സിപിഎം സെമിനാര്‍: ലീഗിന്റെ കാര്യത്തില്‍ ഒരുതരത്തിലുള്ള വ്യാമോഹവും ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി
തിരുവന്തപുരം: മുസ് ലിം ലീഗ് നേതാവ് ആവശ്യപ്പെട്ടതിനാലാണ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ലീഗിനെ ക്ഷണിച്ചതെന്നും ഒരുതരത്തിലുള്ള വ്യാമോഹവും ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം സംഘടിപ്പിക്കുന്ന റാലിയില്‍ ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് ലീഗ് നേതാവാണ് പരസ്യമായി പറഞ്ഞത്. ആരും അങ്ങോട്ട് ആവശ്യപ്പെട്ടതല്ല. അതില്‍ സിപിഎം പ്രതികരിക്കേണ്ടതുണ്ട്. യുഡിഎഫിന്റെ കൂടെ നില്‍ക്കുന്നു എന്നതിനാല്‍ തന്നെ ഇക്കാര്യം നടപ്പിലാക്കാന്‍ പ്രയാസമുള്ള കാര്യമാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. കേരളത്തില്‍ യുഡിഎഫിന്റെ അടിസ്ഥാനം മുസ് ലിം ലീഗാണ്. അതിനാല്‍തന്നെ ഒരുതരത്തിലുള്ള വ്യാമോഹവും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. എന്നാല്‍ ചോദ്യം പൊതുസമൂഹത്തിന് മുമ്പില്‍ നില്‍ക്കുകയാണ്. അതിന്റെ ഭാഗമായാണ് പരിപാടിയിലേക്ക് ലീഗിനെ കൂടി ക്ഷണിക്കുന്നത്. ക്ഷണം ലഭിച്ചപ്പോള്‍ അത് പാര്‍ട്ടിയുടെ പ്രശ്‌നമായി വരികയും അത് ആലോചിക്കേണ്ടതായും വന്നു. യുഡിഎഫിന്റെ നിലവച്ച് അവര്‍ക്ക് അതില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് തീരുമാനിച്ചു. ഇതാണുണ്ടായത്. അതില്‍ ആശ്ചര്യകരമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുസ് ലിം ലീഗിന്റെ നേതൃത്വത്തില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു എന്നത് നല്ല കാര്യമാണ്. രാജ്യത്ത് ഫലസ്തീന്‍ അനുകൂല നിലപാട് ശക്തിപ്പെട്ടുവരുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് നിലപാട് വേദനാജനകമാണ്. ഫലസ്തീനെ പിന്താങ്ങുന്നു എന്ന് പറയുന്നത് ഏതെങ്കിലും തീവ്രവാദപ്രസ്ഥാനത്തെ പിന്താങ്ങുന്നതുപോലെയാണോ?. ഫലസ്തീന്‍ ജനതയെ പിന്താങ്ങുന്ന നടപടി സ്വാഭാവികമായി ഉണ്ടാവേണ്ടതാണ്. കോണ്‍ഗ്രസിന്റെ നിലപാട് മനോവേദനയോടെയാണ് കാണേണ്ടത്. ഇത്രമാത്രം അധഃപതിക്കാന്‍ പാടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഫലസ്തീന്‍ അനുകൂല പരിപാടി നടത്തിയതിന്റെ പേരില്‍ ആര്യാടന്‍ ഷൗക്കത്തിനോട് വിശദീകരണം ചോദിച്ചതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അങ്ങനെയൊരു കാര്യത്തില്‍ വിശദീകരണം ചോദിക്കുന്നു എന്നത് ചിന്തിക്കാന്‍ സാധിക്കുന്ന കാര്യമാണോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. ആര്യാടന്‍ ഷൗക്കത്തിനെ പാര്‍ട്ടിയില്‍ എത്തിക്കുമോ എന്ന ചോദ്യത്തിന്, എന്തെങ്കിലും കാര്യം ഉണ്ടാവുമ്പോള്‍തന്നെ ആള് ഇങ്ങ് വരുമോ എന്നാണ് നോക്കുന്നത്. അങ്ങനെ ഏതെങ്കിലും ഭാഗത്തുനിന്ന് ഓരോരുത്തരെ കിട്ടുമോ എന്ന് നോക്കിനടക്കുന്ന ഗതികെട്ട പ്രസ്ഥാനമല്ല സിപിഎം. അങ്ങനെ ചിന്തിക്കേണ്ട കാര്യമില്ല. പലരും വരുന്നുണ്ട്, എന്നാല്‍ അതുവേറെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുടേത് അമേരിക്കയെ പ്രീണിപ്പിക്കുന്ന നിലപാടാണ്. അമേരിക്കയുടെ താല്‍പര്യമനുസരിച്ചാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.