ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ചോദ്യംചെയ്യലിനായി ഹാജരായ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. എട്ട് മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലിനൊടുവിലാണ് സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉപമുഖ്യമന്ത്രി പദവി വഹിക്കുന്ന വ്യക്തി ആയതിനാല്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ച ശേഷമാണ് സിസോദിയയെ അറസ്റ്റ് ചെയ്തത്. രാത്രി 7:15നാണ് സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സിബിഐ ഓഫിസിന് സമീപത്തുള്ള മേഖലയില്‍ സംഘം ചേരുന്നത് തടയാനായി 144 പ്രഖ്യാപിച്ചു.
എഎപി പ്രവര്‍ത്തകരുടെ അകമ്പടിയിലാണ് ഇന്ന് രാവിലെ സിസോദിയ സിബിഐ ആസ്ഥാനത്തെത്തിയത്. അന്വേഷണവുമായി സഹകരിക്കുമെന്നും ജയിലില്‍ പോവാന്‍ മടിയില്ലെന്നും സിസോദിയ വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷം സിസോദിയയെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് നേരത്തതന്നെ സൂചന ലഭിച്ചിരുന്നു. രാജ്ഘട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു സിസോദിയ സിബിഐ ആസ്ഥാനത്തെത്തിയത്.