഎഫ്‌ഐ

ലീഗ് എല്ലാ ഘട്ടത്തിലും സ്ത്രീകള്‍ രംഗത്ത് ഇറങ്ങുന്നതിനെതിരെ ശബ്ദമുയര്‍ത്തിയവരാണ്. അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് എന്നതിനു പകരം അരങ്ങില്‍നിന്ന് അടുക്കളയിലേക്ക് സ്ത്രീകളെ നയിക്കണം എന്നു പറയുന്നവരാണ് മിക്ക നേതാക്കളും.

Update: 2022-08-01 10:38 GMT

കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം, മിക്‌സഡ് സ്‌കൂള്‍ നയങ്ങള്‍ക്കെതിരേ മുസ്‌ലിം ലീഗ് നേതാവ് ഡോ. എം കെ മുനീര്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരേ വംശീയ പരാമര്‍ശവുമായി ഡിവൈഎഫ്‌ഐ നേതാവ്. ലീഗും മുനീറും ഇപ്പോഴും ആറാം നൂറ്റാണ്ടിലാണെന്നും അവര്‍ക്ക് 21ാം നൂറ്റാണ്ടിലേക്ക് വണ്ടികിട്ടിയിട്ടില്ലെന്നുമാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പ്രതികരിച്ചത്.

കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു സനോജിന്റെ വംശീയ ചുവയുള്ള പരാര്‍ശം. എം കെ മുനീര്‍ നടത്തിയ പ്രസംഗം സാംസ്‌കാരിക കേരളത്തിന് അങ്ങേയറ്റം നാണക്കേടുണ്ടാക്കുന്നതാണ്. കേരളം ഈ രാജ്യത്തിനാകെ മാതൃകയായ നാടാണ്. ആ നേട്ടങ്ങള്‍ക്കെല്ലാം കോട്ടംതട്ടുന്ന പ്രസ്താവനകള്‍ തുടര്‍ച്ചയായി മുസ്‌ലിം ലീഗിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. സ്ത്രീപദവിയുടെ രാഷ്ട്രീയത്തെ സംബന്ധിച്ച് വളരെ ഗൗരവമായി ലോകത്താകെ ചര്‍ച്ചകളും പരിഷ്‌ക്കരണങ്ങളും മാറ്റങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. ആ പരിഷ്‌ക്കരണങ്ങളെ ലീഗ് അംഗീകരിക്കുന്നില്ല. നവോത്ഥാനവും ആധുനിക സമൂഹം മുന്നോട്ടുവയ്ക്കുന്ന സ്ത്രീ-സമത്വ ആശയം ലീഗ് അംഗീകരിക്കുന്നില്ലെന്നതിന്റെ തെളിവാണ് മുനീര്‍ നടത്തിയ പ്രസ്താവന. കേരളീയ നവോത്ഥാന മുന്നേറ്റത്തെ പിന്നോട്ടടിപ്പിക്കുന്ന ഇത്തരം പ്രസ്താവനകള്‍ പിന്‍വലിച്ചു മാപ്പുപറഞ്ഞ് കേരളീയ സമൂഹത്തിനു മുന്‍പില്‍ ഏറ്റുപറയണം- സനോജ് ആവശ്യപ്പെട്ടു.

ലീഗ് എല്ലാ ഘട്ടത്തിലും സ്ത്രീകള്‍ രംഗത്ത് ഇറങ്ങുന്നതിനെതിരെ ശബ്ദമുയര്‍ത്തിയവരാണ്. അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് എന്നതിനു പകരം അരങ്ങില്‍നിന്ന് അടുക്കളയിലേക്ക് സ്ത്രീകളെ നയിക്കണം എന്നു പറയുന്നവരാണ് മിക്ക നേതാക്കളും.

ലീഗിന്റെ നയം തന്നെ അങ്ങനെയാണ്. അതുകൊണ്ടുതന്നെ ലീഗിന്റെ ഭാഗമായി നിന്നിരുന്ന വലിയൊരു വിഭാഗം ആളുകള്‍ അവരെ കൈയൊഴിയുകയാണ്. കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ലീഗിന് സ്വാധീനമുണ്ടായിരുന്ന മണ്ഡലങ്ങളില്‍ അവര്‍ക്ക് വലിയ ചോര്‍ച്ചയുണ്ടായി. നേരത്തെ ലീഗ് മതാടിസ്ഥാനത്തിലായിരുന്നു മുന്നോട്ടുപോയിരുന്നത്. എന്നാല്‍, ഇപ്പോള്‍ ലീഗ് കുടുംബങ്ങളില്‍ അഭ്യസ്തവിദ്യരായ നിരവധി പേര്‍ വരുന്നു. അവരെല്ലാം ലീഗിന്റെ ഇത്തരം നീക്കത്തോട് കടുത്ത വിയോജിപ്പുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആധുനിക സമൂഹത്തില്‍ സ്ത്രീകള്‍ ഇത്തരം വേഷം ധരിക്കണം, പുറത്തിറങ്ങാന്‍ പാടില്ല എന്നു പറയുന്നതിനോട് ആര്‍ക്കും യോജിക്കാന്‍ പറ്റില്ല. കാലം ഒരുപാട് മാറിയിട്ടുണ്ട്. എന്നാല്‍, മുനീറിനും മുസ്‌ലിം ലീഗിനും അഞ്ചാം നൂറ്റാണ്ടില്‍നിന്നും ആറാം നൂറ്റാണ്ടില്‍നിന്നും 21ാം നൂറ്റാണ്ടിലേക്ക് വണ്ടി കിട്ടിയിട്ടില്ല. അവര്‍ ഇപ്പോഴും വണ്ടി കിട്ടാതെ കാത്തിരിക്കുകയാണെന്നും വി കെ സനോജ് കുറ്റപ്പെടുത്തി.

Tags:    

Similar News